സാങ്കേതികവിദ്യാരംഗത്ത് ലോകശക്തിയാന്‍ ചൈന ഒരുങ്ങുന്നു
1 min readപടിഞ്ഞാറിനെ ആശ്രയിക്കുന്നത് കുറയ്ക്കുക എന്നത് ലക്ഷ്യം
തന്ത്രപരമായ മേഖലകളില്‍ സ്വയം പര്യാപ്തത ഷി ജിന്‍പിംഗിന്‍റെ സ്വപ്നം
ന്യൂഡെല്‍ഹി: സാങ്കേതിവിദ്യാ രംഗത്ത് ചൈനയെ ലോകശക്തിയാക്കിമാറ്റാനുള്ള തന്ത്രങ്ങളുമായി പ്രസിഡന്‍റ് ഷി ജിന്‍പിംഗ്. ബെയ്ജിംഗിന്‍റെ ഈ നീക്കം പടിഞ്ഞാറന്‍ രാജ്യങ്ങളുടെ ഉറക്കംകെടുത്തുന്നു എന്നുതന്നെ പറയാം. അടുത്ത ഏതാനും ദശകങ്ങള്‍ക്കുള്ളില്‍ തന്ത്രപ്രധാനമായ നൂതന സാങ്കേതികവിദ്യകളില്‍ ആധിപത്യം സ്ഥാപിക്കാനുള്ള ചൈനയുടെ കഴിവ് ഒരു ഭീഷണി തന്നെ സൃഷ്ടിക്കും എന്നാണ് കരുതപ്പെടുന്നത്. ഈ മുന്നേറ്റം സ്വാഭാവികമായും യുഎസിന്‍റെ ഉയര്‍ച്ചയെ തടയുന്നതാണ്. കൂടാതെ കോവിഡാനന്തര കാലത്ത് കൂടുതല്‍ സ്വയംപര്യാപ്തതയ്ക്കുള്ള പദ്ധതികള്‍ അവര്‍ അനാവരണം ചെയ്യാനൊരുങ്ങുകയാണ്.
കമ്പ്യൂട്ടര്‍ ചിപ്പുകള്‍ പോലുള്ള നിര്‍ണായക ഘടകങ്ങള്‍ക്കായി പടിഞ്ഞാറിനെ ആശ്രയിക്കുന്നത് കുറയ്ക്കുന്നതിനായുള്ള അഞ്ച് വര്‍ഷത്തെ നയ ബ്ലൂപ്രിന്‍റിന് ഉടന്‍ അംഗീകാരം നല്‍കും. വന്‍കിട നൂതന സാങ്കേതിക വിദ്യാരംഗത്ത് കിടമത്സരം വര്‍ധിപ്പിക്കുന്ന നടപടികള്‍ ചൈനീസ് പക്ഷത്തുനിന്നുണ്ടാകും. ഇതിനുപുറമേ ട്രില്യണ്‍ കണക്കിന് ഡോളര്‍ സമാഹരിക്കാനുള്ള ശ്രമം ലോകത്തെ ഏറ്റവും വലിയ സമ്പദ്വ്യവസ്ഥയെന്ന നിലയില്‍ യുഎസിനെ മറികടക്കാന്‍ ബെയ്ജിംഗിനെ സഹായിക്കുകയും ചെയ്യും. ഇതാണ് ഷി ജിന്‍പിംഗിന്‍റെ ലക്ഷ്യം.”ഏറ്റവും പ്രധാനപ്പെട്ട കാര്യം അഭിലാഷത്തിന്‍റെ വ്യാപ്തിയാണ് – ഇത് ജപ്പാന്‍, ദക്ഷിണ കൊറിയ അല്ലെങ്കില്‍ യുഎസ് ഇതുവരെ ചെയ്ത പ്രവര്‍ത്തികളേക്കാള്‍ വലുതാണ്,” സാന്‍ ഡീഗോയിലെ കാലിഫോര്‍ണിയ സര്‍വകലാശാലയിലെ പ്രൊഫസറും ലോകത്തെ മികച്ച ഗവേഷകരില്‍ ഒരാളുമായ ബാരി നൊട്ടന്‍ പറയുന്നു. ഒരു സാങ്കേതിക വിപ്ലവത്തിന്‍റെ കവാടത്തിലൂടെ സമ്പദ്വ്യവസ്ഥയെ മുന്നോട്ട് നയിക്കുക എന്നതാണ് ഷിയുടെ അഭിലാഷം.
ഇപ്പോള്‍ ചൈനയും യുഎസും തന്ത്രപരമായ മേഖലകളില്‍ സ്വയം പര്യാപ്തത കൈവരിക്കാനാണ് ലക്ഷ്യമിടുന്നത്. ഓരോരുത്തരും തങ്ങളുടെ രാഷ്ട്രീയ വ്യവസ്ഥയെ ഉയര്‍ത്താനും ശ്രമിക്കുന്നു. ജനാധിപത്യവും അഭിപ്രായസ്വാതന്ത്ര്യവും അഭിവൃദ്ധിക്ക് അനിവാര്യമെന്ന് കരുതുന്ന ഒരു രാജ്യവും വ്യക്തിഗത സ്വാതന്ത്ര്യത്തിന് മുകളില്‍ ഏകക്ഷി ഭരണം നടത്തുന്ന മറ്റൊന്നും തമ്മില്‍ സാമ്പത്തിക വളര്‍ച്ചക്കായുള്ള കൊമ്പുകോര്‍ക്കലുകള്‍ ഭാവിയില്‍ ഉണ്ടാകാം.
രാഷ്ട്രീയ എതിര്‍പ്പുകളെ ഷി ഫലപ്രദമായി ചൈനയില്‍ തടയുന്നുണ്ട്. ചൈനയുടെ 1.4 ബില്യണ്‍ ജനങ്ങളുടെ ജീവിതം മെച്ചപ്പെടുത്തുന്നതിനേക്കാള്‍ പ്രാധാന്യം ഇക്കാര്യത്തിനാണ് നല്‍കുക. സമ്പദ്വ്യവസ്ഥയെ നയിക്കുന്നതില്‍ പാര്‍ട്ടിക്ക് വിജയകരമായ പങ്ക് വഹിക്കാന്‍ കഴിയുമെന്ന് ഷി വ്യക്തമാക്കാന്‍ ആഗ്രഹിക്കുന്നു. അമേരിക്കന്‍ പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപിന്‍റെ ഭരണകൂടം ചൈനയിലെ ഏറ്റവും വലിയ മൈക്രോചിപ്പ് നിര്‍മാതാക്കളായ ഹ്വാവേ ടെക്നോളജീസ് കമ്പനിയും അര്‍ദ്ധചാലക നിര്‍മാതാക്കളായ ഇന്‍റര്‍നാഷണല്‍ കോര്‍പ്പറേഷനും ദുര്‍ബലപ്പെടുത്താനും നശിപ്പിക്കാനും ശ്രമിച്ചതിനുശേഷമാണ് ബെയ്ജിംഗ് അവരുടെ നയത്തില്‍ കാതലായ മാറ്റം വരുത്തിയതെന്ന് കരുതുന്നു.
കോവിഡ് വ്യാപനത്തിനുശേഷം ബെയ്ജിംഗിന് അതിന്‍റെ രാഷ്ട്രീയ വ്യവസ്ഥയില്‍ ആത്മവിശ്വാസം വളര്‍ന്നു. യുഎസിലെ 4.1 ശതമാനവുമായി താരതമ്യം ചെയ്യുമ്പോള്‍ ഈ വര്‍ഷം ചൈനയുടെ സമ്പദ്വ്യവസ്ഥ 8.3 ശതമാനം വികസിക്കുമെന്ന് സാമ്പത്തിക വിദഗ്ധര്‍ പ്രവചിക്കുന്നു. പ്രധാന സാങ്കേതികവിദ്യകളിലേക്ക് ബെയ്ജിംഗിന് പ്രവേശനം നിഷേധിക്കുന്നതിലൂടെയും തന്ത്രപരമായ ചരക്കുകളുടെ സ്വന്തം വിതരണത്തിലൂടെയും ഷിയുടെ അഭിലാഷങ്ങളെ തകര്‍ക്കാന്‍ യുഎസ് ശ്രമിക്കുന്നു. അതിനായി അമേരിക്ക ഇപ്പോള്‍ സഖ്യകക്ഷികളെ തേടുന്നുമുണ്ട്. കഴിഞ്ഞയാഴ്ച യുഎസ് പ്രസിഡന്‍റ് ജോ ബൈഡന്‍ അര്‍ധചാലകങ്ങള്‍, ഫാര്‍മസ്യൂട്ടിക്കല്‍സ്, അപൂര്‍വ-ഭൗമ ലോഹങ്ങള്‍, ഉയര്‍ന്ന ശേഷിയുള്ള ബാറ്ററികള്‍ എന്നിവയുടെ വിപുലമായ വിതരണ ശൃംഖലയുടെ അവലോകനം പ്രഖ്യാപിച്ചു. ഇത് ചൈനയുമായുള്ള മത്സരത്തിന്‍റെ തയ്യാറെടുപ്പായാണ് വിദഗ്ധര്‍ വിലയിരുത്തുന്നത്.
ചൈനീസ് കമ്പനികള്‍ക്ക് ബെയ്ജിംഗ് അന്യായമായ നേട്ടങ്ങള്‍ നല്‍കുന്നുവെന്ന് പരക്കെ ആരോപണമുണ്ട്. ഇത് സൃഷ്ടിക്കുന്ന ആശങ്ക യൂറോപ്യന്‍ യൂണിയനും സ്ഥിരീകരിച്ചിട്ടുണ്ട്. ചൈനയുടെ സാമൂഹിക-സാമ്പത്തിക മാതൃകയില്‍ നിന്ന് ഉണ്ടാകുന്ന വെല്ലുവിളികള്‍ക്കെതിരെ യുഎസുമായി സഹകരിക്കുമെന്ന് യൂറോപ്യന്‍ യൂണിയന്‍ ട്രേഡ് കമ്മീഷണറും വ്യക്തമാക്കിയിട്ടുണ്ട്.
അടുത്ത 12 മാസത്തിനുള്ളില്‍ സമ്പദ്വ്യവസ്ഥയെ സജീവമാക്കുന്നതിനുള്ള പദ്ധതികള്‍ പ്രീമിയര്‍ ലി കെകിയാങ് അവതരിപ്പിക്കും. പ്രധാനമായി, ചിപ്പ് നിര്‍മാണ ഉപകരണങ്ങള്‍, മൊബീല്‍ ഫോണ്‍ ഓപ്പറേറ്റിംഗ് സിസ്റ്റങ്ങള്‍, എയര്‍ക്രാഫ്റ്റ് ഡിസൈന്‍ സോഫ്റ്റ്വെയര്‍ തുടങ്ങി ചൈനയ്ക്ക് നിലവില്‍ ഉത്പാദിപ്പിക്കാന്‍ കഴിയാത്ത 30-ല്‍ കൂടുതല്‍ സാങ്കേതികവിദ്യകള്‍ എന്നിവ വികസിപ്പിക്കാനുള്ള ദീര്‍ഘകാല പദ്ധതികളുടെ വിശദാംശങ്ങളും ഇതിലുണ്ടാകും.
ചൈന കഷ്ടപ്പെടുന്ന പ്രധാന മേഖല ചിപ്പ് നിര്‍മാണമാണ്, അതിന്‍റെ മുന്‍നിര കമ്പനികള്‍ ആഗോള എതിരാളികളെക്കാള്‍ അഞ്ച് വര്‍ഷമെങ്കിലും പിന്നിലാണ്. അതിനാല്‍ ചൈനയുടെ പഞ്ചവത്സര പദ്ധതിയില്‍ അര്‍ധചാലകങ്ങള്‍ക്കുള്ള ധനസഹായം വര്‍ധിപ്പിക്കുന്നതിനുള്ള നടപടികള്‍ ഉണ്ടാകും. ഈ മേഖലയെ അതിന്‍റെ ആറ്റോമിക് ശേഷി വര്‍ധിപ്പിക്കുന്നതിന് ഒരിക്കല്‍ നല്‍കിയ അതേ മുന്‍ഗണനയോടെയാകും പരിഗണിക്കുക.
ഇവിടെ ഗവേഷണത്തിനും വികസനത്തിനുമായി എത്രതുക ചെലവഴിക്കുമെന്നത് ഏവരും ഉറ്റുനോക്കുന്ന കാര്യമാണ്. ചൈനയുടെ ശാസ്ത്ര സാങ്കേതിക മന്ത്രാലയം ഹൈഡ്രജന്‍ എനര്‍ജി, ഇലക്ട്രിക് വാഹനങ്ങള്‍, സൂപ്പര്‍ കമ്പ്യൂട്ടിംഗ് തുടങ്ങിയ മുന്‍ഗണനാ മേഖലകള്‍ പ്രഖ്യാപിക്കുന്നതോടെ ധനസഹായമുള്ള ഗവേഷണത്തിനായി കൂടുതല്‍ തുക അനുവദിക്കും. 2020 മുതല്‍ 2025 വരെ 1.4 ട്രില്യണ്‍ ഡോളര്‍ ഹൈടെക് ഇന്‍ഫ്രാസ്ട്രക്ചറില്‍ നിക്ഷേപിക്കാനുള്ള പദ്ധതി ചൈന പ്രഖ്യാപിച്ചിട്ടുണ്ട്. 2016 മുതല്‍ 2020 വരെ നൂതന മരുന്നുകള്‍ വികസിപ്പിക്കുന്നതിന് ലിസ്റ്റുചെയ്ത ചൈനീസ് കമ്പനികളുടെ വിപണി മൂലധനം ഒരു ബില്യണ്‍ ഡോളറില്‍ നിന്ന് 217 ബില്യണ്‍ ഡോളറായി ഉയര്‍ന്നു. 2019 ല്‍ ചൈന വികസിപ്പിച്ച ആദ്യത്തെ കാന്‍സര്‍ ചികിത്സ യുഎസില്‍ അംഗീകരിച്ചു, ഇവയെല്ലാം ബെയ്ജിംഗിന് പ്രതീക്ഷ പകരുന്ന വസ്തുതകളാണ്.