സൗദി അറേബ്യയില്‍ കെട്ടിട നിര്‍മാണ സാമഗ്രികള്‍ക്ക് വില ഉയരുന്നു
ഒരു ടണ്‍ സ്റ്റീലിന്റെ വില 33 ശതമാനം ഉയര്‍ന്ന് 3,514 സൗദി റിയാലില്‍ എത്തി. 2008ന് ശേഷം രേഖപ്പെടുത്തുന്ന ഏറ്റവും ഉയര്‍ന്ന വിലയാണിത്
റിയാദ്: കൊറോണ വൈറസ് പകര്‍ച്ചവ്യാധിയെ തുടര്‍ന്നുള്ള മാന്ദ്യത്തില്‍ നിന്നും കെട്ടിട നിര്‍മാണ മേഖല മുക്തമായി തുടങ്ങിയതോടെ സൗദി അറേബ്യയില്‍ കെട്ടിട നിര്‍മാണ സാമഗ്രികളുടെ വില കുതിച്ചുയരുന്നു. സ്റ്റീല്‍ ഉള്‍പ്പടെയുള്ള നിര്‍മാണ സാമഗ്രികള്‍ക്ക് ആദ്യപാദത്തില്‍ വന്‍ വിലവര്‍ധനയാണ് രേഖപ്പെടുത്തിയത്. ഒരു ടണ്‍ സ്റ്റീലിന്റെ വില 33 ശതമാനം ഉയര്‍ന്ന് 3,514 സൗദി റിയാലില്‍ എത്തി. 2008ന് ശേഷം രേഖപ്പെടുത്തുന്ന ഏറ്റവും ഉയര്‍ന്ന വിലയാണിതെന്ന് ജനറല്‍ അതോറിട്ടി ഫോര്‍ സ്റ്റാറ്റിസ്റ്റ്ക്‌സ വെളിപ്പെടുത്തി.
റെഡി മിക്‌സ് കോണ്‍ക്രീറ്റിന്റെ വില കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 14 ശതമാനം ഉയര്‍ന്ന് 3സ067.49 റിയാലിലെത്തി. ഒരു ചാക്ക് സിമന്റിനും കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വില 5 ശതമാനം ഉയര്‍ന്ന് 14.03 റിയാലായി. സ്റ്റീലിനാണ് കഴിഞ്ഞ വര്‍ഷം ഏറ്റവും കൂടുതല്‍ വില ഉയര്‍ന്നതെങ്കിലും മാര്‍ച്ചോടെ വില കുറഞ്ഞു. ജനുവരിയില്‍ സ്റ്റീലിന് 40 ശതമാനത്തോളം വില ഉയര്‍ന്നെങ്കിലും മാര്‍ച്ചോടെ ഇത് 28 ശതമാനമായി കുറഞ്ഞു.
ഒന്നാംപാദത്തില്‍ നിര്‍മാണപ്രവര്‍ത്തനങ്ങളില്‍ ഉണ്ടായ വര്‍ധനയാണ് കെട്ടിട നിര്‍മാണ സാമഗ്രികളുടെ വില ഉയരാന്‍ കാരണമായതെന്ന് റിയല്‍ എസ്റ്റേറ്റ് കണ്‍സള്‍ട്ടന്‍സിയായ ജെഎല്‍എല്‍ അഭിപ്രായപ്പെട്ടു. പ്രോപ്പര്‍ട്ടികളുടെ വിതരണം കണക്കിലെടുത്താല്‍ ആദ്യപാദത്തില്‍ നിര്‍മാണരംഗത്ത് വലിയ ഉണര്‍വ്വ് പ്രകടമായെന്നും റിയാദില്‍ മാത്രം 7,700 പാര്‍പ്പിട യൂണിറ്റുകളാണ് ഉടമകള്‍ക്ക് കൈമാറിയതെന്നും ഏറ്റവും പുതിയ റിപ്പോര്‍ട്ടില്‍ ജെഎല്‍എല്‍ വ്യക്തമാക്കി. ജിദ്ദയില്‍ ആദ്യപാദത്തില്‍ 2,000 പാര്‍പ്പിട യൂണിറ്റുകളുടെ വിതരണം നടന്നു. റിയാദിലും ജിദ്ദയിലും ആദ്യപാദത്തില്‍ ആകെ നടന്ന പ്രോപ്പര്‍ട്ടി ഇടപാടുകള്‍ യഥാക്രമം 1.3 മില്യണും 838,000ഉം ആണ്. ഈ വര്‍ഷം റിയാദില്‍ 36,000 യൂണിറ്റുകളും ജിദ്ദയില്‍ 12,000 യൂണിറ്റുകളും ഉടമകള്‍ക്ക് കൈമാറുമെന്നാണ് റിപ്പോര്‍ട്ട് പറയുന്നത്.
പാര്‍പ്പിട മേഖലയിലെ ഉണര്‍വ്വിന് പുറമേ, റിയാദില്‍ ഈ വര്‍ഷം 386,000 ചതുരശ്ര മീറ്റര്‍ ഓഫീസ് ഇടങ്ങളുടെയും 240 ചതുരശ്ര മീറ്റര്‍ വാണിജ്യ ഇടങ്ങളുടെയും 2,800 പുതിയ ഹോട്ടല്‍ മുറികളുടെയും നിര്‍മാണം പൂര്‍ത്തിയാകുമെന്നാണ് കരുതുന്നത്. റിയാദിനെ മേഖലയിലെ ബിസിനസ് ഹബ്ബാക്കി ഉയര്‍ത്താനുള്ള സര്‍ക്കാര്‍ ഉദ്യമങ്ങള്‍ പ്രോപ്പര്‍ട്ടി മേഖലയില്‍ തദ്ദേശീയ, അന്തര്‍ദേശീയ തലത്തിലുള്ള ഡിമാന്‍ഡ് ഉയരാന്‍ കാരണമാകുമെന്നും ജെഎല്‍എല്‍ വിലയിരുത്തി.
കഴിഞ്ഞ ജനുവരിയില്‍ സൗദി കിരീടാവകാശി പ്രഖ്യാപിച്ച റിയാദ് സ്ട്രാറ്റെജി 2030 സൗദജി പൗന്മാര്‍ക്ക് 35,000 പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനും ദേശീയ സമ്പദ് വ്യവസ്ഥയിലേക്ക് 70 ബില്യണ്‍ സൗദി റിയാല്‍ ഒഴുക്കാനും തലസ്ഥാന നഗരിയുടെ ജനസംഖ്യ 2030ഓടെ 20 മില്യണാക്കി ഉയര്‍ത്താനും ലക്ഷ്യമിട്ടുള്ളതാണ്.
പകര്‍ച്ചവ്യാധിയുടെ പശ്ചാത്തലത്തിലുള്ള നിയന്ത്രണങ്ങള്‍ മൂലം നിര്‍മാണ മേഖലയില്‍ കഴിഞ്ഞ വര്‍ഷമുണ്ടായ തകര്‍ച്ചയില്‍ നിന്നുള്ള കരകയറ്റമാണ് ആദ്യപാദത്തില്‍ കണ്ടത്. യുഎസ് – സൗദി ബിസിനസ് കൗണ്‍സിലില്‍ സമര്‍പ്പിക്കപ്പെട്ട കരാര്‍ സൂചിക അനുസരിച്ച് 2020 മൂന്നാംപാദത്തില്‍ സൗദി അറേബ്യ അനുവദിച്ച കരാറുകളുടെ ആകെ മൂല്യത്തില്‍ 84 ശതമാനം ഇടിവുണ്ടായി. എന്നാല്‍ 2016നും 2018നും ഇടയിലുള്ള കാലഘട്ടത്തിലുണ്ടായ തകര്‍ച്ചയില്‍ നിന്നും തിരിച്ചുവന്നതിന് സമാനമായി സൗദിയിലെ കെട്ടിട നിര്‍മാണ മേഖല തിരിച്ചുകയറുമെന്ന് മിക്ക സാമ്പത്തിക വിദഗ്ധരും അഭിപ്രായപ്പെട്ടിരുന്നു. പകര്‍ച്ചവ്യാധി കാരണം നിരവധി പദ്ധതികളില്‍ കാലതാമസം നേരിട്ടെങ്കിലും മെഗാപദ്ധതിക്ള്‍ക്ക്, പ്രത്യേകിച്ച് വിഷന്‍ 2030യുമായി ബന്ധപ്പെട്ട പദ്ധതികള്‍ക്ക് തുടര്‍ന്നും ഊന്നല്‍ നല്‍കുമെന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്. യുഎസ് – സൗദി ബിസിനസ് കൗണ്‍സിലിന്റെ നാലാംപാദ റിപ്പോര്‍ട്ട് ഇതിന് തെളിവാണ്. കഴിഞ്ഞ വര്‍ഷം അവസാന മൂന്ന് മാസങ്ങളില്‍ അനുവദിച്ച കരാറുകളുടെ മൂല്യത്തില്‍ 115 ശതമാനം വര്‍ധനയാണ് രേഖപ്പെടുത്തിയത്.