അതിര്‍ത്തികടക്കുന്ന നദികളിലെ ജലപ്രവാഹം തടഞ്ഞ് ചൈന
1 min read- മെകോങിലെ ഡാമുകളും അഞ്ചു രാജ്യങ്ങളും
- ഉപജീവനത്തിനായി ഈ നദിയെ ആശ്രയിക്കുന്നത് 70 ദശലക്ഷം ജനങ്ങള്‍
- ഓരോ വര്‍ഷവും രണ്ട് ദശലക്ഷം ടണ്‍ മത്സ്യം മെകോങ്ങില്‍നിന്നും ലഭിക്കുന്നു
- അഞ്ചുരാജ്യങ്ങളിലെ സാമ്പത്തിക സ്ഥിതിയെ നേരിട്ട് ബാധിക്കുന്ന നദി
- ഇവിടെ ചൈന നിര്‍മിച്ചത് 11 ഡാമുകള്‍; ഇവ 12 ട്രില്യണ്‍ ഗാലന്‍ വെള്ളത്തില്‍ കൂടുതല്‍ തടഞ്ഞുനിര്‍ത്തുന്നു
ന്യൂഡെല്‍ഹി: അതിര്‍ത്തി കടന്ന് ഒഴുകുന്ന നദികളിലെ ജലപ്രവാഹം നിയന്ത്രിക്കുന്നത് ചൈനയുടെ നയമായി മാറുകയാണ്. ടിബറ്റന്‍ പീഠഭൂമിയില്‍ നിന്നും ഉത്ഭവിച്ച് ആറുരാജ്യങ്ങളിലൂടെ ഒഴുകി ദക്ഷിണ ചൈനാക്കടലില്‍ പതിക്കുന്ന നദിയാണ് മെകോങ്. തെക്കുകിഴക്കന്‍ രാജ്യങ്ങളിലേക്കുള്ള നദിയിലെ ജലപ്രവാഹം തടസപ്പെടുത്തരുതെന്ന് ഇപ്പോള്‍ യുഎസ് ഭരണകൂടം ബെയ്ജിംഗിനോട് ആവശ്യപ്പെട്ടിരിക്കുന്നു. അയല്‍ രാജ്യങ്ങളിലേക്കുള്ള ജലപ്രവാഹത്തെ തടയുന്നതിനായി മെകോങിന് മുകളില്‍ 11 ഡാമുകള്‍ ചൈന നിര്‍മിച്ചതായ റിപ്പോര്‍ട്ട് പരാമര്‍ശിച്ചാണ് അമേരിക്ക നയം വ്യക്തമാക്കിയത്. രാഷ്ട്രീയ നേട്ടങ്ങള്‍ക്കായി അതിര്‍ത്തി കടന്ന് പ്രവഹിക്കുന്ന നദികളിലെ ജലപ്രവാഹം തടസപ്പെടുത്തരുതെന്ന് യുഎസ് ആവശ്യപ്പെട്ടു. ഇതിനു പുറമേയാണ് ഇന്ത്യന്‍ അതിര്‍ത്തിയില്‍ നിന്ന് 30 കിലോമീറ്റര്‍ അകലെ ബ്രഹ്മപുത്ര നദിയില്‍ 60 ജിഗാവാട്ട് വൈദ്യുതി ഉല്‍പ്പാദിപ്പിക്കുന്ന മെഗാ ഡാം നിര്‍മിക്കാന്‍ ബെയ്ജിംഗ് തീരുമാനിച്ചത്. ഇത് ഇന്ത്യയിലേക്കും ബംഗ്ലാദേശിലേക്കുമുള്ള നദിയിലെ ജലപ്രവാഹം നിയന്ത്രിക്കും.
ഏകദേശം 4900 കിലോമീറ്റര്‍ നീളമുള്ള ഈ പ്രദേശത്തെ ഏറ്റവും നീളമേറിയ നദിയാണ് മെകോങ്. ഇത് മ്യാന്‍മാര്‍ ,തായ്ലന്‍ഡ്, ലാവോസ്, കംബോഡിയ, വിയറ്റ്നാം എന്നീ രാജ്യങ്ങളിലൂടെയാണ് കടലില്‍ എത്തുന്നത്. മെകോങ് നദീതടത്തിലെ പ്രാദേശിക ചര്‍ച്ചയ്ക്കും സഹകരണത്തിനുമായി നാല് രാജ്യങ്ങള്‍ ചേര്‍ന്ന് രൂപീകരിച്ച മെകോംഗ് റിവര്‍ കമ്മീഷന്‍ (എംആര്‍സി) മെകോങിലെ ജലനിരപ്പ് ക്രമാതീതമായി താഴുന്നതായി റിപ്പോര്‍ട്ടു ചെയ്തിരുന്നു. വര്‍ഷാരംഭം മുതല്‍ ഈ പ്രദേശത്ത് കുറഞ്ഞ മഴയാണ് ലഭിക്കുന്നത്. എന്നാല്‍ നദിയിലെ നീരൊഴുക്കിലുണ്ടായ മാറ്റങ്ങള്‍, മെകോംഗ് പോഷകനദികളിലെ ജലവൈദ്യുത പ്രവര്‍ത്തനങ്ങള്‍, ചൈനയിലെ യുനാന്‍ പ്രവിശ്യയിലെ ജിങ്ഹോംഗ് ജലവൈദ്യുത നിലയത്തില്‍ നിന്നുള്ള ജലപ്രവാഹ നിയന്ത്രണം എന്നിവയാണ് പ്രധാന കാരണങ്ങളായി റിപ്പോര്‍ട്ടില്‍ പറയുന്നത്.
ചൈനയില്‍ നദികളുടെ ഉദ്ഭവത്തോടനുബന്ധിച്ചുള്ള ഡാമുകളുടെ നിര്‍മാണവും പ്രവര്‍ത്തനവും മൂലമാണ് അതിര്‍ത്തികടന്ന് ഒഴുകുന്ന നദികളിലെ ജലനിരപ്പ് ആശങ്കയുയര്‍ത്തി ക്രമാതീതമായി താഴുന്നത്. ഇക്കാര്യം നിരവധി ഏജന്‍സികള്‍ വിവിധ രാജ്യങ്ങളുടെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടുണ്ട്. അതിന് തെളിവുകളും പുറത്തുവിട്ടിരുന്നു. ‘ജിങ്ഹോംഗിന്‍റെ താഴേയ്ക്കും ലാവോസിലേക്കുമുള്ള ജലനിരപ്പ് പെട്ടെന്ന് ഉയരുകയും താഴുകയും ചെയ്യുന്നു. ഇവിടെ സാധ്യമായ പ്രത്യാഘാതങ്ങള്‍ തടയാന്‍ തയ്യാറെടുക്കുക എന്നത് അധികാരികള്‍ക്കും സമൂഹത്തിനും വെല്ലുവിളിയാണ്, ‘ എംആര്‍സി സെക്രട്ടേറിയറ്റിന്‍റെ സാങ്കേതിക സഹായ വിഭാഗം ഡയറക്ടര്‍ ഡോ. വിനായ് വാങ്പിമൂള്‍ പറയുന്നു.
പവര്‍ ഗ്രിഡ് ട്രാന്‍സ്മിഷന്‍ ലൈനുകളുടെ അറ്റകുറ്റപ്പണി കാരണം ജിങ്ഹോംഗില്‍ നിന്നുള്ള ഒഴുക്ക് നിയന്ത്രിക്കുമെന്ന് ചൈനയിലെ ജലവിഭവ മന്ത്രാലയം ജനുവരി ആദ്യം അറിയിച്ചതായി എംആര്‍സി അറിയിച്ചു. എന്നാല്‍ ഒരു വ്യക്തത ഇല്ലായിരുന്നു. കഴിഞ്ഞ വര്‍ഷം ചൈന വര്‍ഷം തോറും ജലനിരപ്പും മഴയുടെ ഡാറ്റയും എംആര്‍സിയുമായി പങ്കിടാന്‍ സമ്മതിച്ചിരുന്നു. കരാര്‍ പ്രകാരം, അസാധാരണമായ ജലനിരപ്പിന്‍റെ ഉയര്‍ച്ചയോ താഴ്ചയോ എംആര്‍സിയെയും അതിന്‍റെ അംഗരാജ്യങ്ങളെയും അറിയിക്കാമെന്നും
പെട്ടെന്നുള്ള വെള്ളപ്പൊക്കത്തിന് കാരണമായേക്കാവുന്ന ഘടകങ്ങളെക്കുറിച്ച് പ്രസക്തമായ വിവരങ്ങള്‍ നല്‍കുമെന്നും ബെയ്ജിംഗ് ഉറപ്പു നല്‍കിയിരുന്നു. നവംബര്‍ ആദ്യം മുതല്‍ ഈ രാജ്യങ്ങളിലെ നദിയുടെ അളവ് അവരുടെ ശരാശരി ശരാശരിയേക്കാള്‍ കുറവാണ്. പ്രതിജ്ഞാബദ്ധത പാലിക്കാനും നദിയൊഴുകുന്ന മറ്റ് രാജ്യങ്ങളുമായി ആലോചിക്കാനും ചൈനയോട് ആവശ്യപ്പെടാന്‍ യുഎസിനെ പ്രേരിപ്പിച്ച ഘടകങ്ങാളാണ് ഇവയെല്ലാം.
ഉപജീവനത്തിനായി 70 ദശലക്ഷം ജനങ്ങളാണ് ഈ നദിയെ ആശ്രയിക്കുന്നത്. മെകോങിന്‍റെ തീരത്ത് താമസിക്കുന്നവര്‍ക്ക് നദിയും അതിന്‍റെ വിഭവങ്ങളും എത്രമാത്രം പ്രാധാന്യമര്‍ഹിക്കുന്നുവെന്ന് വ്യക്തമാക്കുന്ന ഒരു സ്ഥിതിവിവരക്കണക്ക് ഉണ്ട്: ഓരോ വര്‍ഷവും രണ്ട് ദശലക്ഷം ടണ്‍ മത്സ്യമാണ് മെകോങ്ങില്‍നിന്നും ലഭിക്കുന്നത്. ഇത് നദികളിലെ മത്സ്യബന്ധനത്തില്‍ ലോക റെക്കോര്‍ഡാണ്. ഈ നദിയിലെ ദ്രുതഗതിയിലുള്ള ജല വ്യതിയാനങ്ങളില്‍ മേഖലയിലെ രാജ്യങ്ങള്‍ ആശങ്ക രേഖപ്പെടുത്തിയിട്ടുണ്ട്. നദിയിലെ ജലവ്യതിയാനങ്ങളെക്കുറിച്ച് മേഖലയിലെ സര്‍ക്കാരുകളുടെയും മെകോംഗ് റിവര്‍ കമ്മീഷന്‍റെയും ആശങ്കകള്‍ പങ്കിടുന്നതായി യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്‍റ് വക്താവ് നെഡ് പ്രൈസ് അഭിപ്രായപ്പെട്ടിട്ടുണ്ട്. നദിയിലെ ജലനിരപ്പ് ഇനിയും താഴുമെന്ന ആശങ്കയാണ് ഇന്ന് നിലനില്‍ക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു. മേഖലയിലെ സര്‍ക്കാരുകളെയും വിവിധ സമൂഹങ്ങളെയും പിന്തുണയ്ക്കുന്നത് അമേരിക്ക തുടരുമെന്നാണ് ഇതില്‍നിന്നു വ്യക്തമാകുന്നത്.
മെകോങ് നദീയോടനുബന്ധിച്ച് ജീവിതംകരുപ്പിടിച്ച് ലക്ഷക്കണക്കിന് ജനങ്ങള്‍ക്ക് ഭീഷണിയാണ് ചൈനയുടെ നടപടികള്‍. ഈ ജനങ്ങളുടെ ദുരവസ്ഥയെക്കുറിച്ച് അമേരിക്ക ആശങ്ക പ്രകടിപ്പിക്കുന്നത് ഇതാദ്യമല്ല. നദിയുടെ ഉദ്ഭവ സ്ഥാനങ്ങളില്‍ ജലനിയന്ത്രണം തീര്‍ത്തതിന്‍റെ ഭീകരമായ പ്രത്യാഘാതങ്ങള്‍ക്ക് കാതോര്‍ത്താണ് നദിയുടെ താഴേത്തടങ്ങളിലുള്ളവര്‍ കഴിയുന്നത്. ഇത് അഞ്ച് രാജ്യങ്ങളിലായി നിവര്‍ന്നു കിടക്കുന്നു.
2019 ല്‍ തായ്ലന്‍ഡ്, കംബോഡിയ, ബര്‍മ, ലാവോസ്, വിയറ്റ്നാം എന്നിവ ഉള്‍പ്പെടുന്ന ലോവര്‍ മെകോംഗ് തടത്തില്‍ 40 വര്‍ഷത്തിനിടയിലെ ഏറ്റവും കടുത്ത വരള്‍ച്ച അനുഭവപ്പെട്ടു. മെക്കോംഗ് ആഹാരം നല്‍കുന്ന കംബോഡിയയിലെ ടോണ്‍ സാപ്പിലെ തടാകത്തിലും ഈ ഓഗസ്റ്റില്‍ അസാധാരണമായി ജലം കുറവായിരുന്നു. ചൈനയുടെ ഏകപക്ഷീയമായ നടപടികള്‍ നദിയിലെ പ്രകൃതിദത്ത വെള്ളപ്പൊക്കത്തെ എങ്ങനെ തടസപ്പെടുത്തുന്നുവെന്ന് ഡൊണാള്‍ഡ് ട്രംപ് ഭരണകൂടവും ലോകത്തിന്‍റെ ശ്രദ്ധയില്‍പെടുത്തിയിരുന്നു. അതേസമയം ‘വരണ്ട സീസണില്‍ ജലപ്രവാഹം വര്‍ദ്ധിപ്പിക്കുന്നതിലൂടെ ഡാമിന്‍റെ പ്രവര്‍ത്തനങ്ങള്‍ മറ്റ് രാജ്യങ്ങള്‍ക്ക് ഗുണം ചെയ്യുമെന്നാണ് ചൈനയുടെ വാദം. എന്നാല്‍ ഈ നടപടി മറ്റ് രാജ്യങ്ങളെ സഹായിക്കാനല്ല ,മറിച്ച് ചൈനയിലെ വൈദ്യുതി ഉല്‍പാദകര്‍ക്ക് ലാഭം വര്‍ദ്ധിപ്പിക്കുന്നതിനുവേണ്ടി മാത്രമാണ്. യുഎസും മെകോങ് മേഖലയിലെ രാജ്യങ്ങളും എംആര്‍സിയും കൂടുതല്‍ ജല ഡാറ്റ നല്‍കാന്‍ ബെയ്ജിംഗിനുമേല്‍ നിരന്തരം സമ്മര്‍ദ്ദം ചെലുത്തുമ്പോള്‍ അതിന് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഭരണകൂടം വഴങ്ങുന്നില്ലെന്നതാണ് യാഥാര്‍ത്ഥ്യം. തത്സമയ പ്രവാഹം, ഡാം പ്രവര്‍ത്തനങ്ങളുടെ ഡാറ്റ എന്നിവ ചൈന പങ്കിടാറില്ലെന്ന് ആരോപണവുമുണ്ട്.
ആഭ്യന്തര ജല ആവശ്യങ്ങള്‍ നിറവേറ്റുന്നതിനാണ് ചൈന മെകോങിനെ ഉപയോഗിക്കുന്നതെന്ന് വിമര്‍ശകര്‍പറയുന്നു. 2019ലുണ്ടായ വരള്‍ച്ചയില്‍ ബെയ്ജിംഗിന്‍റെ നടപടികള്‍ ഇതു വ്യക്തമാക്കുന്നുണ്ട്. വിയറ്റ്നാമിലെ മെകോംഗ് ഡെല്‍റ്റയിലുള്ള നെല്‍പാടങ്ങള്‍ക്കും കംബോഡിയയിലെ ടോണ്‍ സാപ്പ് എന്ന ഭീമന്‍ തടാകത്തിനും നിലനില്‍പ്പിനുതന്നെ മെകോങ്ങിന്‍റെ ജലം ആവശ്യമാണ്. ഇതിലെല്ലാമുപരിയാണ് ഈ നദിയിലെ മത്സ്യബന്ധനം.
ഇന്ത്യയും യുഎസും മറ്റ് പങ്കാളികളായ ജപ്പാന്‍, ദക്ഷിണ കൊറിയ, ഓസ്ട്രേലിയ എന്നിവയും മെകോങ് മേഖലയിലെ നീതിയുക്തമായ ജലവിതരണത്തിനായി ശ്രമിക്കുന്നു. ഐക്യരാഷ്ട്രസഭ, ആസിയാന്‍ നേതൃത്വത്തിലുള്ള സംവിധാനങ്ങള്‍, മെകോങ് ഉപ-പ്രാദേശിക സഹകരണം എന്നിവയിലൂടെ അന്താരാഷ്ട്ര നിയമത്തെയും നിയമങ്ങള്‍ അടിസ്ഥാനമാക്കിയുള്ള ഉത്തരവുകളെയും ബഹുമാനിക്കാന്‍ നരേന്ദ്ര മോദി സര്‍ക്കാര്‍ ചൈനയില്‍ സമ്മര്‍ദ്ദം ചെലുത്തുന്നുമുണ്ട്.
മെകോങില്‍ ചൈന നിര്‍മിച്ച ഡാമുകള്‍ 12 ട്രില്യണ്‍ ഗാലന്‍ വെള്ളത്തില്‍ കൂടുതല്‍ തടഞ്ഞുനിര്‍ത്തുന്നു, ഇത് താഴേയ്ക്കുള്ള ജലപ്രവാഹത്തെ സാരമായി തടസപ്പെടുത്തുന്നു. ഈ നടപടി അഞ്ചു രാജ്യങ്ങളിലെ ജനജീവിതത്തിനും പരിസ്ഥിതിക്കും ഭീഷണിയായി മാറുകയാണ്.