രക്തസമ്മർദ്ദം നിയന്ത്രിക്കാം ഒരു ഗ്ലാസ് മല്ലിവെള്ളത്തിലൂടെ
ഒരു ടേബിൾ സ്പൂൺ മല്ലി ഒരു ഗ്ലാസ് വെള്ളത്തിൽ കുതിർത്ത് വെച്ച് അതിരാവിലെ കുടിക്കുന്നത് രക്തസമ്മർദ്ദം നിയന്ത്രിക്കാനുള്ള ഏറ്റവും നല്ല മാർഗങ്ങളിലൊന്നാണ്
ഹെപ്പർടെൻഷൻ അഥവാ രക്താതിസമ്മർദ്ദത്തിന് ‘നിശബ്ദനായ കൊലയാളി’ എന്നും ഒരു പേരുണ്ട്. ഒരു ലക്ഷണവും കാണിക്കാതെ ഹൃദ്രോഗത്തിന് കാരണമാകുന്നത് കൊണ്ടാണ് രക്താതിസമ്മർദ്ദത്തിന് ഇങ്ങനെയൊരു ദുഷ്പേര് വന്നത്. എന്നാൽ രക്തസമ്മർദ്ദത്തെ വരച്ച വരയിൽ നിർത്താനുള്ള ചില മരുന്നുകൾ നമ്മുടെ അടുക്കളയിൽ തന്നെയുണ്ട്. അതിലൊന്നാണ് മല്ലി.
എല്ലാ ദിവസവും രാവിലെ മല്ലി വെള്ളം കുടിക്കുന്നത് രക്ത സമ്മർദ്ദം കുറയ്ക്കാൻ വളരെ നല്ലതാണെന്നാണ് ആരോഗ്യ വിദഗ്ധർ പറയുന്നത്. മല്ലിയിൽ അടങ്ങിയിട്ടുള്ള ഘടകങ്ങൾ കാൽസ്യം അയേണുകളുമായും ന്യൂറോട്രാൻസ്മിറ്ററായ അസറ്റൈൽകൊളീനുമായി ചേർന്ന് പ്രവർത്തിക്കുമ്പോഴാണ് രക്തക്കുഴലുകളിലെ സമ്മർദ്ദം കുറയുന്നത്. രാത്രി ഒരു ഗ്ലാസ് വെള്ളത്തിൽ ഒരു ടേബിൾസ്പൂൺ മല്ലി കുതിർത്ത് വെക്കുക. പിറ്റേ ദിവസം മല്ലി നീക്കിയതിന് ശേഷം ഈ വെള്ളം കുടിക്കുക.
രക്തസമ്മർദ്ദം നിയന്ത്രിക്കുന്നതിന് പുറമേ ഹൃദയാരോഗ്യം, മെച്ചപ്പെട്ട ദഹനം, അമാശയത്തിന്റെ സൌഖ്യം തുടങ്ങി മല്ലി ഉപയോഗിക്കുന്നത് കൊണ്ടുള്ള നേട്ടങ്ങൾ അനവധിയാണ്. പകർച്ചവ്യാധികൾക്കെതിരെ പോരാടാൻ ശരീരത്തെ സഹായിക്കുന്ന ആന്റി മൈക്രോബിയൽ കോംപൌണ്ടുകളും മല്ലിയിൽ അടങ്ങിയിരിക്കുന്നു. മാത്രമല്ല, മല്ലിയുടെ ആന്റി ഓക്സിഡന്റ് ഗുണങ്ങൾ ചർമ്മാരോഗ്യത്തിന് നല്ലതാണ്. ചുരുക്കത്തിൽ മല്ലി ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് മൂലം നിരവധി ആരോഗ്യപ്രശ്നങ്ങളിൽ നിന്ന് നമുക്ക് രക്ഷ നേടാം.
അന്നനാളത്തിന്റെ പ്രവർത്തനം സുഗമമാക്കുന്നതിനും മല്ലി ഫലപ്രദമാണ്. മൂത്രവിസർജനത്തെ ത്വരിതപ്പെടുത്തുന്നുവെന്ന (ഡൈയൂററ്റിക്) മറ്റൊരു ഗുണവും മല്ലിക്കുണ്ട്. കൃത്യമായ മൂത്രവിസർജനത്തിലൂടെ ശരീരത്തിൽ അടിഞ്ഞുകൂടിയിരിക്കുന്ന സോഡിസം പോലുള്ളവയെ പുറന്തള്ളാൻ നമുക്ക് സാധിക്കും. ഹൃദയാരോഗ്യം മെച്ചപ്പെടുത്തുന്ന ഫൈബറുകളും മല്ലിയിൽ അടങ്ങിയിട്ടുണ്ട്. ഇവയെല്ലാം രക്തസമ്മർദ്ദം നിയന്ത്രിക്കാൻ ശരീരത്തെ സഹായിക്കും.