സിമന്‍റ് ആവശ്യകതയിലെ വളര്‍ച്ച നാലാംപാദത്തിലും തുടരുന്നു: ഇന്‍ഡ്-റാ
1 min readമൂന്നാം പാദത്തിലെ ശക്തമായ പ്രകടനത്തിന്‍റെ ഫലമായി 2020-21ലെ ആദ്യ 9 മാസങ്ങളില്‍ വില്‍പ്പനയില്‍ ഉണ്ടായ ഇടിവ് 6 ശതമാനമായി പരിമിതപ്പെട്ടു
ന്യൂഡെല്‍ഹി: നടപ്പു സാമ്പത്തിക വര്‍ഷത്തിന്‍റെ നാലാം പാദത്തിലും സിമന്‍റ് ആവശ്യകതയിലെ വളര്‍ച്ച തുടരുകയാണെന്ന് ഇന്ത്യാ റേറ്റിംഗ്സ് ആന്‍ഡ് റിസര്‍ച്ച് (ഇന്‍ഡ്-റാ) നിരീക്ഷിക്കുന്നു. ഓഹരി വിപണിയില്‍ ലിസ്റ്റ് ചെയ്തിട്ടുള്ള സിമന്‍റ് കമ്പനികളുടെ മൊത്തം വില്‍പ്പന അളവ് മൂന്നാംപാദത്തില്‍ 9 ശതമാനം വാര്‍ഷിക വളര്‍ച്ച കൈവരിച്ചിരുന്നു. ഗ്രാമീണ മേഖലയിലെ പ്രവര്‍ത്തനങ്ങള്‍ക്ക് കൂടുതല്‍ സജീവമായതും അടിസ്ഥാന സൗകര്യ പദ്ധതികളിലുണ്ടായ ചില മുന്നേറ്റങ്ങളുമാണ് സിമന്‍റ് ആവശ്യകതയിലെ വളര്‍ച്ചയ്ക്ക് കാരണമായി ഇന്‍ഡ് റാ റിപ്പോര്‍ട്ടില്‍ പറുന്നത്.
മൂന്നാം പാദത്തിലെ ശക്തമായ പ്രകടനത്തിന്‍റെ ഫലമായി 2020-21ലെ ആദ്യ 9 മാസങ്ങളില്‍ വില്‍പ്പനയില്‍ ഉണ്ടായ ഇടിവ് 6 ശതമാനമായി പരിമിതപ്പെട്ടു. കഴിഞ്ഞ വര്‍ഷം മാര്‍ച്ച് പാദം വലിയ അളവില്‍ കൊറോണയുടെ ആഘാതം ഇല്ലാതിരുന്ന ഒന്നായിരുന്നതിനാല്‍ അതുമായുള്ള താരതമ്യത്തില്‍ നടപ്പുപാദത്തില്‍ ഉണ്ടാകുന്ന ഉയര്‍ച്ചയെ വളര്‍ച്ച തുടരുന്നതായി തന്നെയാണ് കണക്കാക്കുന്നത്. ഇതോടെ സാമ്പത്തിക വര്‍ഷത്തില്‍ മൊത്തം വില്‍പ്പന അളവില്‍ രേഖപ്പെടുത്തുന്ന ഇടിവ് 2 ശതമാനമായി കുറയുമെന്നും ഇന്‍ഡ്-റാ റിപ്പോര്‍ട്ട് വിലയിരുത്തുന്നു.
ശക്തമായ ഗ്രാമീണ ഡിമാന്‍ഡും ഇന്‍ഫ്രാസ്ട്രക്ചര്‍ വിഭാഗത്തിലെ വീണ്ടെടുക്കലും ഈ മേഖലയുടെ ശക്തമായ വീണ്ടെടുക്കലിന്‍റെ പ്രധാന ഘടകങ്ങളാണ്. ഏജന്‍സിയുടെ കണക്കനുസരിച്ച് കിഴക്കന്‍ മേഖല ഈ സാമ്പത്തിക വര്‍ഷത്തില്‍ വളര്‍ച്ച രേഖപ്പെടുത്താനിടയുണ്ട്. മധ്യ, വടക്ക് ഭാഗങ്ങളില്‍ ഇടിവിനു ശേഷം സുഗമമായ വീണ്ടെടുക്കല്‍ ഉണ്ടായിട്ടുണ്ടെന്നും വിലയിരുത്തപ്പെടുന്നു.
നടപ്പു സാമ്പത്തിക വര്‍ഷത്തെ ശേഷി വിനിയോഗം 65 ശതമാനം മാത്രമാണ്. മൊത്തത്തിലുള്ള വ്യവസായ ശരാശരിയേക്കാള്‍ ഉയര്‍ന്ന ശേഷി വിനിയോഗം ലിസ്റ്റഡ് കമ്പനികള്‍ പ്രകടമാക്കിയിട്ടുണ്ട്. അസംസ്കൃത വസ്തുക്കളുടെ വില വര്‍ധിക്കുന്നതിനെ കുറിച്ചും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. മാര്‍ച്ചില്‍ കോക്ക് വില ഒരു മെട്രിക് ടണ്ണിന് 125 ഡോളറിലെത്തി. മുന്‍ വര്‍ഷം മാര്‍ച്ചിനെ അപേക്ഷിച്ച് 60 ശതമാനം ഉയര്‍ന്നതാണിത്. അതേസമയം 2020 സെപ്റ്റംബര്‍ മുതല്‍ കല്‍ക്കരി വില ഉയരാന്‍ തുടങ്ങി. ഇപ്പോള്‍ വാര്‍ഷികാടിസ്ഥാനത്തില്‍ 30 ശതമാനം കൂടുതലാണ് കല്‍ക്കരി വില. ഇതിനുപുറമെ, നാലാംപാദത്തില്‍ല്‍ ഡീസല്‍ വില 20-25 ശതമാനം ഉയര്‍ന്നതായിരിക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.