കൊവിഡ് 19 : 200 മില്യണ്‍ പേര്‍ വിദ്യാഭ്യാസ ഉല്‍പ്പന്നങ്ങളെ ആശ്രയിക്കുന്നതായി മൈക്രോസോഫ്റ്റ്
ചാറ്റ്, യോഗങ്ങള്‍, ബിസിനസ് ആവശ്യങ്ങളെല്ലാം ഒരുമിച്ച് ചേര്‍ത്താണ് ടീംസ് വികസിപ്പിച്ചത്
വാഷിംഗ്ടണ്‍: പഠനാവശ്യങ്ങള്‍ക്കായി ലോകമെങ്ങുമുള്ള 200 ദശലക്ഷത്തിലധികം വിദ്യാര്‍ത്ഥികളും അധ്യാപകരും ഇപ്പോള്‍ തങ്ങളുടെ വിദ്യാഭ്യാസ ഉല്‍പ്പന്നങ്ങളെ ആശ്രയിക്കുന്നതായി മൈക്രോസോഫ്റ്റ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ സത്യ നദെല്ല. മൈക്രോസോഫ്റ്റ് ടീംസ് എന്ന വീഡിയോ കോണ്‍ഫറന്‍സിംഗ് പ്ലാറ്റ്‌ഫോം വഴിയാണിത്. മൈക്രോസോഫ്റ്റിന്റെ ഏര്‍ണിംഗ്‌സ് കോളില്‍ സംസാരിക്കുകയായിരുന്നു നദെല്ല.
2020 അവസാനത്തോടെ പ്രതിദിനം 115 ദശലക്ഷത്തിലധികം പേരാണ് മൈക്രോസോഫ്റ്റ് ടീംസ് ഉപയോഗിക്കുന്നത്. മൈക്രോസോഫ്റ്റ് ടീംസിന് അധികം വൈകാതെ ഇന്റര്‍നെറ്റ് ബ്രൗസറുകള്‍, ഓപ്പറേറ്റിംഗ് സിസ്റ്റങ്ങള്‍ എന്നിവയെപ്പോലെ പ്രാധാന്യം കൈവരുമെന്ന് നദെല്ല ഈയിടെ പറഞ്ഞിരുന്നു. ചാറ്റ്, യോഗങ്ങള്‍, ബിസിനസ് ആവശ്യങ്ങളെല്ലാം ഒരുമിച്ച് ചേര്‍ത്താണ് ടീംസ് വികസിപ്പിച്ചതെന്ന് മൈക്രോസോഫ്റ്റ് സിഇഒ വ്യക്തമാക്കി.
ലോകമെങ്ങും മുന്നണിപ്പോരാളികളായി പ്രവര്‍ത്തിക്കുന്ന രണ്ട് ബില്യണ്‍ ജനങ്ങളെ ശരിയായ സാങ്കേതികവിദ്യയിലൂടെ ശാക്തീകരിക്കണമെന്നാണ് കൊവിഡ് 19 മഹാമാരി ആവശ്യപ്പെട്ടതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഈ പ്രവര്‍ത്തനങ്ങളില്‍ മൈക്രോസോഫ്റ്റ് ടീംസ് മുന്‍നിരയില്‍ നിലകൊണ്ടതായി അദ്ദേഹം അവകാശപ്പെട്ടു. മുമ്പൊരിക്കലുമില്ലാത്തവിധം ഡിജിറ്റല്‍ പരിവര്‍ത്തനം അടിയന്തരപ്രാധാന്യമുള്ള വിഷയമായി മാറിയെന്ന് നദെല്ല ചൂണ്ടിക്കാട്ടി.