ഇന്ത്യന്‍ ക്യാപ്റ്റന്‍റെ ധീരത പ്രകടമാക്കി ചൈനയുടെ ഗാല്‍വാന്‍ വീഡിയോ
ന്യൂഡെല്‍ഹി: കിഴക്കന്‍ ലഡാക്കിലെ ഗാല്‍വാന്‍ വാലി ഏറ്റുമുട്ടലിനിടെ ഒരു ഇന്ത്യന്‍ ആര്‍മി ഉദ്യോഗസ്ഥന്‍റെ ധീരത പ്രകടമാക്കുന്ന വീഡിയോ ചൈന സോഷ്യല്‍ മീഡിയയില്‍ പുറത്തിറക്കി. ചൈനീസ് പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മി (പിഎല്‍എ) യ്ക്കെതിരായ ഏറ്റുമുട്ടലിനിടെ ഗാല്‍വാന്‍ വാലിയില്‍ തന്‍റെ ആളുകളെ മുന്നില്‍ നിന്ന് നയിക്കുന്നത് മണിപ്പൂരിലെ സേനാപതി ജില്ലയില്‍ നിന്നുള്ള ബിഹാര്‍ റെജിമെന്‍റിന്‍റെ ഉദ്യോഗസ്ഥനാണ്. അദ്ദേഹം ഇന്ത്യന്‍ ആര്‍മിയിലെ ക്യാപ്റ്റനാണ്. ഇന്ത്യന്‍ സൈന്യത്തിന്‍റെ അഭ്യര്‍ത്ഥന മാനിച്ച് ക്യാപ്റ്റന്‍റെ പേര് പുറത്തുവിട്ടിട്ടില്ല. ഇന്ത്യന്‍ പ്രദേശത്തേക്ക് കടക്കാനൊരുങ്ങുന്ന ചൈനീസ് സേനക്കുനേരെ നിരായുധനായി അദ്ദേഹം നടക്കുന്നത് വീഡിയോയില്‍ കാണാം. ഏറ്റുമുട്ടലില്‍ ഇന്ത്യക്ക് 20 സൈനികരെ നഷ്ടമായി.
എതിരാളിയെ മാനസികമായി തളര്‍ത്താനുള്ള യുദ്ധതന്ത്രത്തിന്‍റെ ഭാഗമായാണ് ചൈന ഗാല്‍വാന്‍ താഴ്വരയിലെ ഏറ്റുമുട്ടലിനിടെണ്ടായ വീഡിയോ പുറത്തുവിട്ടത്. സോഷ്യല്‍ മീഡിയയുടെ എല്ലാ പ്ലാറ്റ്ഫോമുകളിലും വീഡിയോ വൈറലായി. ഏറ്റുമുട്ടലിനിടെ നാല് സൈനികരെ നഷ്ടപ്പെട്ടതായി ചൈന ആദ്യമായി അംഗീകരിച്ചതിന് ശേഷമാണ് വീഡിയോ പുറത്തുവിട്ടത്. യഥാര്‍ത്ഥ നിയന്ത്രണ രേഖയില്‍ സംഘര്‍ഷങ്ങള്‍ ഒഴിവാക്കുന്നതിനായുള്ള സൈനിക മേധാവികളുടെ യോഗത്തിന് ഒരു ദിവസം മുമ്പാണ് വീഡിയെ വന്നത് എന്ന പ്രത്യേകതയുണ്ട്. ഏറ്റുമുട്ടലിന്‍റെ വീഡിയോയോട് ഇന്ത്യന്‍ സൈന്യം പ്രതികരിച്ചിട്ടില്ല.