2021-22 മൂലധന ചെലവിടല്‍ 5.54 ലക്ഷം കോടി രൂപ
സര്‍ക്കാര്‍ വായ്പ 13.2 ലക്ഷം കോടി രൂപയായി ഉയര്‍ന്നിട്ടുണ്ട്
ന്യൂഡെല്‍ഹി: അടുത്ത സാമ്പത്തിക വര്‍ഷത്തിനായി ബജറ്റില്‍ കണക്കാക്കുന്ന മൂലധനച്ചെലവ് 5.54 ലക്ഷം കോടി രൂപ. കൊറോണയുടെ പശ്ചാത്തലത്തില്‍ മുന്‍ ബജറ്റുകളില്‍ നിന്ന് വ്യത്യസ്തമായ ബജറ്റായിരിക്കും ഇതെന്ന് ധനമന്ത്രി നിര്‍മല സീതാരാമ പറഞ്ഞിരുന്നതിന്റെ അടിസ്ഥാനത്തില്‍ ചെലവിടല്‍ വര്‍ധിപ്പിക്കുമെന്ന് സാമ്പത്തിക വിദഗ്ധരും വ്യവസായ നിരീക്ഷകരും പ്രതീക്ഷിച്ചിരുന്നു.
കഴിഞ്ഞ രണ്ട് വര്‍ഷത്തിലും സര്‍ക്കാരിന് മൊത്തം ചെലവിടല്‍ ലക്ഷ്യം പൂര്‍ത്തീകരിക്കാന്‍ സാധിച്ചിട്ടില്ലെന്ന് വിശകലന വിദഗ്ധര്‍ ചൂണ്ടികാണിക്കുന്നു. ചെലവിടല്‍ വെട്ടിക്കുറച്ചതിന്റെ ഫലമായി പ്രധാനപ്പെട്ട സര്‍ക്കാര്‍ പദ്ധതികളില്‍ പോലും ബജറ്റില്‍ പ്രഖ്യാപിച്ച തുക എത്താത്ത സ്ഥിതിയുണ്ടായിരുന്നു. മഹാമാരി സൃഷ്ടിച്ച മാന്ദ്യത്തിന്റെ പശ്ചാത്തലത്തില്‍ സമ്പദ്വ്യവസ്ഥയെ തിരികെ കൊണ്ടുവരാന്‍ സര്‍ക്കാര്‍ ചെലവിടല്‍ ഉയര്‍ത്തുന്നത് പ്രധാനമാണ്. എന്നിരുന്നാലും, നികുതി സമാഹരണം കുറയുന്നത് സര്‍ക്കാരിന്റെ ധനപരമായ സ്വാതന്ത്ര്യത്തെ പരിമിതപ്പെടുത്തു.
നടപ്പ് സാമ്പത്തിക വര്‍ഷത്തില്‍ സര്‍ക്കാര്‍ വായ്പ 13.2 ലക്ഷം കോടി രൂപയായി ഉയര്‍ന്നിട്ടുണ്ട്. വര്‍ദ്ധിച്ച വായ്പയെടുക്കല്‍ ധനക്കമ്മി വര്‍ദ്ധിക്കുന്നതിലേക്ക് നയിക്കുന്നതിനൊപ്പം ഇന്ത്യയുടെ പരമാധികാര റേറ്റിംഗുകളെ ബാധിക്കുകയും ചെയ്യുന്നു. ഇത്തവണത്തെ ബജറ്റ് വളര്‍ച്ചയും സാമ്പത്തിക ഞെരുക്കത്തിനും ഇടയിലെ ശ്രമകരമായ ദൗത്യമായിരിക്കും എന്ന് നേരത്തേ തന്നെ സാമ്പത്തിക വിദഗ്ധര്‍ വിലയിരുത്തിയിരുന്നു.