ഇ-കൊമേഴ്സ് ചട്ടങ്ങള്‍ കടുപ്പിക്കും, ഫ്ളാഷ് സെയ്ല്‍ നിലച്ചേക്കും
1 min readഇ-കൊമേഴ്സ് പ്ലാറ്റ്ഫോമുകള്‍ മതിയായ പരാതി പരിഹാര സംവിധാനം സ്ഥാപിക്കണം
ന്യൂഡെല്‍ഹി: രാജ്യത്തെ ഇ-കൊമേഴ്സ് നിയന്ത്രണ സംവിധാനങ്ങള്‍ പരിഷ്കരിക്കാനും കര്‍ശനമായ മാനദണ്ഡങ്ങള്‍ കൊണ്ടുവരാനും കേന്ദ്ര സര്‍ക്കാര്‍ പദ്ധതിയിടുന്നതായി റിപ്പോര്‍ട്ട്. ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമുകളുടെ വില്‍പ്പനയും പ്രചാരവും വര്‍ധിക്കുന്നതില്‍ വലിയ പങ്കുവഹിക്കുന്നവ ഫ്ളാഷ് വില്‍പ്പന നിരോധിക്കുന്നതിനും പുതിയ മാറ്റങ്ങള്‍ ഇടയാക്കുമെന്നാണ് നിരീക്ഷണം.
ബിസിനസ്സിനു വേണ്ടിയോ അല്ലെങ്കില്‍ മറ്റേതെങ്കിലും തരത്തിലോ ഉള്ള തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങളുടെ പ്രദര്‍ശനമോ പ്രമോഷനോ ഒരു ഇ-കൊമേഴ്സ് സ്ഥാപനവും അനുവദിക്കാന്‍ പാടില്ലെന്ന് പുതിയ കരട് ചട്ടങ്ങള്‍ നിഷ്കര്‍ഷിക്കുന്നു. ഓരോ ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമും തങ്ങള്‍ക്ക് ഇന്ത്യയില്‍ നിന്ന് സാധാരണ ലഭിക്കുന്ന പരാതികളുടെ എണ്ണത്തിന്‍റെ അടിസ്ഥാനത്തില്‍ മതിയായ പരാതി പരിഹാര സംവിധാനം സ്ഥാപിക്കണമെന്നും പുതിയ മാനദണ്ഡങ്ങളില്‍ പറയുന്നു.
മാനദണ്ഡങ്ങള്‍ നിലവില്‍ വന്നാല്‍ ആമസോണും ഫ്ലിപ്കാര്‍ട്ടും ഇന്ത്യയില്‍ ഒരു ചീഫ് കംപ്ലയിന്‍സ് ഓഫീസര്‍, ഒരു റസിഡന്‍റ് ഗ്രീവന്‍സ് ഓഫീസര്‍, നോഡല്‍ കോണ്‍ടാക്റ്റ് പേഴ്സണ്‍ എന്നിവരെ നിയമിക്കേണ്ടി വരും. സമൂഹമാധ്യമങ്ങളുടെ കാര്യത്തില്‍ സര്‍ക്കാര്‍ നടപ്പാക്കിയ വലിയ തോതില്‍ എതിര്‍പ്പുകള്‍ക്കും ചര്‍ച്ചകള്‍ക്കും ഇടയാക്കിയിരിക്കുന്നതിനിടെ ആണ് ഇ-കൊമേഴ്സ് രംഗത്തും സമാനമായ മാനദണ്ഡങ്ങള്‍ നടപ്പിലാക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നത്.
ഓഫ്ലൈന്‍ വ്യാപാരികളുടെ താല്‍പ്പര്യം സംരക്ഷിക്കുന്നതിനായി കര്‍ശനമായ ഇ-കൊമേഴ്സ് മാനദണ്ഡങ്ങള്‍ നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ടിട്ടുള്ള കോണ്‍ഫെഡറേഷന്‍ ഓഫ് ഓള്‍ ഇന്ത്യ ട്രേഡേഴ്സ് (സിഐഐടി) കരട് മാനദണ്ഡങ്ങളെ സ്വാഗതം ചെയ്യുകയാണ്. ഇ-കൊമേഴ്സ് രംഗത്തെ ആഗോള കമ്പനികള്‍ ആഭ്യന്തര വ്യാപാരത്തിന് കേടുപാടുകള്‍ വരുത്തിവെച്ചുവെന്ന മാത്രമല്ല, ഉപഭോക്താക്കളും അനീതികരമായ ബിസിനസ്സ് പ്രവര്‍ത്തനങ്ങളുടെ ചൂട് അറിഞ്ഞു തുടങ്ങിയെന്ന് സിഐഐടി സെക്രട്ടറി ജനറല്‍ പ്രവീണ്‍ ഖണ്ടേല്‍വാള്‍ പറയുന്നു. പുതിയ കരട് നിയമങ്ങളെക്കുറിച്ച് സിഐടി ആഴത്തില്‍ പഠിക്കുമെന്നും അഭിപ്രായങ്ങള്‍ സമര്‍പ്പിക്കുമെന്നും ഖണ്ടേല്‍വാള്‍ പറഞ്ഞു.
നേരത്തേ ഇ-കൊമേഴ്സ് മേഖലയിലെ വിദേശ പങ്കാളിത്തത്തിലും ഡാറ്റ സുരക്ഷയിലും സര്‍ക്കാര്‍ നടപ്പാക്കിയ പരിഷ്കരണങ്ങളോട് അമേരിക്ക ശക്തമായ എതിര്‍പ്പ് ഉന്നയിച്ചിരുന്നു. ഇരു രാഷ്ട്രങ്ങള്‍ക്കുമിടയിലെ വ്യാപാര തര്‍ക്കങ്ങളിലും ഇത് പ്രധാന വിഷയമായി ഉയര്‍ന്നുവന്നു. പുതിയ മാനദണ്ഡങ്ങള്‍ സംബന്ധിച്ച് ഇതുവരെ പ്രമുഖ ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമുകള്‍ പ്രതികരിച്ചിട്ടില്ല.