കുസാറ്റില്‍ ജിയോജിത് കുസാറ്റ് സെന്റര്‍ ഓഫ് സസ്‌റ്റൈനബിലിറ്റി സെന്റര്‍
കൊച്ചി: കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാലയില്‍ നിക്ഷേപ സേവന കമ്പനിയായ ജിയോജിത് ഫിനാന്‍ഷ്യല്‍ സര്‍വീസസ് ലിമിറ്റഡിന്റെ സഹകരണത്തോടെ എക്‌സലന്‍സ് ഇന്‍ സസ്‌റ്റൈനബിലിറ്റി സെന്റര്‍ സ്ഥാപിക്കാന്‍ സര്‍വകലാശാല സിന്‍ഡിക്കേറ്റില്‍ തീരുമാനമായി. ജിയോജിത് കുസാറ്റ് സെന്റര്‍ ഓഫ് സസ്‌റ്റൈനബിലിറ്റി സെന്റര്‍ (ജിസിസിഒഎസ്എസ്) എന്ന പേരില്‍ആരംഭിക്കുന്ന സെന്റര്‍ കേരളത്തിലെ ഏറ്റവും വലിയ വ്യവസായഅക്കാദമിക് പങ്കാളിത്തസംരംഭങ്ങളിലൊന്നാണ്.
ജിയോജിത്തിന്റെ സിഎസ്ആര്‍ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി, സമൂഹത്തിലെ ഏറ്റവും ദുര്‍ബലമായ കണ്ണികളെ ശക്തിപ്പെടുത്തുന്നതിനും, വളര്‍ച്ചയുടെയും വികസനത്തിന്റെയും വഴിയിലേക്ക്് അവരെ ആകര്‍ഷിക്കുന്നതിനായി വിഭവങ്ങള്‍ ഉപയോഗിക്കാനും, ജനങ്ങളുടെ ക്ഷേമത്തിനും സുസ്ഥിരതയ്ക്കും ശാക്തീകരണത്തിനും സുസ്ഥിര സാമ്പത്തിക ലാഭത്തിനും വേിയുള്ള പ്രവര്‍ത്തനങ്ങളാണ് കേന്ദ്രം ഏറ്റെടുത്ത് നടത്തുക. നാല് വര്‍ഷ കാലയളവില്‍ 5 കോടി രൂപയാണ് എന്‍ഡോവ്‌മെന്റായി ജിയോജിത് സെന്ററിനായി നല്‍കുക. ഗവേഷണം, അക്കാഡമിക്‌സ്, കണ്‍സള്‍ട്ടിംഗ്, കപ്പാസിറ്റി ബില്‍ഡിങ്, ഇന്നൊവേഷന്‍, സര്‍ട്ടിഫിക്കേഷന്‍ എന്നിങ്ങനെ ആറ് മേഖലകളില്‍ സെന്റര്‍ ശ്രദ്ധ കേന്ദ്രീകരിക്കും. മികച്ച ഗവേഷണ ഫലങ്ങള്‍, അക്കാദമിക് ഉന്നമനം, സാങ്കേതിക കണ്ടുപിടിത്തങ്ങള്‍ എന്നിവ സൃഷ്ടിക്കുന്നതിനായി ആഗോള സഹകരണങ്ങളില്‍ ഏര്‍പ്പെടുന്ന, ഉയര്‍ന്ന നിലവാരമുള്ള ശാസ്ത്രജ്ഞരെയും സംരംഭകരെയും സൃഷ്ടിക്കുന്ന ഒരു കേന്ദ്രമായി ഇത് പ്രവര്‍ത്തിക്കും. കാലാവസ്ഥാ വ്യതിയാനം, സമ്പദ്വ്യവസ്ഥ, സുസ്ഥിര വിതരണ ശൃംഖല തുടങ്ങിയ വിഷയങ്ങളില്‍ സാങ്കേതികവും ശാസ്ത്രപരവുമായ വകുപ്പുകളുടെ പിന്തുണയോടെ സുസ്ഥിരതയോടെയുള്ള പ്രത്യേക കോഴ്‌സുകള്‍ വികസിപ്പിക്കാനും നടപ്പിലാക്കാനും ജിസിസിഒഎസ്എസ് ഉദ്ദേശിക്കുന്നു. അത്തരം സാങ്കേതികവിദ്യകള്‍ക്കും ബിസിനസ്സ് മോഡലുകള്‍ക്കുമായി ഒരു ഇന്നൊവേഷന്‍ ഹബ്ബിന്റെ പങ്ക് കൂടി ഈ കേന്ദ്രം വഹിക്കും. തേര്‍ഡ് പാര്‍ട്ടി സര്‍ട്ടിഫിക്കേഷനുകള്‍ നല്‍കുന്നതിന് സ്റ്റാന്‍ഡേര്‍ഡ് സെറ്റിംഗ് ബോഡികളുമായി സഹകരിച്ച് സ്വതന്ത്ര റേറ്റിംഗ് സംവിധാനങ്ങളും സെന്ററില്‍ സ്ഥാപിക്കും.