മുത്തൂറ്റ് ഫിന്‍കോര്‍പ്പ് ലിമിറ്റഡിന്‍റെ ക്രിസില്‍ റേറ്റിംഗ് ‘എ+’ (സ്റ്റേബ്ള്‍)-ലേക്ക് ഉയര്‍ത്തി
1 min readനടപ്പുസാമ്പത്തിക വര്‍ഷത്തിന്‍റെ അവസാന മൂന്ന് പാദങ്ങളില്‍ കമ്പനിയുടെ സ്വര്‍ണ്ണ വായ്പ ബിസിനസ്സ് കൈകാര്യം ചെയ്യുന്ന ആസ്തി 24 ശതമാനം വളര്‍ച്ച നേടി
കൊച്ചി: രാജ്യത്തെ ഏറ്റവും വലിയ ക്രെഡിറ്റ് റേറ്റിംഗ് ഏജന്‍സിയായ ക്രിസില്‍, മുത്തൂറ്റ് ഫിന്‍കോര്‍പ്പ് ലിമിറ്റഡിന്‍റെ റേറ്റിംഗിനെ ‘എ (സ്റ്റേബ്ള്‍)’-ല്‍ നിന്ന് ‘എ+ (സ്റ്റേബ്ള്‍)’ ആയി ഉയര്‍ത്തി. മുത്തൂറ്റ് പാപ്പച്ചന്‍ ഗ്രൂപ്പിന്‍റെ ഭാഗമായ കമ്പനിയാണ് മുത്തൂറ്റ് ഫിന്‍കോര്‍പ്പ്. കമ്പനിയുടെ അടിസ്ഥാന പ്രവര്‍ത്തനമേഖലയായ സ്വര്‍ണവായ്പാ രംഗത്തെ മികച്ച പ്രകടനം കണക്കിലെടുത്താണ് റേറ്റിംഗ് ഉയര്‍ത്തിയിരിക്കുന്നത്.
അതിനൊപ്പം ഈ ഉയര്‍ച്ച രാജ്യത്തെ സ്വര്‍ണവായ്പാ ബിസിനസിലുള്ള കമ്പനിയുടെ മികച്ച നിലയും അതിന്‍റെ ശക്തമായ അടിത്തറയും കമ്പനിയുടെ കീഴിലുള്ള ആസ്തികളുടെ (എയുഎം) സുസ്ഥിരമായ വളര്‍ച്ചയും ആസ്തികളുടെ ഉയര്‍ന്ന ഗുണനിലവാരവും വര്‍ധിക്കുന്ന വരുമാനവും സൂചിപ്പിക്കുന്നു. കമ്പനി ഇഷ്യൂ ചെയ്യുന്ന എന്‍സിഡി-കളിലെ നിക്ഷേപങ്ങളുടെ ഉയര്‍ന്ന സുരക്ഷിതത്വത്തേയും എന്‍സിഡികളുടെ സമയാസമയങ്ങളിലുള്ള തിരിച്ചടവിനേയും അടിവരയിടുന്നതു കൂടിയാണ് ഈ റേറ്റിംഗ് ഉയര്‍ച്ചയെന്ന് മുത്തൂറ്റ് ഫിന്‍കോര്‍പ്പ് വാര്‍ത്താക്കുറിപ്പില്‍ ചൂണ്ടിക്കാട്ടി. ഈ റേറ്റിംഗുള്ള സ്ഥാപനങ്ങളുടെ എന്‍സിഡികള്‍ പരമാവധി താഴ്ന്ന നഷ്ടസാധ്യതയേയാണ് സൂചിപ്പിക്കുന്നത്.
നടപ്പുസാമ്പത്തിക വര്‍ഷത്തിന്‍റെ അവസാന മൂന്ന് പാദങ്ങളില്‍ കമ്പനിയുടെ സ്വര്‍ണ്ണ വായ്പ ബിസിനസ്സ് കൈകാര്യം ചെയ്യുന്ന ആസ്തി (എയുഎം) 24 ശതമാനം വളര്‍ച്ച നേടി. 2020-21 സാമ്പത്തിക വര്‍ഷത്തില്‍ കമ്പനി 28 ശതമാനം വളര്‍ച്ച നേടുമെന്ന് പ്രതീക്ഷിക്കുന്നു. കഴിഞ്ഞ അഞ്ച് സാമ്പത്തിക വര്‍ഷക്കാലത്തെ കമ്പനിയുടെ മൊത്ത നിഷ്ക്രിയ ആസ്തി സ്വര്‍ണവായ്പാ ബിസിനസ്സിന്‍റെ 1.0 -1.8 ശതമാനം മാത്രമാണെന്നതും കമ്പനിയുടെ ആസ്തികളുടെ ആരോഗ്യകരമായ ഗുണനിലവാരത്തെ സൂചിപ്പിക്കുന്നു.
2020 ഡിസംബര്‍ അവസാനത്തോടെ കമ്പനിയുടെ സംയോജിത എന്‍പിഎയും ക്രെഡിറ്റ് സംബന്ധമായ ചെലവും യഥാക്രമം 1.3 ശതമാനവും 0.2 ശതമാനവുമാണ് . 2020 ഡിസംബര്‍ 31 ലെ കണക്കുകള്‍ പ്രകാരം കമ്പനിയുടെയും മറ്റു ഗ്രൂപ്പ് കമ്പനികളുടെയും മൊത്തത്തിലുള്ള എയുഎമ്മില്‍ 67 ശതമാനവും, ലാഭത്തില്‍ 87 ശതമാനവും സ്വര്‍ണവായ്പാ ബിസിനസ്സില്‍ നിന്നാണ്. ബ്രാഞ്ച് ഉല്‍പ്പാദനക്ഷമത മെച്ചപ്പെടുത്താന്‍ സാധിച്ചതും പ്രവര്‍ത്തനച്ചെലവ് ക്രമാനുഗതമായി കുറയ്ക്കുവാന്‍ സാധിച്ചതും റേറ്റിംഗ് ഉയര്‍ത്താന്‍ ഇടയാക്കിയതായി കമ്പനി പറയുന്നു. കമ്പനിയുടെ മെച്ചപ്പെട്ട പണലഭ്യതയും ക്രിസില്‍ റേറ്റിംഗില്‍ പ്രതിഫലിക്കുന്നു.