ഈ സാമ്പത്തിക വര്‍ഷം 25 കാമ്പസ് ഇന്‍ഡസ്ട്രിയല്‍ പാര്‍ക്കുകള്‍
തിരുവനന്തപുരം: സംസ്ഥാനത്തുടനീളമുള്ള 25 ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഈ സാമ്പത്തിക വര്‍ഷം ഇന്‍ഡസ്ട്രിയല്‍ പാര്‍ക്ക് തുടങ്ങാനുള്ള അനുമതി നല്കുമെന്ന് നിയമ, വ്യവസായ, കയര്‍ വകുപ്പ് മന്ത്രി പി.രാജീവ് പറഞ്ഞു. കേരളത്തിലെ 80 ഓളം ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ പദ്ധതിയുടെ ഭാഗമാകാന്‍ സന്നദ്ധത അറിയിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. വ്യവസായ ആവശ്യത്തിനുള്ള ഭൂമി ലഭ്യതയുടെ കുറവ് മറികടക്കുന്നതിനും വിദ്യാര്‍ത്ഥികളില്‍ സംരഭകത്വ താല്‍പ്പര്യം വളര്‍ത്തുന്നതിനുമായി സംസ്ഥാന സര്‍ക്കാര്‍ രൂപം നല്‍കിയ നൂതന ആശയമായ കാമ്പസ് ഇന്‍ഡസ്ട്രിയല്‍ പാര്‍ക്ക് പദ്ധതി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി. സംസ്ഥാനത്തെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് കീഴിലുള്ള ഭൂമി ഉപയോഗപ്പെടുത്തി കാമ്പസ് വ്യവസായ പാര്‍ക്കുകള്‍ ആരംഭിക്കുക എന്നതാണ് പദ്ധതിയിലൂടെ സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. പദ്ധതിക്ക് വേണ്ടി തയ്യാറാക്കിയ ഓണ്‍ലൈന്‍ പോര്‍ട്ടലിന്‍റെ ഉദ്ഘാടനവും മന്ത്രി നിര്‍വഹിച്ചു. ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വിദ്യാര്‍ത്ഥികളില്‍ സംരംഭകത്വ താല്പര്യം വളര്‍ത്തുന്നതിനുള്ള ഈ പദ്ധതിയുടെ പിറവിയോടെ ചരിത്രപരമായ മാറ്റത്തിന് തുടക്കം കുറിക്കുകയാണെന്നും മന്ത്രി പറഞ്ഞു.
വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നടക്കുന്ന വിദ്യാര്‍ത്ഥികളുടെ ഗവേഷണ ഫലങ്ങളുടെ വ്യാവസായിക ഉത്പാദനത്തിന് ആദ്യ പരിഗണന നല്കണം. അധ്യാപകരുടെ കണ്ടെത്തലുകള്‍ രണ്ടാമത് പരിഗണിക്കണം. പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍ക്കും പദ്ധതിയുടെ ഭാഗമാകാനാകും. വ്യവസായ നയം-2023 ന്‍റെ ഭാഗമായ 22 മുന്‍ഗണനാ മേഖലകളെ അടിസ്ഥാനമാക്കിയാണ് പദ്ധതി നടപ്പിലാക്കുക. കാമ്പസുകളിലെ ലാബുകളില്‍ ഗവേഷണ പ്രവര്‍ത്തനങ്ങള്‍ക്ക് വിദ്യാര്‍ത്ഥികള്‍ എത്ര മണിക്കൂര്‍ ചെലവഴിച്ചു എന്നത് പരിശോധിച്ച് ഗ്രേസ് മാര്‍ക്ക് നല്കണം. ഇത്തരം നടപടികളിലൂടെ സംസ്ഥാനത്തെ മിടുക്കരായ വിദ്യാര്‍ത്ഥികളുടെ പുറംനാട്ടിലേക്കുള്ള ഒഴുക്ക് തടയാനാകുമെന്നും മന്ത്രി അഭിപ്രായപ്പെട്ടു.
ഐടി അധിഷ്ഠിത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് പുറമെ ആര്‍ട്സ് ആന്‍റ് സയന്‍സ് കോളേജുകള്‍ക്കും കാമ്പസ് ഇന്‍ഡസ്ട്രീസ് പാര്‍ക്കുകളുടെ ഭാഗമാകാം. ഇത്തരം സ്ഥാപനങ്ങള്‍ കേന്ദ്രീകരിച്ച് നിരവധി സ്റ്റാര്‍ട്ടപ്പുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഫിന്‍ടെക്, എഡ്യുടെക്, സൈക്കോളജി അടിസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന സ്റ്റാര്‍ട്ടപ്പുകള്‍ എന്നിവയ്ക്ക് വലിയ സാധ്യതയുണ്ടെന്നും മന്ത്രി പറഞ്ഞു. വിദ്യാര്‍ത്ഥികളില്‍ നിന്നുള്ള സ്റ്റാര്‍ട്ടപ്പ് സംരംഭങ്ങളെ പ്രോത്സാഹിപ്പിക്കാനാണ് ഇന്‍ഡസ്ട്രിയല്‍ കാമ്പസ് പാര്‍ക്ക് പദ്ധതി ലക്ഷ്യമിടുന്നതെന്ന് വ്യവസായ വാണിജ്യ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി എപിഎം മുഹമ്മദ് ഹനീഷ് സ്വാഗത പ്രസംഗത്തില്‍ പറഞ്ഞു. ഇത്തരം സംരംഭങ്ങള്‍ക്ക് ആവശ്യമായ കൈത്താങ്ങ് വ്യവസായ വാണിജ്യ വകുപ്പ് നല്‍കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വ്യവസായ വാണിജ്യ വകുപ്പ് ഡയറക്ടറും കെഎസ്ഐഡിസി എംഡിയുമായ എസ്. ഹരികിഷോര്‍, കോളേജ് വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ കെ. സുധീര്‍, കിന്‍ഫ്ര മാനേജിംഗ് ഡയറക്ടര്‍ സന്തോഷ് കോശി തോമസ് എന്നിവരും സംസാരിച്ചു. കാമ്പസ് ഇന്‍ഡസ്ട്രിയല്‍ പാര്‍ക്ക് പദ്ധതി മാര്‍ഗ്ഗരേഖ ഫെബ്രുവരിയില്‍ സര്‍ക്കാര്‍ പുറത്തിറക്കിയിരുന്നു. കുറഞ്ഞത് അഞ്ച് ഏക്കര്‍ ഭൂമിയുള്ള സര്‍ക്കാര്‍, സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് കാമ്പസ് വ്യവസായ പാര്‍ക്കിനായി അപേക്ഷിക്കാം. ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളേജുകള്‍, പ്രൊഫഷണല്‍ കോളേജുകള്‍, പോളിടെക്നിക്കുകള്‍ ഐടിഐകള്‍ തുടങ്ങിയ സ്ഥാപനങ്ങളെല്ലാം പദ്ധതിയുടെ കീഴില്‍ വരും.
കാമ്പസുകളില്‍ സ്റ്റാന്‍ഡേര്‍ഡ് ഡിസൈന്‍ ഫാക്ടറി സ്ഥാപിക്കുന്നതിന് കുറഞ്ഞത് രണ്ട് ഏക്കര്‍ ഭൂമിയാണ് വേണ്ടത്. 30 വര്‍ഷത്തേക്കാണ് ഡവലപ്പര്‍ പെര്‍മിറ്റ് അനുവദിക്കുക. കാമ്പസ് ഇന്‍ഡസ്ട്രിയില്‍ എസ്റ്റേറ്റ് സ്ഥാപിക്കുവാന്‍ ഉദ്ദേശിക്കുന്ന ഭൂമി പരിസ്ഥിതി ലോല പ്രദേശം, തീരദേശ നിയന്ത്രണ മേഖല, തോട്ടം, തണ്ണീര്‍ത്തട സംരക്ഷണ നിയമം എന്നിവയില്‍ ഉള്‍പ്പെടരുത്. ഈ എസ്റ്റേറ്റുകളില്‍ റെഡ് കാറ്റഗറി ഒഴികെയുള്ള വ്യവസായങ്ങള്‍ക്ക് സ്ഥലം അനുവദിക്കും. വ്യവസായ വാണിജ്യ ഡയറക്ടറേറ്റ് വെബ് പോര്‍ട്ടല്‍ മുഖേന ഉന്നത വിദ്യാഭ്യാസ വകുപ്പിന്‍റെ നിരാക്ഷേപ സാക്ഷ്യപത്രം സഹിതമാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്. ജില്ലാതല സൈറ്റ് സെലക്ഷന്‍ കമ്മറ്റി ശുപാര്‍ശ ചെയ്യുന്ന അപേക്ഷകള്‍ സര്‍ക്കാര്‍ തലത്തില്‍ വകുപ്പുതല സെക്രട്ടിമാര്‍ അടങ്ങുന്ന ഉന്നത സമിതി പരിശോധിച്ച് സ്വകാര്യ വ്യവസായ എസ്റ്റേറ്റ് ഡവലപ്പര്‍ പെര്‍മിറ്റ് നല്‍കും. കാമ്പസ് വ്യവസായ പാര്‍ക്കിലെ പൊതു സൗകര്യങ്ങളായ റോഡ്, വൈദ്യുതി, ഡ്രെയിനേജ്, മാലിന്യ നിര്‍മ്മാര്‍ജന പ്ലാന്‍റ്, ലാബ്, ടെസ്റ്റിങ്ങ് ആന്‍ഡ് സര്‍ട്ടിഫിക്കേഷന്‍ സംവിധാനങ്ങള്‍ എന്നിവ ഒരുക്കുന്നതിന് ഡെവലപ്പര്‍ വിദ്യാഭ്യാസ സ്ഥാപനത്തിന് ഏക്കറിന് 20 ലക്ഷം രൂപ നിരക്കില്‍ പരമാവധി 1.5 കോടി രൂപവരെ ഒരു എസ്റ്റേറ്റിന് നല്‍കും. സ്റ്റാന്‍ഡേര്‍ഡ് ഡിസൈന്‍ ഫാക്ടറി സ്ഥാപിക്കുന്നതിന് കെട്ടിട നിര്‍മ്മാണം ഉള്‍പ്പെടെയുള്ള അടിസ്ഥാന സൗകര്യം ഒരുക്കുന്നതിന് 1.5 കോടി രൂപയും സര്‍ക്കാര്‍ ധനസഹായം നല്‍കും.