കോവിഡ് പ്രതിരോധം: തമിഴ്നാട് 13,352.85 കോടി ചെലവഴിച്ചു
1 min readചെന്നൈ: കോവിഡ് -19 പകര്‍ച്ചവ്യാധി തടയുന്നതിനായി തമിഴ്നാട് സര്‍ക്കാര്‍ 13,352.85 കോടി രൂപ ചെലവഴിച്ചതായി ഉപമുഖ്യമന്ത്രി ഒ പനീര്‍സെല്‍വം പറഞ്ഞു. 2.02 ശതമാനം വളര്‍ച്ചാ നിരക്ക് ഈ വര്‍ഷം സംസ്ഥാനം പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു. 2021-22 ലെ ഇടക്കാല ബജറ്റ് അവതരിപ്പിക്കുന്നതിനിടെയാണ് ധനകാര്യ വകുപ്പിന്‍റെ ചുമതലകൂടി വഹിക്കുന്ന ഉപമുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്.കോവിഡ് -19 വ്യാപിക്കുന്നത് തടയാന്‍ സ്വീകരിച്ച വിവിധ നടപടികള്‍ മന്ത്രി വിശദീകരിച്ചു.
കോവിഡ് പ്രതിരോധ കുത്തിവയ്പ്പിനായി സംസ്ഥാന സര്‍ക്കാര്‍ എല്ലാ നടപടികളും സ്വീകരിച്ചിട്ടുണ്ട്. 16.70 ലക്ഷം ഡോസ് കോവിഡ് -19 വാക്സിനുകള്‍ ലഭിച്ചതായും 3.85 ലക്ഷം ആരോഗ്യ സംരക്ഷണ, മുന്‍നിര പ്രവര്‍ത്തകര്‍ക്ക് വാക്സിന്‍ നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. മുതിര്‍ന്ന പൗരന്മാരുടെയും രോഗാവസ്ഥയുള്ളവരുടെയും ദുര്‍ബല വിഭാഗങ്ങള്‍ക്ക് വാക്സിന്‍ നല്‍കുന്നതിന്‍റെ അടുത്ത ഘട്ടം ഉടന്‍ ആരംഭിക്കും. 2021-22 ലെ കേന്ദ്ര ബജറ്റില്‍ കോവിഡ് -19 വാക്സിനേഷന്‍ പദ്ധതിക്കായി 35,000 കോടി രൂപ അനുവദിച്ചതായി ചൂണ്ടിക്കാട്ടിയ പന്നീര്‍സെല്‍വം, വാക്സിനേഷന്‍ പരിപാടിയുടെ മുഴുവന്‍ ചെലവും കേന്ദ്രസര്‍ക്കാര്‍ തുടര്‍ന്നും വഹിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നതായും പറഞ്ഞു.
ഇതുവരെ സംസ്ഥാനത്ത് 8,48,724 പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. പോസിറ്റിവിറ്റി നിരക്ക് 4.94 ശതമാനമാണ്. സംസ്ഥാനത്തെ പ്രതിവാര പോസിറ്റീവ് നിരക്ക് ഇപ്പോള്‍ ഒരു ശതമാനത്തില്‍ താഴെയായി. 8,32,167 രോഗികള്‍ (98.05 ശതമാനം) സുഖം പ്രാപിക്കുകയും ഡിസ്ചാര്‍ജ് ചെയ്യുകയും ചെയ്തു. 4,091 രോഗികള്‍ ഇപ്പോള്‍ ചികിത്സയിലാണ്. രോഗബാധിതരുടെ എണ്ണം പ്രതിദിനം 500 ല്‍ താഴെയാണെന്നും പോസിറ്റിവിറ്റി നിരക്ക് ഗണ്യമായി കുറഞ്ഞുവെന്നും അദ്ദേഹം പറഞ്ഞു. പകര്‍ച്ചവ്യാധിയുടെ സാമ്പത്തിക ആഘാതം ലഘൂകരിക്കുന്നതിനും സാമ്പത്തിക വളര്‍ച്ചയെ പ്രോത്സാഹിപ്പിക്കുന്നതിനുമായി, സി രംഗരാജന്‍ അധ്യക്ഷനായ ഉന്നതതല സമിതിയുടെ ശുപാര്‍ശയില്‍ തമിഴ്നാട് സര്‍ക്കാര്‍ ഉടനടി പ്രവര്‍ത്തിച്ചുവെന്നും പനീര്‍സെല്‍വം പറഞ്ഞു.