കമ്മീഷന് പകരം ഫീസ്; ഫുഡ് ഡെലിവറിക്ക് പുതിയ ബിസിനസ് മോഡലുമായി കരീം
ഫുഡ് ഡെലിവറി ആപ്പുകൾ ഈടാക്കുന്ന ഉയർന്ന കമ്മീഷൻ ബിസിനസിനെ ദോഷകരമായി ബാധിക്കുന്നുവെന്ന് റെസ്റ്റോറന്റുകൾ പരാതി ഉന്നയിച്ചിരുന്നു. ചില ആപ്പുകൾ 35 ശതമാനം വരെ കമ്മീഷനാണ് ഓരോ ഓർഡറിൽ നിന്നും ഈടാക്കിയിരുന്നത്.
ദുബായ്: ഫുഡ് ഡെലിവറിക്ക് റെസ്റ്റോറന്റുകളിൽ നിന്നും കമ്മീഷൻ ഈടാക്കില്ലെന്ന് ദുബായ് ആസ്ഥാനമായ ഓൺലൈൻ ടാക്സി, ഡെലിവറി സ്റ്റാർട്ടപ്പ് കരീം. കമ്മീഷൻ ആധാരമാക്കിയുള്ള ബിസിനസ് മോഡലിന്റെ നിലനിൽപ്പ് സംബന്ധിച്ച് ദുബായിലെ എഫ് ആൻഡ് ബി ഔട്ട്ലെറ്റുകളിൽ നിന്നും പരാതി ഉയർന്ന സാഹചര്യത്തിലാണ് പുതിയ ബിസിനസ് മോഡൽ അവതരിപ്പിക്കാൻ കമ്പനി തീരുമാനിച്ചത്.
പുതിയ മോഡൽ പ്രകാരം തങ്ങളുടെ ഫുഡ് ഡെലിവറി സംവിധാനത്തിന്റെ ഭാഗമായ റെസ്റ്റോറന്റുകളിൽ നിന്നും എല്ലാ മാസവും നിശ്ചിത ഫീസ് ഈടാക്കാനാണ് കരീമിന്റെ തീരുമാനം. പകർച്ചവ്യാധിയുടെ പശ്ചാത്തലത്തിൽ ഡെലിവറി സേവനങ്ങൾക്ക് ആവശ്യകത ഉയരുകയും റെസ്റ്റോറന്റ് ബിസിനസിൽ ഫുഡ് ഡെലിവറിയുടെ പങ്ക് വർധിക്കുകയും ചെയ്തതോടെയാണ് കമ്മീഷൻ ആധാരമാക്കിയുള്ള ബിസിനസ് മോഡലിനെതിരെ റെസ്റ്റോറന്റുകൾ രംഗത്ത് വന്നത്. ഈ സാഹചര്യത്തിലാണ് റെസ്റ്റോറന്റുകൾക്ക് നേട്ടവും തങ്ങൾക്ക് നഷ്ടമുണ്ടാകാത്തതുമായ പുതിയ ബിസിനസ് മോഡൽ അവതരിപ്പിച്ചിരിക്കുന്നതെന്ന് കരീം സ്ഥാപകനും സിഇഒയുമായ മുദസ്സിർ ഷേഖ പറഞ്ഞു. വലുപ്പചെറുപ്പമില്ലാതെ എല്ലാ റെസ്റ്റോറന്ററുകൾക്കും പുതിയ മോഡൽ സ്വീകാര്യമാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ഷേഖ കൂട്ടിച്ചേർത്തു.
ഫുഡ് ഡെലിവറി ആപ്പുകൾ ഈടാക്കുന്ന ഉയർന്ന കമ്മീഷൻ ബിസിനസിനെ ദോഷകരമായി ബാധിക്കുന്നുവെന്ന് റെസ്റ്റോറന്റുകൾ പരാതി ഉന്നയിച്ചിരുന്നു. ചില ആപ്പുകൾ 35 ശതമാനം വരെ കമ്മീഷനാണ് ഓരോ ഓർഡറിൽ നിന്നും ഈടാക്കിയിരുന്നത്.
തങ്ങളുടെ സേവനങ്ങൾക്ക് യോജിച്ചതും ആത്യന്തികമായി ചെറുകിട പ്രാദേശിക റെസ്റ്റോറന്റുകൾ അടക്കം എല്ലാ തരം റെസ്റ്റോറന്റുകൾക്കും നേട്ടമാകുന്ന തരത്തിലുമാണ് പുതിയ ബിസിനസ് മോഡൽ തയ്യാറാക്കിയിരിക്കുന്നതെന്ന് കരീമിന്റെ യുഎഇയിലെ ജനറൽ മാനേജർ വിക്ടർ കിരിയാകോസ് പറഞ്ഞു.
പ്രധാനമായും മൂന്ന് ഭാഗങ്ങളാണ് പുതിയ മോഡലിനുള്ളത്. എല്ലാ മാസവും റെസ്റ്റോറന്റുകൾ നൽകേണ്ട നിശ്ചിത ഫീസാണ് അതിലൊന്ന്. എല്ലാ ഡിജിറ്റൽ പേയ്മെന്റുകളും കൈകാര്യം ചെയ്യുന്നതിനുള്ള ഫീസും ഡെലിവറി ചാർജുമാണ് മറ്റുള്ളവ. ബിസിനസിന്റെ വലുപ്പവും ഓർഡറുകളുടെ എണ്ണവും അനുസരിച്ച് റെസ്റ്റോറന്റ് ഉടമകൾക്ക് അവരുടെ ബിസിനസ് ആവശ്യത്തിനനുസരിച്ചുള്ള ഫീസ് രീതി നിശ്ചയിക്കാനുള്ള അവസരമാണ് പുതിയ മോഡൽ നൽകുന്നത്.
ഓൺലൈൻ ടാക്സി സേവനത്തിന് അപ്പുറത്തേക്ക് കമ്പനിയുടെ ബിസിനസ് വളർച്ച ഉയർത്തുക, ബിസിനസിൽ മാറ്റം കൊണ്ടുവരിക തുടങ്ങിയ ലക്ഷ്യങ്ങളോടെ കരീം കഴിഞ്ഞ ജുലായിൽ സൂപ്പർ ആപ്പ് അവതരിപ്പിച്ചിരുന്നു. യുബറിനെയും കരീമിനെയും കൂടുതൽ ഉയരങ്ങളിലെത്തിക്കാനും ബിസിനസ് സേവനങ്ങൾ മെച്ചപ്പെടുത്താനും സൂപ്പർ ആപ്പിലൂടെ സാധിക്കുമെന്നാണ് ഷേഖയുടെ പ്രതീക്ഷ.