ഗ്രീന്‍ മിഡില്‍ഈസ്റ്റ് ഉദ്യമം: സൗദി അറേബ്യയ്ക്ക് പിന്തുണ അറിയിച്ച് യുഎഇ
സൗദി കിരീടാവകാശി മുഹമദ് ബിന്‍ സല്‍മാനും അബുദാബി കിരീടാവകാശിയും യുഎഇ സായുധ സേനകളുടെ ഉപ സര്‍വ്വ സൈന്യാധിപനുമായ ഷേഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാനും ഗ്രീന്‍ മിഡില്‍ഈസ്റ്റ് ഉദ്യമത്തെ കുറിച്ച് ടെലഫോണില്‍ ചര്‍ച്ച നടത്തി
അബുദാബി: പശ്ചിമേഷ്യയില്‍ 50 ബില്യണ്‍ മരങ്ങള്‍ വെച്ച് പിടിപ്പിക്കാന്‍ ലക്ഷ്യമിടുന്ന ഗ്രീന്‍ മിഡില്‍ഈസ്റ്റ് ഉദ്യമത്തില്‍ സൗദി അറേബ്യയ്ക്ക് യുഎഇയുടെ പിന്തുണ. സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാനുമായി നടത്തിയ ടെലഫോണ്‍ സംഭാഷണത്തില്‍ അബുദാബി കിരീടാവകാശിയും യുഎഇ സായുധ സേനകളുടെ ഉപ സര്‍വ്വ സൈന്യാധിപനുമായ ഷേഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ ഉദ്യമം നടപ്പിലാക്കുന്നതിന് യുഎഇയുടെ സര്‍വ്വ പിന്തുണയും സൗദിക്ക് വാഗ്ദാനം ചെയ്തു.
ഉദ്യമത്തിന് മുന്‍കൈ എടുത്തത്തിന് മുഹമ്മദ് ബിന്‍ സല്‍മാനെ ഷേഖ് മുഹമ്മദ് ബിന്‍ സായിദ് അഭിനന്ദനമറിയിച്ചു. മേഖലയിലെ പരിസ്ഥിതി നേരിടുന്ന സാമ്പത്തികവും സാമൂഹികവുമായ വെല്ലുവിളികളെ അതിജീവിക്കുന്നതില്‍ ഉദ്യമം വലിയ പങ്കുവഹിക്കുമെന്നും ജനങ്ങളുടെ ജീവിത നിലവാരം മെച്ചപ്പെടുത്താന്‍ സഹായിക്കുമെന്നും ഷേഖ് മുഹമ്മദ് പറഞ്ഞു. ഗ്രീന്‍ മിഡില്‍ഈസ്റ്റ് ഉദ്യമത്തിന് പുറമേ ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധങ്ങളും പല മേഖലകളിലും സഹകരണം മെച്ചപ്പെടുത്തുന്നതിനുള്ള വഴികളും ചര്‍ച്ചയായി.
ഗ്രീന്‍ മിഡില്‍ഈസ്റ്റ്
കഴിഞ്ഞ ദിവസമാണ് സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ ഗ്രീന്‍ മിഡില്‍ഈസ്റ്റ് ഉദ്യമം പ്രഖ്യാപിച്ചത്. മേഖലയില്‍ നിന്നുള്ള കാര്‍ബണ്‍ പുറന്തള്ളല്‍ 60 ശതമാനത്തോളം കുറയ്ക്കുന്നതിനുള്ള നിരവധി പദ്ധതികളാണ് ഇതില്‍ ഉള്‍പ്പെടുന്നത്. പശ്ചിമേഷ്യയില്‍ 50 ശതകോടി മരങ്ങള്‍ വെച്ചുപിടിപ്പിക്കാന്‍ ലക്ഷ്യമിടുന്ന ഈ പദ്ധതി ലോകത്തിലെ തന്നെ ഏറ്റവും വലിയ വനവല്‍ക്കരണ പദ്ദതിയായിരിക്കും. ലോകത്തിലെ മുന്‍നിര എണ്ണയുല്‍പ്പാദകരെന്ന നിലയില്‍ കാലാവസ്ഥാ വ്യതിയാനത്തിനെതിരായ പോരാട്ടം കൂടുതല്‍ മുന്നോട്ട് കൊണ്ടുപോകാനുള്ള തങ്ങളുടെ കര്‍ത്തവ്യത്തെ കുറിച്ച് തികഞ്ഞ ബോധ്യമുള്ളതിനാലാണ് ഇത്തരമൊരു പദ്ധതി അവതരിപ്പിക്കുന്നതെന്ന് പദ്ധതി അവതരണ വേളയില്‍ മുഹമ്മദ് ബിന്‍ സല്‍മാന്‍ പറഞ്ഞു.
പശ്ചിമേഷ്യന്‍ മേഖലയിലെ രണ്ടാമത്തെ വലിയ വനവല്‍ക്കരണ പദ്ധതിയായ സൗദിയിലെ സബല്‍ പ്രദേശത്തെ, ഗ്രേറ്റ് ഗ്രീന്‍ വാള്‍ പദ്ദതിയുടെ ഇരട്ടി വലുപ്പത്തിലുള്ള പദ്ധതിയാകും ഗ്രീന്‍ മിഡില്‍ഈസ്റ്റ്. സൗദിയിലെ സംരക്ഷിത മേഖലകളുടെ വലുപ്പം 30 ശതമാനത്തിലധികമാക്കാനും ഗ്രീന്‍ മിഡില്‍ഈസ്റ്റ് പദ്ധതി ലക്ഷ്യമിടുന്നു. പുനരുപയോഗ ഊര്‍ജ പദ്ധതികളിലൂടെ സൗദിയില്‍ നിന്നുള്ള കാര്‍ബണ്‍ പുറന്തള്ളല്‍ നാല് ശതമാനത്തിലധികം കുറയ്ക്കാനും പദ്ധതിക്ക് ലക്ഷ്യമുണ്ട്. 2030ഓടെ രാജ്യത്തെ വൈദ്യുതാവശ്യങ്ങളുടെ 50 ശതമാനവും ഈ പുനരുപയോഗ ഊര്‍ജ പദ്ധതികളില്‍ നിന്നും ലഭിക്കുമെന്നാണ് സൗദി അറേബ്യയുടെ കണക്കുകൂട്ടല്‍. പദ്ധതിയുടെ ഭാഗമായി സംശുദ്ധ ഹൈഡ്രോകാര്‍ബണ്‍ സാങ്കേതികവിദ്യകളിലൂടെ അന്തരീക്ഷത്തിലേക്കുള്ള കാര്‍ബണ്‍ പുറന്തള്ളല്‍ 130 മില്യണ്‍ ടണ്‍ കുറയ്ക്കാനാകുമെന്നാണ് കരുതുന്നത്.
പശ്ചിമേഷ്യയിലെ മറ്റ് രാജ്യങ്ങളുമായി ചേര്‍ന്ന് സൗദി അറേബ്യ ഈ ഉദ്യമം നടപ്പിലാക്കുമെന്നും ആഗോളതലത്തില്‍ കാര്‍ബണ്‍ മലിനീകരണം 10 ശതമാനം കുറയ്ക്കാന്‍ ഇതിലൂടെ സാധിക്കുമെന്നും മുഹമ്മദ് ബിന്‍ സല്‍മാന്‍ അവകാശപ്പെട്ടു.കുവൈറ്റ്, ബഹ്‌റൈന്‍, ജോര്‍ദാന്‍, ഖത്തര്‍, സുഡാന്‍, ഇറാഖ് അടക്കം മേഖലയിലെ നിരവധി രാജ്യങ്ങള്‍ ഗ്രീന്‍ മിഡില്‍ഈസ്റ്റ് ഉദ്യമത്തില്‍ സൗദിക്ക് പിന്തുണ വാഗ്ദാനം ചെയ്തിട്ടുണ്ട്.