ശബ്ദമില്ലാത്തവരുടെ ശബ്ദമായി ‘ദയ’
കഴിഞ്ഞ 22 വര്‍ഷങ്ങളായി കേരളത്തിലെ മൃഗാവകാശ പ്രവര്‍ത്തന രംഗത്തെ സജീവ സാന്നിധ്യമാണ് ദയ. ദമ്പതിമാരായ അമ്പിളി പുരയ്ക്കല്‍, രമേശ് പുളിക്കന്‍ എന്നിവര്‍ നേതൃത്വം നല്‍കുന്ന ദയ ഇതിനോടകം ചികിത്സയും സംരക്ഷണവും നല്‍കിയിരിക്കുന്നത് പതിനായിരക്കണക്കിന് മൃഗങ്ങള്‍ക്കാണ്
— ലക്ഷ്മി എന്‍ കര്‍ത്ത
ചില വ്യക്തികള്‍ വിധിയുടെ നിയോഗമെന്നപോലെയാണ് സേവനരംഗത്തേക്കെത്തുന്നത്. അത്തരത്തില്‍ മൃഗാവകാശ-സംരക്ഷണ രംഗത്തേക്ക് എത്തിയവരാണ് മാധ്യമപ്രവര്‍ത്തകരായ അമ്പിളി പുരയ്ക്കലും രമേശ് പുളിക്കനും. മൂവാറ്റുപുഴ സ്വദേശികളായ ഇരുവരും തങ്ങളുടെ ദാമ്പത്യവും സാമൂഹികപ്രവര്‍ത്തനവും ആരംഭിച്ചത് ഏകദേശം ഒരേ കാലഘട്ടത്തിലാണ്. സമാന്തര ചിന്താഗതിയുള്ളവര്‍ ഒരേ പാതയില്‍ സഞ്ചരിക്കുമെന്നാണല്ലോ, ചെറുപ്പം മുതല്‍ക്ക് മിണ്ടാപ്രാണികളോടുള്ള താല്പര്യമാണ് അമ്പിളിയെയും രമേശ് പുളിക്കനേയും ജീവിതത്തിലും കര്‍മ്മ രംഗത്തും ഒന്നിപ്പിച്ചത്. മൂവാറ്റുപുഴയിലെ പ്രശസ്തമായ ഒരു ക്ഷേത്രത്തിലെ അമ്പലക്കാളയുടെ സംരക്ഷണവുമായി ബന്ധപ്പെട്ടാണ് ദയ അനിമല്‍ വെല്‍ഫെയര്‍ ഓര്‍ഗനൈസേഷന്‍ എന്ന സംഘടന രൂപം കൊള്ളുന്നത്. ശബ്ദമില്ലാത്തവരുടെ ശബ്ദമാകാനാകുള്ള ആ തീരുമാനം ഇരുവരുടെയും വ്യക്തി ജീവിതത്തിലും സാമൂഹിക ജീവിതത്തിലും ഉണ്ടാക്കിയ ചലനങ്ങള്‍ ചെറുതല്ല. ചെറുത്ത് നില്‍പ്പുകള്‍ക്ക് മുന്നില്‍ തളരാനും വിട്ട് കൊടുക്കാനും മനസ്സില്ലാതെ മുന്നേറിയ ദയയുടെ പ്രവര്‍ത്തനങ്ങള്‍ അവിടെ നിന്നും ആരംഭിക്കുകയായിരുന്നു.
മൃഗങ്ങള്‍ക്കുമുണ്ട് അവകാശങ്ങള്‍
ഭൂമിയുടെ ഏകാധിപത്യ ഭരണം മനുഷ്യന്‍ ഏറ്റെടുത്തിട്ട് കാലങ്ങളായി. എന്നാല്‍, സഹജീവി സ്നേഹം, സഹവര്‍ത്തിത്വം എന്നിവ പൂര്‍ണമായും ഇല്ലാതാകുന്നതോടെ ഭൂമി വാസ യോഗ്യമല്ലാതെയാകും എന്നാണ് ദയ വിലയിരുത്തുന്നത്. മനുഷ്യനെ പോലെ തന്നെ, ഭൂമിയിലെ ഓരോ ജീവജാലങ്ങള്‍ക്കും നല്ല രീതിയില്‍ ജീവിച്ചു മരിക്കാനുള്ള അവകാശമുണ്ട്. എന്നാല്‍ മനുഷ്യരെ പോലെ മൃഗങ്ങള്‍ക്ക് തങ്ങളുടെ അവകാശത്തെക്കുറിച്ച് സംസാരിക്കാനും ശബ്ദമുയര്‍ത്തനാറും കഴിയില്ല. ആ തിരിച്ചറിവില്‍ നിന്നുകൊണ്ടാണ് ശബ്ദമില്ലാത്തവരുടെ ശബ്ദമാകാന്‍ ദയ പോലൊരു സംഘടന രൂപീകരിച്ചത്. കേരളത്തിന്‍റെ അനിമല്‍ വെല്‍ഫെയര്‍ രംഗത്തിന് ഒരു മാറ്റം കൊണ്ട് വന്ന സംഘടനയാണ് ദയ. 22 വര്‍ഷങ്ങള്‍ക്ക് മുന്‍പ്, അതായത് മൃഗാവകാശ പ്രവര്‍ത്തനമെന്ന മേഖലയെപ്പറ്റി ആളുകള്‍ ചിന്തിച്ചു തുടങ്ങുന്നതിനും മുന്‍പ് രൂപമെടുത്ത ദയ ഇന്ന് കേരളത്തില്‍ സജീവമായിരിക്കുന്ന നിരവധി മൃഗസംരക്ഷണ സംഘടനകള്‍ക്ക് ഒരു മാതൃകയായിരുന്നു. ദയയുടെ പ്രവര്‍ത്തങ്ങള്‍ കണ്ടും വിലയിരുത്തിയും ഈ മേഖലയിലേക്ക് വന്നവര്‍ നിരവധിയാണ്.
തെരുവില്‍ നിന്നും നായ്ക്കളെയും മറ്റ് അലഞ്ഞു തിരിയുന്ന മൃഗങ്ങളെയും എടുത്ത് മാറ്റി ഷെല്‍ട്ടര്‍ ഹോമുകളില്‍ പാര്‍പ്പിക്കുക എന്നതല്ല, മൃഗസംരക്ഷണ രംഗത്ത് ദയ കണ്ട സ്വപ്നം. റെസ്ക്യൂ, റിലീഫ്, റീഹാബിലിറ്റേറ്റ് എന്നതാണ് ദയയുടെ പോളിസി. മൃഗങ്ങളുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതോടൊപ്പം മൃഗങ്ങളെ ചൂഷണം ചെയ്യുകയും അവകാശ ലംഘനം നടത്തുകയും ചെയ്യുന്ന വ്യക്തികള്‍ക്കും സംഘടനകള്‍ക്കും എതിരെ നിയമപരമായി ഏതറ്റം വരെയും ദയയുടെ ലീഗല്‍ സെല്‍ പോകും.
ഏതാനും വര്‍ഷങ്ങള്‍ക്ക് മുന്‍പ്, ഇടമലയാര്‍ ഡാമില്‍ കാലിന് പരിക്കേറ്റ ഒരു ആനക്കുട്ടി കാണപ്പെട്ടു. എന്നാല്‍ ആനക്കുട്ടിയെ രക്ഷിക്കുന്നതിനായി സര്‍ക്കാര്‍ വേണ്ടത്ര സംവിധാനങ്ങള്‍ വിനിയോഗിക്കാത്തതിനെ തുടര്‍ന്ന് ആനക്കുട്ടി ചെരിഞ്ഞു. ഈ കേസില്‍ വനം വകുപ്പിന്‍റെ അനാസ്ഥ ചൂണ്ടിക്കാണിച്ചുകൊണ്ട് ദയ നടത്തിയ നിയമയുദ്ധം ഏറെ ശ്രദ്ധേയമാണ്. സ്വകാര്യ സ്വത്തിന്‍റെ അവസാനഭാഗവും വിറ്റിട്ടാണ് ദയയുടെ സ്ഥാപക അംഗവും വോളന്‍റിയറുമായ അമ്പിളി പുരയ്ക്കല്‍ കേസുമായി മുന്നോട്ട് പോയത്. നീതി മനുഷ്യന് മാത്രമല്ല, മൃഗങ്ങള്‍ക്കും അവകാശപ്പെട്ടതാണെന്ന് തെളിയിക്കുന്നതാണ് ദയയുടെ ഇത്തരം ഇടപെടലുകള്‍.
അമ്പിളി പുരയ്ക്കല്‍ കഥ പറയുന്നു…..
‘തീര്‍ത്തും അവിചാരിതമായാണ് മൃഗങ്ങള്‍ക്ക് വേണ്ടി ഒരു സംഘടന സ്ഥാപിക്കുന്നതും പിന്നീട് അത് ജീവിതത്തിന്‍റെ ഭാഗമായി മാറുന്നതും. ചെറുപ്പം മുതല്‍ക്ക് അപകടം പറ്റി കിടക്കുന്ന നായ്ക്കളെയും പൂച്ചകളെയുമെല്ലാം സംരക്ഷിക്കുക, അവയെ എടുത്ത് ആശുപത്രിയില്‍ കൊണ്ട് പോകുക തുടങ്ങിയ കാര്യങ്ങളെല്ലാം ചെയ്യാറുണ്ടായിരുന്നു. എന്‍റെ ഓര്‍മയില്‍ ഒന്‍പതാം ക്ലാസില്‍ പഠിക്കുമ്പോഴാണ് ഞാന്‍ അപകടത്തില്‍പെട്ട ഒരു പൂച്ചയുമായി ആദ്യമായി ഒരു മൃഗാശുപത്രിയില്‍ കയറുന്നത്. അതൊരു തുടക്കമായിരുന്നു. ഇപ്പോള്‍ ജീവിതത്തിന്‍റെ ഏറിയ പങ്കും മൃഗാശുപത്രികളില്‍ തന്നെയാണ്. പല സാഹചര്യത്തില്‍ അപകടത്തില്‍പെട്ടതും മനുഷ്യര്‍ അപകടത്തില്‍ പെടുത്തിയതുമായ മൃഗങ്ങള്‍ക്ക് രക്ഷ നല്‍കാന്‍ കഴിഞ്ഞിട്ടുണ്ടെന്നത് വ്യക്തിപരമായി ഏറെ സന്തോഷം നല്‍കുന്ന കാര്യമാണ്. ആഴമുള്ള കിണറ്റില്‍ വീണു പോയ നായ, പൊട്ടകിണറ്റില്‍ അകപ്പെട്ട പൂച്ച ഇത്തത്തിലുള്ള നൂറുകണക്കിന് കേസുകള്‍ ഇക്കാലയളവില്‍ കൈകാര്യം ചെയ്തിട്ടുണ്ട്. ഇവയെ രക്ഷപ്പെടുത്തുന്നതിനായി പരിശീലനം ലഭിച്ച ഫയര്‍ ഫോഴ്സില്‍ നിന്ന് പോലും ഒരു സഹായവും ലഭിക്കാറില്ല എന്നതാണ് ഖേദകരം. രമേശ് പുളിക്കന്‍ മാസ്റ്റര്‍ അനിമല്‍ ഹാന്‍ഡ്ലര്‍ ആണ്. പലപ്രതികൂല സാഹചര്യങ്ങളും വക വയ്ക്കാതെ അദ്ദേഹം നടത്തിയ രക്ഷാപ്രവര്‍ത്തനങ്ങള്‍ ദയയുടെ കരുത്താണ്.
എന്നാല്‍ ദയ പോലൊരു സംഘടന രൂപീകരിക്കുമ്പോള്‍ ഞങ്ങള്‍ സ്വപ്നം കണ്ട പല കാര്യങ്ങളും മൃഗാവകാശ സംരക്ഷണ രംഗത്ത് ഞങ്ങള്‍ക്ക് ചെയ്ത് തീര്‍ക്കാന്‍ സാധിച്ചിട്ടില്ല. നിയമങ്ങള്‍ നിയമങ്ങളായി തന്നെ അവശേഷിക്കുന്നതും സര്‍ക്കാര്‍ തല സംവിധാനങ്ങള്‍ മൃഗ സംരക്ഷണ, പരിപാലന നിയമങ്ങള്‍ക്ക് മുന്നില്‍ നോക്കുകുത്തിയായി മാറുന്നതുമാണ് കേരളത്തിന്‍റെ അനിമല്‍ വെല്‍ഫെയര്‍ രംഗത്തിന്‍റെ ശാപം. ജനങ്ങള്‍ക്ക് മൃഗസംരക്ഷണം, മൃഗങ്ങളുടെ അവകാശം, മൃഗസംരക്ഷണത്തില്‍ സര്‍ക്കാര്‍ ചെയ്യേണ്ട കാര്യങ്ങള്‍ എന്നിവയെക്കുറിച്ചൊന്നും വ്യക്തമായ ധാരണയില്ല. ഈ അറിവില്ലായ്മയാണ് കേരളത്തില്‍ തെരുവ് നായ്ക്കളുടെ എണ്ണം വര്‍ധിക്കുവാനും ദയ പോലുള്ള മൃഗാവകാശ സംരക്ഷണ സംഘടനകള്‍ തെരുവ് നായ്ക്കളുടെ സംരക്ഷണത്തിലേക്ക് തിരിയാനുമുള്ള പ്രധാന കാരണം.
നൂറിലേറെ നായ്ക്കള്‍ക്കൊപ്പം ജീവിതം
ദയയുടെ വിവിധങ്ങളായ റിലീഫ് സെന്‍ററുകളിലായി 102 നായ്ക്കളെയാണ് നിലവില്‍ സംരക്ഷിക്കുന്നത്. ദയയുടെ ഹെഡ് ക്വാര്‍ട്ടേഴ്സും അമ്പിളി പുരയ്ക്കലിന്‍റെ വീടുമായ മൂവാറ്റുപുഴയിലെ വാല്മീകത്തില്‍ 70 നായ്ക്കളെ പരിപാലിക്കുന്നു. ഇതില്‍ 80 ശതമാനം പട്ടികളെയും തെരുവില്‍ നിന്നും രക്ഷിച്ചവയാണ്. ചികിത്സ നല്‍കിയ ശേഷം വീണ്ടും തെരുവിലേക്ക് വിടാതെ സംരക്ഷിക്കപ്പെടുന്ന ഇവയ്ക്ക് ദയയുടെ അഭ്യുദയകാംഷികള്‍ നല്‍കുന്ന സഹായം കൊണ്ടാണ് മികച്ച ചികിത്സയും ഭക്ഷണവും നല്‍കുന്നത്. ഇവയ്ക്കുള്ള ഭക്ഷണം ഒരുക്കുക, വിളമ്പുക, പരിസരം വൃത്തിയാക്കുക തുടങ്ങിയ കാര്യങ്ങളെല്ലാം തന്നെ അമ്പിളിയും രമേശ് പുളിക്കനും ചേര്‍ന്നാണ് ചെയ്യുന്നത്. 2018 ലെ വെള്ളപ്പൊക്കത്തില്‍ മൂവാറ്റുപുഴയാറിന്‍റെ തീരത്തുള്ള വാല്മീകം മുഴുവനായി വെള്ളത്തില്‍ മുങ്ങിയപ്പോള്‍, തന്നെ രക്ഷിക്കാനായി എത്തിയവരോട് താന്‍ അഭയം നല്‍കിയിരിക്കുന്ന നായ്ക്കളെ വെള്ളത്തിലാക്കി തനിക്ക് രക്ഷപ്പെടേണ്ടെന്നു പറഞ് അന്തേവാസികളായ 23 നായ്ക്കളുമായി വെള്ളം ഇറങ്ങുന്നത് വരെ രണ്ടാം നിലയുടെ ടെറസില്‍ അമ്പിളി സകുടുംബം കഴിച്ചു കൂട്ടി.
ദിവസവും നൂറുകണക്കിന് കോളുകളും മെസ്സേജുകളുമാണ് മൃഗസംരക്ഷണവുമായി ബന്ധപ്പെട്ടു ദയയിലേക്ക് എത്തുന്നത്. റിലീഫ് സെന്‍ററിലെ നായ്ക്കളുടെ പരിചരണത്തിന് പുറമെയാണ് ലഭിക്കുന്ന സന്ദേശങ്ങള്‍ക്ക് അനുസരിച്ച് രക്ഷാപ്രവര്‍ത്തനത്തിനായുള്ള യാത്രകള്‍. ദയയിലെ ഏറ്റവും മുതിര്‍ന്ന അന്നത്തെ വാസിയായ നായ ശ്രീക്കുട്ടിക്ക് ഇപ്പോള്‍ 17 വയസ്സാണ് പ്രായം. മനുഷ്യന്‍റെ ആയുസുമായി തട്ടിച്ചു നോക്കുമ്പോള്‍ ഏകദേശം 110 വയസ്. ദയയുടെ പരിപാലനത്തിന്‍റെ മികവാണ് ഇത് വെളിവാക്കുന്നത്. ഇതിന് പുറമേ അഡോപ്ഷനുകള്‍ പ്രോത്സാഹിപ്പിക്കുകയും നാടന്‍ നായ്ക്കളെ സംരക്ഷിക്കുന്നവര്‍ക്ക് അവര്‍ക്കായുള്ള ചികിത്സാ സഹായം, ഭക്ഷണം എന്നിവ എത്തിച്ചു നല്‍കുകയും ചെയ്യുന്നു.
എന്ത് കൊണ്ട് തെരുവ് നായ ശല്യം?
ഇന്ന് കേരളം നേരിടുന്ന ഏറ്റവും വലിയൊരു പ്രശ്നമാണ് തെരുവ് നായ്ക്കളുടെ ക്രമാധീതമായ വര്‍ധനവ്. ഈ രംഗത്ത് പ്രവര്‍ത്തിക്കുന്ന, തെരുവ് നായ്ക്കള്‍ക്ക് ചികിത്സയും സംരക്ഷണവും നല്‍കുന്ന ഒരു സംഘടന എന്ന നിലക്ക് ഈ പ്രശ്നത്തെ അതീവ ഗൗരവത്തോട് കൂടിതന്നെയാണ് ദയ കാണുന്നത്. നായ്ക്കളെ ഇല്ലാതാക്കുക എന്നതല്ല ഇതിനുള്ള ശാസ്ത്രീയ പ്രതിവിധിയെന്നും വന്ധ്യംകരണമാണ് (എബിസി – അനിമല്‍ ബെര്‍ത്ത് കണ്‍ട്രോള്‍) മികച്ച മാര്‍ഗമെന്നും ഈ രംഗത്തെ വിജയ മാതൃകകള്‍ മുന്‍നിര്‍ത്തി ദയ പറയുന്നു. എന്നാല്‍ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലൂടെ തെരുവ് നായ വന്ധ്യംകരണമെന്ന ലക്ഷ്യം മുന്നോട് വച്ച സര്‍ക്കാര്‍ അതിന്‍റെ നടത്തിപ്പിന് വേണ്ടത്ര ശ്രദ്ധ നല്‍കിയില്ല.
രാജ്യമൊട്ടാകെ തെരുവ്നായ്ക്കളെ നിയന്ത്രിക്കുന്നതിനുള്ള എബിസി പദ്ധതിക്ക് തുടക്കമിട്ട് 2001 ല്‍ കേന്ദ്രനിയമം നിലവില്‍ വന്നു. അന്ന് മുതല്‍ ദയ പോലുള്ള സംഘടനകള്‍ ഇതിനെ പ്രോത്സാഹിപ്പിക്കുന്നുണ്ട്. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ വഴി തെരുവ് നായ്ക്കളെ ഡോഗ് കാച്ചറുടെ സഹായത്തോടെ പിടിച്ച്, വന്ധ്യംകരിച്ച്, പേ വിഷബാധയ്ക്ക് എതിരെയുള്ള വാക്സിനെടുത്ത ശേഷം പെണ്‍നായ്ക്കളെ 5 ദിവസത്തിന് ശേഷവും ആണ്‍ നായ്ക്കളെ 3 ദിവസത്തിന് ശേഷവും പിടിച്ചെടുത്ത സ്ഥലത്ത് തന്നെ തിരികെ വിടുക എന്നതായിരുന്നു എബിസി പദ്ധതിയിലൂടെ വിഭാവനം ചെയ്തത്. ഇത്തരത്തില്‍ വന്ധ്യംകരിച്ചു പിടിച്ചെടുത്ത സ്ഥലത്ത് തുറന്നു വിടുന്ന നായ്ക്കളില്‍ ആക്രമണ സ്വഭാവം കുറയുന്നതായും അവര്‍ പ്രസ്തുത ഏരിയയില്‍ കമ്മ്യൂണിറ്റി ഡോഗ് ആയി ശിഷ്ടകാലം കഴിയുകയും ചെയ്യുന്നു. ഒരു തെരുവ് നായയുടെ ശരാശരി ആയുസ് 7 മുതല്‍ 9 വര്‍ഷം വരെയാണ് എന്നിരിക്കെ നായ്ക്കളുടെ വര്‍ദ്ധനവ് ക്രമേണ കുറയുന്നു വന്ധീകരിക്കപ്പെടാത്ത തെരുവിലെ ഒരു പെണ്‍നായ അതിന്‍റെ ജീവിത കാലത്ത് നൂറോളം നായ്ക്കള്‍ക്ക് ജന്മം നല്‍കുന്നു എന്നാണ് കണക്ക്.
ഓരോവര്‍ഷവും തദ്ദേശസ്വയംഭരണസ്ഥാപനങ്ങള്‍ തങ്ങളുടെ വാര്‍ഷിക ബഡ്ജറ്റില്‍ ഒരു നിശ്ചിത തുക പ്രദേശത്തെ തെരുവ്നായ്ക്കളുടെ വന്ധ്യംകരണത്തിനായി നീക്കിവയ്ക്കണമെന്നാണ് നിയമം. തെരുവ് നായ്ക്കളുടെ എണ്ണം കൃത്യമായി രേഖപ്പെടുത്തിയശേഷമാണ് ബഡ്ജറ്റ് വകയിരുത്തേണ്ടത്. എന്നാല്‍ കോഴിക്കോട് കോര്‍പ്പറേഷന്‍, മലപ്പുറം ജില്ലയിലെ ഏതാനും പഞ്ചായത്തുകള്‍ എന്നിവിടങ്ങളില്‍ ഒഴികെ മറ്റെല്ലാ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലും എബിസി നടത്തിപ്പിനായി തുക വകയിരുത്തുന്നത് ഒരു ചടങ്ങു മാത്രമായി മാറുകയാണ്. എബിസി പദ്ധതിയുടെ ഗുണം മനസിലാക്കാന്‍ തദ്ദേശഭരണ സ്ഥാപനങ്ങളുടെ അധികാരികള്‍ക്ക് കഴിഞ്ഞില്ല എന്നതും സംസ്ഥാന സര്‍ക്കാര്‍ ഇക്കാര്യത്തില്‍ കൃത്യമായ മോണിറ്ററിംഗ് കഴിഞ്ഞ രണ്ട് പതിറ്റാണ്ടുകാലം നടത്തിയില്ല എന്നതുമാണ് പദ്ധതി പരാജയപ്പെടാനുള്ള മൂലകാരണം. കൃത്യമായി പദ്ധതി നടപ്പിലാക്കുകയാണെങ്കില്‍ അടുത്ത രണ്ട് മൂന്ന് വര്‍ഷത്തിനുള്ളില്‍ ഈ തെരുവ് നായ പ്രശ്നം സമാധാനപരമായി പരിഹരിക്കാന്‍ കഴിയും-അമ്പിളി പുരയ്ക്കല്‍ പറയുന്നു
തെരുവ്നായ്ക്കളുടെ സ്വാഭാവിക വര്‍ദ്ധനവ് പോലെ പ്രശ്നം സൃഷ്ടിക്കുന്ന ഒന്നാണ് ബ്രീഡ് വളര്‍ത്തുനായ്ക്കളെ വളര്‍ത്തി മടുക്കുമ്പോള്‍ തെരുവിലേക്ക് ഇറക്കിവിടുന്ന പ്രവണത. സ്വയം ഭക്ഷണം തേടി കണ്ടെത്താന്‍ കഴിവില്ലാത്ത ഈ നായ്ക്കള്‍ അക്രമസ്കതരാകുന്നത് സ്വാഭാവികം. ഇത് തടയുന്നത്തിനായി ലൈസന്‍സ് സംവിധാനം, ചിപ്പ് പിടിപ്പിക്കല്‍ എന്നിവയാണ് പ്രായോഗികമായ പോംവഴി. നിലവിലെ ലൈസന്‍സ് സംവിധാനം ഫലപ്രദമല്ല.
അനിമല്‍ വെല്‍ഫെയര്‍ സമൂഹത്തിന് വേണ്ടി
ദയപോലുള്ള സംഘടനകളും അവയിലെ പ്രവര്‍ത്തകരും തെരുവ് നായ്ക്കളുടെയും മറ്റ് ജീവികളുടെയും സംരക്ഷണത്തെപ്പറ്റി പറയുമ്പോള്‍ പരിഹാസത്തോടെ നോക്കി കാണുന്ന, പട്ടിപ്രേമികളുടെ കൂട്ടമായി സംഘടനയുടെ പ്രവര്‍ത്തനങ്ങളെ കാണുന്നവര്‍ നിരവധിയാണ്. ഇത്തരക്കാരോട് എനിക്ക് പറയാനുള്ളത് ഇതാണ്, മൃഗസംരക്ഷണ പ്രവര്‍ത്തനം എന്നാല്‍ സമൂഹത്തിനും ജനങ്ങള്‍ക്കും വേണ്ടിയുള്ള പ്രവര്‍ത്തനമാണ്. ഒരു തെരുവ് നായയെ സംരക്ഷിക്കുമ്പോള്‍, പേ വിഷബാധയ്ക്ക് എതിരായ കുത്തിവയ്പ്പ് നല്‍കുമ്പോള്‍, വന്ധീകരിക്കുമ്പോള്‍ എല്ലാം സംരക്ഷിക്കപ്പെടുന്നത് മനുഷ്യന്‍റെ സാമൂഹിക ജീവിതവും സ്വൈര്യ വിഹാരവും തന്നെയാണ്. എന്നാല്‍ പലര്‍ക്കും ഇത് മനസിലാകാതെ പോകുന്നു. മൃഗസംരക്ഷണ നിയമങ്ങള്‍, മൃഗപരിപാലനം, മൃഗങ്ങളെ കൈകാര്യം ചെയ്യേണ്ട രീതി എന്നിവയെക്കുറിച്ചൊന്നും ജനങ്ങള്‍ക്ക് യാതൊരു ധാരണയും ഇല്ലാത്തതാണ് പ്രശ്നങ്ങള്‍ക്കുള്ള പ്രധാന കാരണം. വിദേശ രാജ്യങ്ങളിലുള്ളത് പോലെ, കോര്‍പ്പറേറ്റുകള്‍ക്ക് അവരുടെ സിഎസ്ആര്‍ ഫണ്ടിന്‍റെ ഒരു ഭാഗം അനിമല്‍ ഫെല്‍ഫെയര്‍ പ്രവര്‍ത്തനങ്ങള്‍ക്കായി വിനിയോഗിച്ചു ജനങ്ങള്‍ക്ക് മാതൃകയാക്കാവുന്നതാണ്. അത്തരത്തിലുള്ള സ്ഥാപനങ്ങള്‍ കേരളത്തിലുണ്ടാകണം എന്നതാണ് ഞങ്ങളുടെ ആഗ്രഹം. ” അമ്പിളി പുരയ്ക്കല്‍ പറയുന്നു.