വായ്പകളെ സംബന്ധിച്ച് ഇന്ത്യക്കാര്‍ക്കിടയിലെ അവബോധം വര്‍ധിച്ചതായി സിബില്‍ റിപ്പോര്‍ട്ട്
കൊച്ചി: വായ്പകള്‍ സംബന്ധിച്ച് ഇന്ത്യക്കാര്‍ക്കിടയിലുള്ള സമഗ്രമായ അവബോധം വര്‍ധിച്ചതായി ട്രാന്‍സ്യൂണിയന്‍ സിബിലിന്‍റെ സിബില്‍ ഫോര്‍ എവരി ഇന്ത്യന്‍ എന്ന റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. തങ്ങളുടെ വായ്പാ വിവരങ്ങള്‍ ആദ്യമായി സ്വയം പരിശോധിക്കുന്നവരുടെ എണ്ണം 2021 ഒക്ടോബര്‍ മുതല്‍ 2022 സെപ്റ്റംബര്‍ വരെയുള്ള കാലത്ത് 83 ശതമാനം വര്‍ധിച്ചതായി റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
2009-ല്‍ സിബിലിന്‍റെ ഡയറക്ട് ടു കണ്‍സ്യൂമര്‍ സേവനങ്ങള്‍ ആരംഭിച്ച ശേഷം 6.11 കോടി ഉപഭോക്താക്കളാണ് തങ്ങളുടെ വായ്പാ വിവരങ്ങള്‍ സ്വയം നിരീക്ഷിച്ചിട്ടുള്ളത്. 2021 ഒക്ടോബര്‍ മുതല്‍ 2022 സെപ്റ്റംബര്‍ വരെ 2.38 കോടി ഉപഭോക്താക്കള്‍ തങ്ങളുടെ വായ്പാ വിവരങ്ങള്‍ ആദ്യമായി നിരീക്ഷിക്കുന്നതിനായി രജിസ്റ്റര്‍ ചെയ്യുകയുണ്ടായി. ഈ വര്‍ധനവിന്‍റെ 71 ശതമാനവും മെട്രോ ഇതര മേഖലകളില്‍ നിന്നുമായിരുന്നു.
തങ്ങളുടെ വായ്പാ വിവരങ്ങള്‍ സ്വയം നിരീക്ഷിക്കുന്ന വനിതകളുടെ കാര്യത്തില്‍ ഇക്കാലയളവില്‍ 88 ശതമാനം വര്‍ധനവാണുള്ളത്. സ്വയം നിരീക്ഷണം നടത്തുന്ന ഉപഭോക്താക്കളുടെ കാര്യത്തില്‍ മെട്രോ ഇതര മേഖലകളില്‍ 96 ശതമാനം വര്‍ധനവുണ്ടായപ്പോള്‍ മെട്രോ മേഖലകളില്‍ 58 ശതമാനം വര്‍ധനവാണുണ്ടായതെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. രണ്ടോ അതിലധികമോ സജീവ വായ്പാ അക്കൗണ്ടുകള്‍ ഉള്ള ഉപഭോക്താക്കള്‍ക്കിടയിലെ 68 ശതമാനം ഉപഭോക്താക്കള്‍ സ്വയം നിരീക്ഷണം നടത്തുന്നുണ്ട്.
ഡിജിറ്റല്‍ സേവനങ്ങളുടെ വളര്‍ച്ച, സ്മാര്‍ട്ട് ഫോണുകള്‍, ഇന്‍റര്‍നെറ്റ് സാന്ദ്രത തുടങ്ങിയവ ചെറുപട്ടണങ്ങളിലും ഗ്രാമങ്ങളിലും വായ്പാ രംഗവുമായി ബന്ധപ്പെട്ട അവബോധം വര്‍ധിക്കുവാന്‍ സഹായകമായിട്ടുണ്ടെന്ന് ട്രാന്‍സ്യൂണിയന്‍ സിബില്‍ മാനേജിങ് ഡയറക്ടറും സിഇഒയുമായ രാജേഷ് കുമാര്‍ പറഞ്ഞു. വിവിധ സാമ്പത്തിക സേവനങ്ങള്‍ മല്‍സരാധിഷ്ഠിതമായി മനസിലാക്കാന്‍ ഇക്കാര്യങ്ങള്‍ ജനങ്ങളെ സഹായിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.