ബിപാര്‍ഡ് പ്രൊബേഷണര്‍മാര്‍ ടെക്നോപാര്‍ക്ക് സന്ദര്‍ശിച്ചു
തിരുവനന്തപുരം: സംസ്ഥാനത്തിന്‍റെ ഐടി ആവാസവ്യവസ്ഥയെ കുറിച്ച് അറിയുന്നതിനായി ബീഹാര്‍ അഡ്മിനിസ്ട്രേറ്റീവ് സര്‍വീസിലെ പ്രൊബേഷണര്‍മാര്‍ ടെക്നോപാര്‍ക്ക് സന്ദര്‍ശിച്ചു. ബിഹാര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പബ്ലിക് അഡ്മിനിസ്ട്രേഷന്‍ ആന്‍ഡ് റൂറല്‍ ഡെവലപ്മെന്‍റിലെ (ബിപാര്‍ഡ്) രണ്ടാം ഫൗണ്ടേഷന്‍ കോഴ്സിന്‍റെ 59 പ്രൊബേഷണര്‍മാരുടെ ആദ്യ ബാച്ച് ആണ് ടെക്നോപാര്‍ക്കില്‍ എത്തിയത്. കേരളത്തിലെ വളര്‍ന്നുവരുന്ന ഐടി ആവാസവ്യവസ്ഥയെ കുറിച്ച് അറിയാനും ഇന്ത്യയിലെ ആദ്യത്തെ ഐ ടി പാര്‍ക്കിന്‍റെ പ്രവര്‍ത്തനം മനസ്സിലാക്കുകയുമാണ് സന്ദര്‍ശനത്തിന്‍റെ ഉദ്ദേശം. പഠന പരിപാടിയുടെ ഭാഗമായി ബിപാര്‍ഡിലെ ഏഴ് ബാച്ചുകള്‍ വരും ആഴ്ചകളില്‍ ടെക്നോപാര്‍ക്ക് സന്ദര്‍ശിക്കും. ടെക്നോപാര്‍ക്ക് സിഇഒ കേണല്‍ സഞ്ജീവ് നായരുമായി (റിട്ട) ആദ്യ ബാച്ചിലെ അംഗങ്ങള്‍ സംവദിച്ചു. കേരളത്തിലെ അഭിവൃദ്ധി പ്രാപിക്കുന്ന ഐടി മേഖലയെക്കുറിച്ച് അദ്ദേഹം വിശദമായ അവതരണം നടത്തി.
ടെക്നോപാര്‍ക്ക് സന്ദര്‍ശനം പ്രൊബേഷണര്‍മാര്‍ക്ക് നല്ല പഠനാനുഭവം ആയിരിക്കുമെന്ന് സഞ്ജീവ് നായര്‍ പറഞ്ഞു. ക്ലയന്‍റ് -ബിസിനസ് അധിഷ്ഠിത ആവശ്യങ്ങള്‍ക്ക് പ്രൊഫഷണല്‍ സമീപനം നല്‍കുന്നതിന് ടെക്നോപാര്‍ക്ക് പ്രത്യേക ഊന്നല്‍ നല്‍കുന്നുണ്ട്. പ്രൊഫഷണലിസവും അടിസ്ഥാനസൗകര്യങ്ങളും മികച്ച കര്‍മ്മശേഷിയുള്ള ജീവനക്കാരും കേരളത്തിന്‍റെ ഐടി- ഐടി ഇതര മേഖലയുടെ സവിശേഷതയാണ്. അത് മൊത്തത്തിലുള്ള വളര്‍ച്ചയെ മുന്നോട്ട് നയിക്കുകയും ചെയ്യുന്നു. പരിസ്ഥിതിയെ കൂടി പരിഗണിച്ചു കൊണ്ടുള്ള വികസനമാണ് ടെക്നോപാര്‍ക്ക് സാധ്യമാക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. സര്‍ക്കാര്‍ പിന്തുണയോടെ ഐടി പാര്‍ക്കുകള്‍ സ്വയം സുസ്ഥിരമായ രീതിയിലാണ് പ്രവര്‍ത്തിക്കുന്നതെന്ന് ഒരു ചോദ്യത്തിന് മറുപടിയായി സിഇഒ പറഞ്ഞു മുഴുവന്‍ ഐടി ഇക്കോസിസ്റ്റത്തെയും പ്രോത്സാഹിപ്പിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ പ്രോത്സാഹിപ്പിക്കാന്‍ ടെക്നോപാര്‍ക്ക് സജ്ജമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇന്ത്യന്‍ അഡ്മിനിസ്ട്രേറ്റീവ് സര്‍വീസിലെയും ബിഹാര്‍ അഡ്മിനിസ്ട്രേറ്റീവ് സര്‍വീസിലെയും മറ്റ് അനുബന്ധ സേവനങ്ങളിലെയും പ്രൊബേഷണര്‍മാര്‍ക്കാണ് ബിപാര്‍ഡ് പരിശീലനം നല്‍കുന്നത്. ടെക്നോപാര്‍ക്ക് കസ്റ്റമര്‍ റിലേഷന്‍ഷിപ്പ് എജിഎം വസന്ത് വരദ, ടെക്നോപാര്‍ക്കിലെ മറ്റ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.