November 21, 2024

Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

കാലാവസ്ഥ വ്യതിയാനം; ജിഡിപിക്ക് എന്ത് സംഭവിക്കും?

1 min read

കേരളമുള്‍പ്പടെയുള്ള പ്രദേശങ്ങളിലും കാലാവസ്ഥ വ്യതിയാനത്തിന്റെ ആഘാതം സംഭവിച്ചുകൊണ്ടിരിക്കുകയാണ്. ചരിത്രത്തിലാദ്യമായി കേരളം ഉഷ്ണതരംഗ മാപ്പില്‍ ഇടം നേടിയത് അതിന്റെ പ്രതിഫലനമായിരുന്നു. ഈ വേനലില്‍ കേരളത്തില്‍ അനുഭവപ്പെട്ട ചൂട് ചരിത്രത്തില്‍ ഇല്ലാത്തതായിരുന്നു. രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളിലും സ്ഥിതി വ്യത്യസ്തമായിരുന്നില്ല. ഉഷ്ണ തരംഗവും തീവ്രമഴയും വെള്ളപ്പൊക്കവുമെല്ലാം സമ്പദ് വ്യവസ്ഥയെ കാര്യമായി ബാധിക്കുകയും ചെയ്യുന്നുണ്ട്. രാജ്യത്തിന്റെ ജിഡിപിയുടെ 50 ശതമാനത്തെ ഉഷ്ണ തരംഗം നേരിട്ടും അല്ലാതെയുമെല്ലാം സ്വാധീനിക്കുമെന്നാണ് പഠനങ്ങള്‍ പറയുന്നനത്. റിസര്‍വ് ബാങ്കിന്റെ പഠനം അനുസരിച്ച് 2030 ആകുമ്പോഴേക്കും കടുത്ത ചൂട് കാരണമുണ്ടാകുന്ന തൊഴില്‍ നഷ്ടം ഇന്ത്യന്‍ ജിഡിപിയുടെ 4.5 ശതമാനത്തെയെങ്കിലും ബാധിക്കും. ഏതെല്ലാം തരത്തിലാണ് കാലാവസ്ഥ വ്യതിയാനത്തിന്റെ സാമ്പത്തിക ആഘാതം എന്ന് അന്വേഷിക്കുകയാണ് ഫ്യൂച്ചര്‍ കേരള:

ഇക്കഴിഞ്ഞ വേനലില്‍ കേരളമുള്‍പ്പടെ രാജ്യത്തെ വിവിധ പ്രദേശങ്ങള്‍ അതിഭീകരമായ ചൂടിലൂടെയാണ് കടന്നുപോയത്. പതിവിനേക്കാളും വളരെ കൂടിയ ചൂടാണ് റിപ്പോര്‍ട്ട് ചെയ്തത്. മേയ് അവസാനം മഴ പെയ്ത് തുടങ്ങിയെങ്കിലും ഉഷ്ണതരംഗ മാപ്പില്‍ കേരളവും ഇടം പിടിച്ചു. സാധാരണക്കാര്‍ക്ക് സഹിക്കാവുന്നതിലും അപ്പുറമായിരിക്കുന്നു ചൂട്. സാധാരണയില്‍ നിന്ന് വ്യത്യസ്തമായി ഈ വര്‍ഷം 20 ദിവസങ്ങളെങ്കിലും രാജ്യത്തിന്റെ വിവിധ പ്രദേശങ്ങളില്‍ മാറി മാറി ഉഷ്ണതരംഗം അനുഭവപ്പെടുമെന്നാണ് ഇന്ത്യ മെറ്റിയോറളജിക്കല്‍ ഡിപ്പാര്‍ട്ട്‌മെന്റ് പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നത്. ജൂണ്‍ 30 വരെ ഇത് തുടരാനാണ് സാധ്യത. കടുത്ത ചൂട് കൂടുതല്‍ കാലം നിലനില്‍ക്കുന്നതും കാലം തെറ്റി പെയ്യുന്ന മഴയുമെല്ലാം കാര്‍ഷിക വിളകളെയും, ജല ലഭ്യതയെയും, ഊര്‍ജ ഉപഭോഗത്തെയും, നിര്‍മാണ മേഖലയെയും എല്ലാം സാരമായി ബാധിക്കും. നിലവില്‍ മികച്ച പ്രകടനം നടത്തുന്ന ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയെ പരീക്ഷണഘട്ടത്തിലേക്ക് തള്ളിവിടാന്‍ പ്രാപ്തമാണ് കാലാവസ്ഥയിലെ മാറ്റങ്ങള്‍. എന്തെല്ലാം മാറ്റങ്ങളാണ് ഉഷ്ണതരംഗവും കാലാവസ്ഥാ വ്യതിയാനവും സമ്പദ് വ്യവസ്ഥയില്‍ വരുത്തുന്നതെന്ന് പരിശോധിക്കാം.

ഊര്‍ജം
ഊര്‍ജ ഉപഭോഗത്തില്‍ വന്‍ വര്‍ധനവുണ്ടാകുമെന്നതാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യം. കേരളം വൈദ്യുതി നിയന്ത്രണം ഉള്‍പ്പടെയുള്ള കാര്യങ്ങള്‍ ഇപ്പോള്‍ തന്നെ ആലോചിക്കുന്നുണ്ട്. കേന്ദ്ര ഊര്‍ജ മന്ത്രാലയത്തിന്റെ കണക്കുകള്‍ പ്രകാരം, ഈ വേനല്‍ക്കാലത്ത് രാജ്യത്തെ ഏറ്റവും ഉയര്‍ന്ന ആവശ്യകത 260 ഗിഗാവാട്ടിലെത്താം, ഇത് കഴിഞ്ഞ വര്‍ഷം സെപ്റ്റംബറിലെ റെക്കോര്‍ഡ് ആയ 243 ഗിഗാവാട്ടിനെക്കാള്‍ കൂടുതലാണ്. ഉഷ്ണതരംഗത്തെ ഏങ്ങനെ ഫലപ്രദമായി പ്രതിരോധിക്കാമെന്ന കാര്യം സഗൗരവം ചര്‍ച്ച ചെയ്തു ഇത്തവണ കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍.

വൈദ്യുതിക്കായി ഇന്ത്യ ഇപ്പോഴും പ്രധാനമായി ആശ്രയിക്കുന്നത് കല്‍ക്കരിയെയാണ്. പുനരുപയോഗ ഊര്‍ജ സ്രോതസുകള്‍ സ്ഥിരതയോടെ കൂട്ടിച്ചേര്‍ക്കപ്പെടുന്നുണ്ടെങ്കിലും പവര്‍ പ്ലാന്റുകളില്‍ കോള്‍ സ്‌റ്റോക്കുകളും സര്‍ക്കാര്‍ ബില്‍ഡ് ചെയ്യുന്നുണ്ട്. എങ്കിലേ ഊര്‍ജ ആവശ്യകത നിറവേറ്റാന്‍ സാധിക്കൂ. സെന്‍ട്രല്‍ ഇലക്ട്രിസിറ്റി അതോറിറ്റിയുടെ കണക്കുകള്‍ പ്രകാരം ഇന്ത്യയുടെ വാതക അധിഷ്ഠിത വൈദ്യുത ഉല്‍പ്പാദന ശേഷി 35 ഗിഗാവാട്ട് മാത്രമാണ്. അതേസമയം കോള്‍ അധിഷ്ഠിത തെര്‍മല്‍ പവര്‍ കപ്പാസിറ്റിയാകട്ടെ 216 ഗിഗാവാട്ടും. സൗരോര്‍ജ ശേഷി 76 ഗിഗാവാട്ടും പവനോര്‍ജ ശേഷി 45 ഗിഗാവാട്ടുമാണ്. രാജ്യത്തെ മൊത്തം സ്ഥാപിത ഊര്‍ജോല്‍പ്പാദന ശേഷി 434 ഗിഗാവാട്ടാണ്. 2022ലാണ് രാജ്യം ആറ് വര്‍ഷത്തിനിടെ ഏറ്റവും രൂക്ഷമായ വൈദ്യുതി ക്ഷാമം നേരിട്ടത്. 2024ല്‍ ഇത് അതിരൂക്ഷമാകുമെന്ന് വേണം കരുതാന്‍.

ഭക്ഷ്യമേഖല തളരും
ഉയര്‍ന്ന താപനില ഭക്ഷ്യോല്‍പ്പാദനത്തെ സാരമായി ബാധിക്കും. ഭക്ഷ്യ വിളകളും പഴങ്ങളും പച്ചക്കറികളുമെല്ലാം ഇതിന്റെ രൂക്ഷത അനുഭവിക്കും. വിളകളുടെ മുരടിപ്പിനും ഉല്‍പ്പാദനക്കുറവിനും ഉല്‍പ്പന്നങ്ങളുടെ വിലവര്‍ധനവിനുമെല്ലാം ഉഷ്ണതരംഗം കാരണമാകും. ജലത്തിന്റെ ആവശ്യകത കൂടുകയും അത് ജലദൗര്‍ലഭ്യത്തിലേക്ക് നയിക്കുകയും ചെയ്യും. വലിയ വര്‍ധന സാധാരണ ഉല്‍പ്പന്നങ്ങളുടെ വിലയിലുണ്ടാകാനാണ് സാധ്യത. വിളവെടുപ്പ് കുറയുക, വരള്‍ച്ച, വിളകള്‍ നശിക്കുക, മണ്ണിന്റെ ഗുണനിലവാരം കുറഞ്ഞ് ശോഷണം സംഭവിക്കുക തുടങ്ങിയ കാര്യങ്ങളും സംഭവിക്കാം. ഉഷ്ണ തരംഗങ്ങള്‍ മൃഗങ്ങളുടെ കാലിത്തീറ്റയുടെ ഉല്‍പ്പാദനം കുറയ്ക്കുകയും മൃഗങ്ങളുടെ ഉല്‍പ്പാദനക്ഷമത കുറയ്ക്കുകയും ചെയ്യുന്നു, ഇത് പാലിന്റെ വിലയില്‍ വര്‍ദ്ധനവിന് കാരണമാകും. അതുപോലെ, കോഴിവളര്‍ത്തല്‍, മത്സ്യബന്ധനം എന്നിവയെയും ഉഷ്ണതരംഗം ബാധിക്കും.

കാലാവസ്ഥയിലെ വ്യതിയാനം പച്ചക്കറി വിതരണത്തെ ക്രമരഹിതമാക്കും, നേരത്തെ വിളവെടുക്കുന്നത് ചില സമയങ്ങളില്‍ അധിക സപ്ലൈകള്‍ക്കും ചില സമയങ്ങളില്‍ ക്ഷാമത്തിനും ഇടയാക്കും. ഇത് ഭക്ഷ്യ വിലക്കയറ്റത്തെക്കുറിച്ചുള്ള ആശങ്കകള്‍ വര്‍ദ്ധിപ്പിക്കുമെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. മതിയായ കോള്‍ഡ് ചെയിന്‍ ഇന്‍ഫ്രാസ്ട്രക്ചറിന്റെ അഭാവത്തില്‍, ഉഷ്ണതരംഗം ഫ്രഷ് ഉല്‍പ്പന്നങ്ങള്‍ക്ക് വലിയ നാശമുണ്ടാക്കും. ഇതിനകം തന്നെ, ഇന്ത്യയില്‍ പുതിയ ഉല്‍പന്നങ്ങളുടെ 4 ശതമാനം മാത്രമേ കോള്‍ഡ് ചെയിന്‍ സൗകര്യങ്ങളാല്‍ പരിരക്ഷിക്കപ്പെട്ടിട്ടുള്ളൂ. ലോകബാങ്ക് അടുത്തിടെ പുറത്തിറക്കിയ റിപ്പോര്‍ട്ട് പ്രകാരം ഇത് മൂലമുണ്ടാകുന്നത് ഭക്ഷ്യ നഷ്ടം 13 ബില്യണ്‍ ഡോളറിന്റേതാണ്.

  ബിനാലെ ആറാം പതിപ്പ് 2025 ഡിസംബര്‍ 12 മുതല്‍

ഉഷ്ണതരംഗം വരും വര്‍ഷങ്ങളിലും തുടരുകയാണെങ്കില്‍ അത് ഭക്ഷ്യോല്‍പ്പാദനത്തെ ബാധിക്കുകയും ഗ്രാമീണ മേഖലയിലെ ആവശ്യകത വലിയ തോതില്‍ കുറയ്ക്കുകയും ചെയ്യും. കോവിഡാനന്തരം ഗ്രാമീണ മേഖലയിലെ ആവശ്യകതയില്‍ വലിയ കുറവാണ് ഇന്ത്യന്‍ ബിസിനസുകള്‍ നേരിടുന്നത്. രാജ്യത്തെ ഏറ്റവും കൂടുതല്‍ തൊഴില്‍ സൃഷ്ടിക്കുന്ന മേഖലകളില്‍ പ്രധാനമാണ് കൃഷി. അതിനാല്‍ തന്നെ ഉല്‍പ്പാദനം കുറയുന്നത് ജനങ്ങളുടെ വാങ്ങല്‍ ശേഷി കുറയ്ക്കുകയും ആവശ്യകതയില്‍ വലിയ തോതില്‍ ഇടിവ് വരുത്തുകയും ചെയ്യും. ഇത് എഫ്എംസിജി കമ്പനികള്‍ക്ക് വലിയ വെല്ലുവിളി ആയി തീരും. ഗ്രാമീണ മേഖലകളില്‍ കൂടുതല്‍ വിറ്റു പോകുന്ന ഓട്ടോമൊബൈല്‍ ഉല്‍പ്പന്നങ്ങളായ ട്രാക്റ്ററുകളെയും ഇരുചക്രവാഹനങ്ങളെയും വരെ ഇത് ബാധിക്കും.

വിളവെടുക്കാന്‍ തയാറായി നില്‍ക്കുന്ന ഗോതമ്പിനെ ഉഷ്ണ തരംഗം ബാധിച്ചേക്കില്ല എന്നത് ആശ്വാസകരമാണ്. 2022ലെ ഉഷ്ണതരംഗങ്ങള്‍ ഗോതമ്പുല്‍പ്പാദനത്തെ കാര്യമായി ബാധിച്ചിരുന്നു. ലോകത്തെ ഏറ്റവും വലിയ രണ്ടാമത്ത ഗോതമ്പുല്‍പ്പാദക രാജ്യമായ ഇന്ത്യ ഇത് കാരണം ഗോതമ്പ് കയറ്റുമതിയില്‍ കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നു.

ഇവര്‍ക്ക് സന്തോഷം
ചൂട് കൂടിയതിനെത്തുടര്‍ന്ന് സന്തോഷിച്ച ചില ബിസിനസുകളുമുണ്ട്. എയര്‍ കണ്ടീഷനറുകളാണ് അവയില്‍ പ്രധാനം. കഠിനമായ ചൂട് വേനല്‍ക്കാല ഉല്‍പ്പന്നങ്ങളായ എയര്‍ കണ്ടീഷനറുകള്‍, റഫ്രിജറേറ്ററുകള്‍ എന്നിവയുടെ വില്‍പ്പന വര്‍ദ്ധിപ്പിക്കുന്നതായി അടുത്തിടെ പുറത്തുവന്ന ഒരു റിപ്പോര്‍ട്ടില്‍ പറയുന്നു. എയര്‍കണ്ടീഷണറുകളുടെ വില്‍പ്പന താരതമ്യേന മന്ദഗതിയിലാണ് ഈ സീസണില്‍ തുടങ്ങിയതെങ്കിലും ഇപ്പോള്‍ കൂടുതല്‍ വില്‍പ്പന പ്രകടമാണ്.  ഈ വര്‍ഷം 11.5 ദശലക്ഷം യൂണിറ്റ് വില്‍പ്പന കടക്കുമെന്നാണ് പ്രതീക്ഷ. മേഖല ഇരട്ട അക്ക വളര്‍ച്ച രേഖപ്പെടുത്തുമെന്ന് നിര്‍മ്മാതാക്കള്‍ ആത്മവിശ്വാസത്തിലാണ്. ഡെയ്കിന്‍, പാനസോണിക്, എല്‍ജി ഇലക്ട്രോണിക്സ്, ബ്ലൂ സ്റ്റാര്‍, ഗോദ്റെജ് അപ്ലയന്‍സസ്, ലോയ്ഡ് തുടങ്ങിയ മുന്‍നിര നിര്‍മ്മാതാക്കള്‍ ഈ വര്‍ഷം 25 ശതമാനം വളര്‍ച്ചയാണ് പ്രതീക്ഷിക്കുന്നത്. മൂന്നാംനിര നഗരങ്ങളില്‍ നിന്നും ചെറിയ കേന്ദ്രങ്ങളില്‍ നിന്നും മികച്ച വില്‍പ്പന എസി വിപണിയിലുണ്ടാകുമെന്നാണ് കണക്കുകൂട്ടല്‍. ഊര്‍ജക്ഷമതയും 5-സ്റ്റാര്‍ ഇന്‍വെര്‍ട്ടര്‍ ടെക്‌നോളജി മോഡലുകള്‍ക്ക് വിപണിയില്‍ മികച്ച ആവശ്യകതയുണ്ട്. അത് കൂടുതലും മെട്രോ നഗരങ്ങളിലാണ് പ്രകടമാകുന്നത്. അതേസമയം അര്‍ദ്ധ നഗര, ഗ്രാമീണ മേഖലകളില്‍ ത്രീ സ്റ്റാര്‍ എസികള്‍ക്കാണ് ഡിമാന്‍ഡ് കൂടുതല്‍. ഇതിന് പുറമെ ശീതള പാനീയങ്ങള്‍, ഐസ്‌ക്രീമുകള്‍, ഫ്രഷ് ജ്യൂസുകള്‍ തുടങ്ങിയവയുടെ ആവശ്യകതയും സമ്മറില്‍ കൂടുന്നുണ്ട്. ഐസ്‌ക്രീം, പാലുല്‍പ്പന്നങ്ങളുടെ വില്‍പ്പനയില്‍ 20 ശമതാനം വര്‍ധനയെങ്കിലും സമ്മര്‍ സീസണിലുണ്ടാകും. കൂളിംഗ് ഉല്‍പ്പന്നങ്ങള്‍ വില്‍ക്കുന്ന കമ്പനികള്‍ താല്‍ക്കാലിക ജീവനക്കാരെ കൂടുതല്‍ റിക്രൂട്ട് ചെയ്യുമെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഇതില്‍ 25 ശതമാനം വര്‍ധനയെങ്കിലും രേഖപ്പെടുത്താനാണ് സാധ്യത.

ജിഡിപി വളര്‍ച്ചയെ ബാധിക്കുമോ?
ജിഡിപി വളര്‍ച്ചയെ ഉഷ്ണതരംഗം പ്രത്യക്ഷമായി ബാധിക്കില്ലെന്ന് തോന്നുമെങ്കിലും അങ്ങനെയല്ല കാര്യങ്ങള്‍. മൂന്നാം പാദത്തില്‍ 8.4 ശതമാനമാണ് രാജ്യത്തിന്റെ ജിഡിപി നിരക്ക്. മുന്‍ പാദത്തില്‍ ഇത് 8.1 ശതമാനമായിരുന്നു. 2025 സാമ്പത്തിക വര്‍ഷത്തിലും ഇന്ത്യ മികച്ച ജിഡിപി വളര്‍ച്ച രേഖപ്പെടുത്തുമെന്നാണ് വിവിധ ഏജന്‍സികളുടെ വിലയിരുത്തല്‍. എസ് ആന്‍ഡ് പി ഗ്ലോബല്‍ മാര്‍ക്കറ്റ് ഇന്റലിജന്‍സ് റിപ്പോര്‍ട്ട് പ്രകരാം 2025 സാമ്പത്തിക വര്‍ഷത്തില്‍ ഇന്ത്യ 6.8 ശതമാനം വളര്‍ച്ചയാണ് നേടുക. ഇവരുടെ നേരത്തെയുള്ള പ്രവചനം 6.5 ശതമാനമായിരുന്നു. ആഗോള ബ്രോക്കറേജ് സ്ഥാപനമായ മോര്‍ഗാന്‍ സ്റ്റാന്‍ലിയുടെ റിപ്പോര്‍ട്ട് അനുസരിച്ച് 2025 സാമ്പത്തിക വര്‍ഷത്തില്‍ ഇന്ത്യയുടെ ജിഡിപി വളര്‍ച്ചാ നിരക്ക് 6.8 ശതമാനമായിരിക്കും.

ഇന്ത്യയുടെ മികച്ച വളര്‍ച്ചാ സാധ്യതകള്‍ക്ക് ഉഷ്ണ തരംഗം കാര്യമായ റിസ്‌ക് സൃഷ്ടിക്കാന്‍ സാധ്യതയില്ലെങ്കിലും തടസങ്ങള്‍ സൃഷ്ടിച്ചേക്കാം. ചൂടിലെ അമിത വര്‍ധന കാരണം സാമ്പത്തിക ഉല്‍പ്പാദനക്ഷമതയില്‍ കാര്യമായ കുറവ് സംഭവിക്കും. വൈദ്യുത വിതരണത്തിലെ പാളിച്ചകള്‍ ഉല്‍പ്പാദനക്ഷമതയിലും വ്യാവസായികോല്‍പ്പാദനത്തിലും കാര്യമായ ഇടിവ് വരുത്തും. വിവിധ വ്യവസായങ്ങളില്‍ ഇതിന്റെ പ്രതിഫലനങ്ങള്‍ പ്രകടമാകും. ഇത് പണപ്പെരുപ്പത്തില്‍ നിഴലിക്കും. സ്വാഭാവികമായും ഇതെല്ലാം ജിഡിപി വളര്‍ച്ചയ്ക്ക് വെല്ലുവിളികള്‍ സൃഷ്ടിക്കും. ഇതിനോടകം തന്നെ ഇന്ത്യന്‍ ജിഡിപിയുടെ 50 ശതമാനത്തോളം ആശ്രയിച്ചിരിക്കുന്നത് ഉഷ്ണതരംഗം വെല്ലുവിളി സൃഷ്ടിക്കുന്ന മേഖലകളെയാണ്. കാര്‍ഷിക, മൈനിംഗ്, കണ്‍സ്ട്രക്ഷന്‍ തുടങ്ങിയവയെല്ലാം ഇതിന്റെ ഭാഗമാണ്.

  സാത്വിക് ഗ്രീന്‍ എനര്‍ജി ഐപിഒ

എന്താണ് ഉഷ്ണതരംഗം?
സമ്പദ് വ്യവസ്ഥയെ ഇത്രയധികം ഉലയ്ക്കുകയും ജനജീവിതം അസഹ്യമാക്കുകയും ചെയ്യുന്ന ഉഷ്ണതരംഗം യഥാര്‍ത്ഥത്തില്‍ എന്താണ്? കുറേ കാലത്തേക്ക് നീണ്ടു നില്‍ക്കുന്ന ഉയര്‍ന്ന ചൂട് കാലാവസ്ഥയാണ് ഉഷ്ണതരംഗം. ചിലപ്പോള്‍ ഉയര്‍ന്ന ആര്‍ദ്രതയും ഉണ്ടാവും, പ്രത്യേകിച്ച് കടലിനോട് ചെര്‍ന്നാണ് കാണുന്നത്. ഉയര്‍ന്ന ഉഷ്ണ തരംഗം കൃഷിനാശത്തിനും ഉയര്‍ന്ന വൈദ്യുതി ഉപഭോഗത്തിനും കാരണമാവുന്നു. ഇതൊരു തീവ്രമായ കാലാവസ്ഥയാണ്.ചൂടും സൂര്യപ്രകാശവും കൂടി മനുഷ്യശരീരത്തെ കൂടുതലായി ചൂടാക്കും. ശരാശരി ഉയര്‍ന്ന ഊഷ്മാവിനേക്കാള്‍ 5 ഡിഗ്രി ഗ്രേഡ് ഊഷ്മാവ്, അഞ്ചു ദിവസം തുടര്‍ച്ചയായി കൂടുതലായി ഉണ്ടായായാല്‍ ഉഷ്ണ തരംഗമായി.

കേരളത്തെ സംബന്ധിച്ചിടത്തോളം ഉഷ്ണതരംഗം എന്നത് അത്ര പരിചിതമുള്ള പ്രയോഗമായിരിക്കില്ല. 2017ലാണ് കാലാവസ്ഥ നിരീക്ഷണകേന്ദ്രം കേരളത്തില്‍ ആദ്യമായി ഉഷ്ണതരംഗം പ്രഖ്യാപിച്ചത്. പാലക്കാട് ജില്ലയില്‍ ഒരു തവണ മാത്രമായിരുന്നു അത്. ഇപ്പോഴുള്ള അത്രയും രൂക്ഷത അതിനില്ലായിരുന്നു. കാലാവസ്ഥാ വ്യതിയാനമാണ് ആത്യന്തികമായി ഇതിലേക്കെല്ലാം നയിക്കുന്നത്. ഒരു പ്രദേശത്ത് സാധാരണയായി അനുഭവപ്പെടുന്ന ഋതുക്കളാണ് അവിടുത്തെ കാലാവസ്ഥ. സമുദ്രങ്ങള്‍, ഭൂമിയുടെ പ്രതലസ്ഥിതി, ഹിമാനികള്‍ തുടങ്ങിയവയെല്ലാം അന്തരീക്ഷത്തിലുണ്ടാക്കുന്ന സ്വാധീനം അനുസരിച്ചാണ് ഒരു പ്രദേശത്തെ കാലാവസ്ഥ രൂപപ്പെടുന്നത്. വിശാലമായ അര്‍ത്ഥത്തില്‍ ദീര്‍ഘകാലമായി ഒരു പ്രദേശത്ത് അനുഭവപ്പെടുന്ന ഋതുഭേദങ്ങളാണ് കാലാവസ്ഥ.. സീസണുകള്‍ അനുസരിച്ച് കാലാവസ്ഥയില്‍ മാറ്റമുണ്ടാകും. ഉദാഹരണത്തിന് വേനല്‍ക്കാലത്ത് നല്ല ചൂടുള്ള, വരണ്ട പ്രദേശങ്ങള്‍ ശൈത്യകാലമെത്തുന്നതോടെ മഞ്ഞുമൂടി തണുത്തുറയാറുണ്ട്. പല സ്ഥലങ്ങളില്‍ പല കാലാവസ്ഥയാകും ഉണ്ടാകുക. എപ്പോഴും മഞ്ഞ് മാത്രമുള്ള സ്ഥലങ്ങളുണ്ട്. എപ്പോഴും കഠിനമായ ചൂട് അനുഭവപ്പെടുന്ന സ്ഥലങ്ങളും നമ്മുടെ ഭൂമിയിലുണ്ട്. ഭൂമിക്ക് മൊത്തത്തില്‍ ഒരു കാലാവസ്ഥയുണ്ട്. ലോകമൊന്നാകെയുള്ള  കാലാവസ്ഥകള്‍ കൂടിച്ചേരുന്നതാണ് ഭൂമിയുടെ കാലാവസ്ഥ.

വ്യതിയാനം സംഭവിച്ചതെപ്പോള്‍?
4.5 ശതകോടി വര്‍ഷങ്ങള്‍ക്ക് മുമ്പ് പ്രപഞ്ചമുണ്ടായത് മുതല്‍ക്ക് ഭൂമിയുടെ കാലാവസ്ഥയില്‍ എപ്പോഴും മാറ്റങ്ങള്‍ അല്ലെങ്കില്‍ വ്യതിയാനങ്ങള്‍ സംഭവിക്കുന്നുണ്ട്. ഭൂമി ഇപ്പോള്‍ ഉള്ളതിനേക്കാള്‍ ചൂടായിരുന്ന ഒരു സമയമുണ്ട്. അതുപോലെ ഭൂമിയില്‍ നല്ല തണുപ്പ് അനുഭവപ്പെട്ട ഒരു കാലവും ഉണ്ടായിരുന്നു. വന്‍കരകളുടെയും സമുദ്രങ്ങളുടെയും കിടപ്പിലുണ്ടായിക്കൊണ്ടിരുന്ന നിരന്തരമായ മാറ്റങ്ങളും സൂര്യരശ്മികളുടെ തീവ്രതയിലുള്ള മാറ്റങ്ങളും ഭൂമിയുടെ ഭ്രമണപഥത്തിലുള്ള വ്യത്യാസങ്ങളുമൊക്കെയായിരുന്നു അതിനുള്ള കാരണങ്ങള്‍. സഹസ്രാബ്ദങ്ങളോളമാണ് ഇത്തരം മാറ്റങ്ങള്‍ നീണ്ടുനിന്നത്.

ഭൂമിയുടെ കാലാവസ്ഥയെ കുറിച്ച് പഠിക്കുന്നവര്‍ക്ക് സമീപകാലത്തായി നമ്മുടെ അന്തരീക്ഷ താപനില ഗണ്യമായി വര്‍ധിച്ചതായി മനസിലാക്കാന്‍ കഴിയും. അതായത് നൂറ് വര്‍ഷങ്ങള്‍ക്കിടെ ഭൂമിയുടെ താപനില ഏതാണ്ട് ഒരു ഒരു ഡിഗ്രി ഫാരന്‍ഹീറ്റോളം (17.222 ഡിഗ്രി സെല്‍ഷ്യസ്) വര്‍ധിച്ചിട്ടുണ്ട്. ഇതൊരു വലിയ വര്‍ധനയല്ലെന്ന് നമുക്ക് തോന്നിയേക്കാം. അമേരിക്കയിലെ നാഷണല്‍ ഓഷ്യാനിക് ആന്‍ഡ് അറ്റ്‌മോസ്‌ഫെറിക് അഡ്മിനിസ്‌ട്രേഷന്റെ (എന്‍ഒഎഎ) 2020ലെ റിപ്പോര്‍ട്ട് അനുസരിച്ച് ഭൂമിയിലെ സമുദ്രങ്ങളിലെയും കരകളിലെയും മൊത്തത്തിലുള്ള താപനിലയില്‍ 1880ന് ശേഷം ഓരോ ദശാബ്ദത്തിലും ശരാശരി 0.13 ഡിഗ്രി ഫാരന്‍ഹീറ്റിന്റെ (0.08 ഡിഗ്രി സെല്‍ഷ്യസ്) വര്‍ധനയുണ്ടാകുന്നുണ്ട്. 1981കള്‍ക്ക് ശേഷം താപനിലയിലുള്ള വര്‍ധന ഇരട്ടി വേഗതയിലാണ്(0.18 ഡിഗ്രി സെല്‍ഷ്യസ് അല്ലെങ്കില്‍ 0.32 ഡിഗ്രി ഫാരന്‍ഹീറ്റ്).

നമ്മുടെ സമുദ്രങ്ങളുടെ വലുപ്പവും താപശേഷിയും കണക്കിലെടുക്കുമ്പോള്‍ ഭൂമിയുടെ ശരാശരി വാര്‍ഷിക താപനിലയില്‍ ചെറിയൊരു വര്‍ധനയുണ്ടാക്കണമെങ്കില്‍ പോലും വളരെ വലിയ അളവിലുള്ള താപോര്‍ജ്ജം ആവശ്യമാണ്. വ്യാവസായിക യുഗാരംഭത്തിന് മുമ്പ് (1880-1990) ഉണ്ടായിരുന്നതിനേക്കാള്‍ ശരാശരി ഉപരിതല താപനിലയില്‍ ഏതാണ്ട് രണ്ട് ഡിഗ്രിയുടെ വര്‍ധനയാണ് അതിന് ശേഷമുണ്ടായത്. കേള്‍ക്കുമ്പോള്‍ വളരെ ചെറിയ സംഖ്യയെന്ന് തോന്നുമെങ്കിലും അന്തരീക്ഷത്തില്‍ കുടുങ്ങിക്കിടക്കുന്ന താപത്തില്‍ വളരെയധികം വര്‍ധനയുണ്ടായെന്നാണ് അത് സൂചിപ്പിക്കുന്നത്. ഈ അധികതാപം പ്രാദേശിക താപനിലയിലും ഒരോ സീസണ്‍ അനുസരിച്ചുള്ള താപനിലയിലും വലിയ മാറ്റങ്ങളാണ് ഉണ്ടാക്കുന്നത്. തണുപ്പാണെങ്കില്‍ കൊടും തണുപ്പ് ചൂടാണെങ്കില്‍ സഹിക്കാനാകാത്ത ചൂട് തുടങ്ങിയ അവസ്ഥകള്‍ ഉണ്ടാക്കുന്നത് ഇത്തരത്തില്‍ അടിഞ്ഞുകൂടുന്ന താപമാണ്. കാലങ്ങളായി ധ്രൂവങ്ങളിലും സമുദ്രങ്ങളിലും ഉറഞ്ഞ് കിടന്നിരുന്ന ഐസ് ഉരുകാനും മഴയുടെ തീവ്രത വര്‍ധിക്കാനും സസ്യങ്ങളുടെയും മൃഗങ്ങളുടെയും ആവാസ വ്യവസ്ഥകളില്‍ മാറ്റമുണ്ടാകാനും മൂലകാരണങ്ങളിലൊന്ന് ഭൂമിയുടെ താപനിലയിലുള്ള ഈ വര്‍ധനയാണ്.

  എന്‍വിറോ ഇന്‍ഫ്രാ ഐപിഒ

കരയുടെയും സമുദ്രത്തിന്റെയും മൊത്തത്തിലുള്ള താപനില കണക്കെടുക്കുമ്പോള്‍ 141 വര്‍ഷത്തിനിടെയുള്ള രണ്ടാമത്തൈ കൊടുംചൂടിന്റെ വര്‍ഷമായിരുന്നു 2020. കരപ്രദേശങ്ങളില്‍ റെക്കോഡ് ചൂടാണ് കഴിഞ്ഞ വര്‍ഷം രേഖപ്പെടുത്തിയത്. ഫ്രാാന്‍സിന്റെ മിക്ക ഭാഗങ്ങളും വടക്കന്‍ പോര്‍ച്ചുഗലും സ്‌പെയിനും റഷ്യയും തെക്ക് പടിഞ്ഞാറന്‍ ചൈനയും ഉള്‍പ്പടെ യൂറോപ്പിന്റെയും ഏഷ്യയുടെയും നിരവധി ഭാഗങ്ങളില്‍ റെക്കോഡ് ചൂട് രേഖപ്പെടുത്തി. അറ്റ്‌ലാന്റിക്, ശാന്ത സമുദ്രങ്ങള്‍ ഉള്‍പ്പടെ ഭൂഗോളത്തിന്റെ ഭൂരിഭാഗങ്ങളിലും ശരാശരിയില്‍ കൂടുതല്‍ ചൂട് രേഖപ്പെടുത്തി. ആര്‍ട്ടിക് ധ്രുവങ്ങളില്‍ വരെ അസാധാരണ ചൂടെത്തി. അന്റാര്‍ട്ടിക് ഉപദ്വീപിന്റെ അങ്ങേയറ്റത്ത് പോലും റെക്കോഡ് ചൂട് രേഖപ്പെടുത്തി.

താപനിലയിലെ ചെറിയ മാറ്റങ്ങള്‍ക്ക് പോലും ഭൂമിയുടെ കാലാവസ്ഥയില്‍ വളരെ വലിയ മാറ്റമുണ്ടാക്കാന്‍ സാധിക്കും. താപനിലയിലുള്ള വര്‍ധനവിന്റെ ആഘാതങ്ങള്‍ പ്രകടമായി തുടങ്ങി. ചൂട് മൂലം മഞ്ഞുരുകുകയും സമുദ്രനിരപ്പ് ഉയരുകയും ചെയ്യുന്നു. കാലം തെറ്റി മഴയും വെയിലും എത്തിത്തുടങ്ങി. എന്തിന് ചെടികള്‍ പൂക്കുന്നതിന്റെയും കായ്ക്കുന്നതിന്റെയും സമയങ്ങളില്‍ വരെ മാറ്റമുണ്ടായി കഴിഞ്ഞു.

എന്താണ് കാലാവസ്ഥ വ്യതിയാനം
കാലം തെറ്റിയുള്ള കാലാവസ്ഥയാണ് കാലാവസ്ഥ വ്യതിയാനം. ഋതുഭേദങ്ങളുടെ ക്രമത്തിലും സമുദ്രങ്ങളുടെയും ഭൗമോപരിതലത്തിന്റെയും ഹിമാനികളുടെയും സ്വഭാവത്തിലും പ്രകടമാകുന്ന മാറ്റങ്ങള്‍. അതിനാല്‍ ഒരു പ്രദേശത്തിന്റെ കാലങ്ങളായുള്ള (കുറഞ്ഞത് മുപ്പത് വര്‍ഷം) കാലാവസ്ഥ സവിശേഷതകളില്‍ ഉണ്ടാകുന്ന മാറ്റങ്ങളെ കാലാവസ്ഥ വ്യതിയാനമെന്ന് വിളിക്കാം. പല കാരണങ്ങള്‍ കൊണ്ടും കാലാവസ്ഥ വ്യതിയാനമുണ്ടാകാം. നേരത്തെ സൂചിപ്പിച്ചത് പോലെ ഭൂമിക്കും സൂര്യനും ഇടയിലള്ള ദൂരം, ഭൂമിയില്‍ ലഭിക്കുന്ന സൗരോര്‍ജ്ജം, സമുദ്രങ്ങള്‍, അഗ്നിപര്‍വ്വതങ്ങള്‍ എന്നിങ്ങനെ പ്രകൃതിയിലെ സ്വാഭാവികമായ മാറ്റങ്ങളും മനുഷ്യ ഇടപെടലുകളും കാലാവസ്ഥ വ്യതിയാനത്തിന് കാരണമാകുന്നുണ്ട്.

എപ്പോഴാണ് കാലാവസ്ഥ മാറിത്തുടങ്ങിയത്
ചരിത്രം പരിശോധിച്ചാല്‍ ഭൂമി എക്കാലത്തും കാലാവസ്ഥ വ്യതിയാനത്തിന് വേദിയായിട്ടുണ്ടെന്ന് മനസിലാകും. 650,000 വര്‍ഷങ്ങള്‍ക്കിടെ ഏഴ് തവണ ഭൂമിയില്‍ ഹിമാനികളുടെ തോതില്‍ വര്‍ധനയും പിന്‍വാങ്ങലും രേഖപ്പെടുത്തിയിട്ടുണ്ട്. 11,700 വര്‍ഷങ്ങള്‍ക്ക് മുമ്പാണ് അവസാനത്തെ ഹിമയുഗം പൊടുന്നനെ അവസാനിക്കുന്നതും ആധുനിക കാലാവസ്ഥ യുഗത്തിന് തുടക്കമാകുന്നതും. മനുഷ്യ സംസ്‌കാരം ഉടലെടുക്കുന്നതും അതിന് ശേഷമാണ്. ഭൂമിയുടെ ഭ്രമണപഥത്തിലുണ്ടായ നേരിയ വ്യതിയാനങ്ങളും ഭൂമിക്ക് ലഭിക്കുന്ന സൗരോര്‍ജ്ജത്തിന്റെ അളവിലുള്ള വ്യത്യാസവുമാണ് അന്ന് കാലാവസ്ഥയില്‍ വ്യതിയാനങ്ങളുണ്ടാക്കിയത്.

പക്ഷേ ഇപ്പോഴുണ്ടാകുന്ന കാലാവസ്ഥ വ്യതിയാനം കൂടുതല്‍ പ്രാധാന്യമര്‍ഹിക്കുന്നു. കാരണം ഇരുപതാം നൂറ്റാണ്ടിന് ശേഷമുള്ള മനുഷ്യരുടെ ഇടപെടലുകളാണ് ഇപ്പോള്‍ കാലാവസ്ഥ വ്യതിയാനത്തിന്റെ ആക്കം കൂട്ടുന്നതെന്നാണ് ശാസ്ത്രലോകത്തിന്റെ വിശ്വാസം. പത്തൊമ്പതാം നൂറ്റാണ്ടിന്റെ പകുതിയോടെയാണ് കാര്‍ബണ്‍ ഡയോക്‌സൈഡും മറ്റ് ഹരിതഗൃഹ വാതകങ്ങളും ഭൂമിയില്‍ പിടിച്ചുനിര്‍ത്താന്‍ ആരംഭിച്ചത്. ഹരിതഗൃഹ വാതകങ്ങളുടെ അളവിലുള്ള വര്‍ധന ആഗോളതാപനത്തിന് ഇടയാക്കിയെന്നതില്‍ യാതൊരു സംശയവും ഇല്ല.

അടുത്ത നൂറ് വര്‍ഷങ്ങള്‍ കൂടെ ഭൂമിയുടെ താപനിലയിലുള്ള വര്‍ധന തുടരുമെന്നാണ് ശാസ്ത്രലോകം പറയുന്നത്. അങ്ങനെവന്നാല്‍ കൂടുതല്‍ ഹിമാനികളും സമുദ്രങ്ങളിലെ ഐസുകട്ടകളും ഉരുകാന്‍ തുടങ്ങും. അതിന്റെ പ്രതിഫലനമെന്നോണം സമുദ്രങ്ങളില്‍ ജലനിരപ്പ് ക്രമാതീതമായി ഉയരും. ചില സ്ഥലങ്ങള്‍ അത്യുഷ്ണത്തിന്റെ പിടിയിലാകും. മറ്റിടങ്ങളില്‍ മഞ്ഞ് മൂടും. ചിലയിടങ്ങളില്‍ പേമാരികള്‍ മൂലം പ്രളയമുണ്ടാകും. മറ്റിടങ്ങള്‍ വരണ്ടുണങ്ങും. പലയിടത്തും ചുഴലിക്കാറ്റുകള്‍ സംഹാരതാണ്ഡവമാടും.

വരും വര്‍ഷങ്ങളിലും ഉഷ്ണതരംഗം
കടല്‍ച്ചൂടും കടല്‍ തിളച്ചുമറിയുന്ന ദിനങ്ങളും വര്‍ധിക്കുന്നതോടെ കേരളത്തില്‍ അനുഭവപ്പെടുന്ന ഉഷ്ണതരംഗം വരുംവര്‍ഷങ്ങളിലും തുടരുമെന്നാണ് ഏറ്റവും പുതിയ പഠനറിപ്പോര്‍ട്ടുകള്‍ പറയുന്നു. കടല്‍ തിളച്ചുമറിയുന്ന ദിനങ്ങള്‍ 12 ഇരട്ടിവരെ വര്‍ധിക്കുന്നതോടെ ഇന്ത്യന്‍ മഹാസമുദ്രത്തിന്റെ താപനില 2.7 ഡിഗ്രിവരെ വര്‍ധിച്ചേക്കാമെന്നും പുണെയിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ട്രോപ്പിക്കല്‍ മെറ്റീരിയോളജിയുടെ പഠനം പറയുന്നു. ഇന്ത്യന്‍ മഹാസമുദ്രത്തിലെ ചൂട് 1950 മുതല്‍ 2020 വരെയുള്ള കാലത്ത് ഒരു ദശാബ്ദത്തില്‍ 0.12 ഡിഗ്രി സെല്‍ഷ്യസ് എന്ന തരത്തില്‍ വര്‍ധിച്ചിട്ടുണ്ട്. ഇത് സമുദ്രത്തിനടുത്തുള്ള പ്രദേശങ്ങള്‍ക്ക് വലിയ ഭീഷണിയുണ്ടാക്കുന്നു. 2020 മുതല്‍ 2100 വരെയുള്ള ഓരോ പത്തുവര്‍ഷത്തിലും 0.17 മുതല്‍ 0.38 ഡിഗ്രി സെല്‍ഷ്യസ് എന്ന നിലയില്‍ താപവര്‍ധനയുണ്ടാകും. ഇത് കടല്‍ച്ചൂട് 28.5 ഡിഗ്രി സെല്‍ഷ്യസ്മുതല്‍ 30.7 ഡിഗ്രി സെല്‍ഷ്യസ് വരെ എന്ന തരത്തിലാകും. സമുദ്രതാപം 28 ഡിഗ്രി സെല്‍ഷ്യസിന് മുകളിലേക്കെത്തുന്നത് ചുഴലിക്കാറ്റുകളുടെ എണ്ണവും തീവ്രതയും കൂട്ടും.

Maintained By : Studio3