ആസാമിനെ നുഴഞ്ഞുകയറ്റത്തില്‍നിന്ന് മുക്തമാക്കും: അമിത് ഷാ
1 min readഗുവഹത്തി: ആസാമിനെ വീണ്ടും നുഴഞ്ഞുകയറ്റക്കാരുടെ കേന്ദ്രമായി മാറാന്‍ ബിജെപി അനുവദിക്കില്ലെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ എഐയുഡിഎഫ് നേതാവ് ബദറുദ്ദീന്‍ അജ്മലിന് മുന്നറിയിപ്പ് നല്‍കി. സംസ്ഥാനത്ത് അടുത്ത സര്‍ക്കാര്‍ രൂപീകരിക്കുന്നതിന്‍റെ ‘ലോക്കും കീയും (എയുയുഡിഎഫ് ചിഹ്നം) തന്‍റെ കൈയിലാണെന്ന് അവകാശപ്പെട്ടതിന് പിന്നാലെ ആരാണ് ആസാം ഭരിക്കുന്നതെന്ന് ജനങ്ങള്‍ തീരുമാനിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ബോഡോലാന്‍റ് ടെറിട്ടോറിയല്‍ പ്രദേശത്തിന് കീഴില്‍ ചിരാങ് ജില്ലയിലെ ബിജ്നിയില്‍ ഒരു തെരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അമിത് ഷാ.
സംസ്ഥാനത്ത് അടുത്ത സര്‍ക്കാര്‍ രൂപീകരിക്കുന്നതിന്‍റെ പൂട്ടും താക്കോലും ആസാമിലെ ജനങ്ങളുടെ കൈയിലുണ്ട്. നുഴഞ്ഞുകയറ്റം തടയുന്നതില്‍ കോണ്‍ഗ്രസ് വളരെ മുമ്പുതന്നെ പരാജയപ്പെട്ടുതാണ്. മുന്‍ കോണ്‍ഗ്രസ് മുഖ്യമന്ത്രി തരുണ്‍ ഗോഗോയ് അജ്മലിനെ ‘ആരാണ് അജ്മല്‍’ എന്ന് പറഞ്ഞ് തള്ളിക്കളഞ്ഞിരുന്നു. എന്നാല്‍ ഇപ്പോള്‍ രാഹുല്‍ ഗാന്ധി പറയുന്നത് എഐയുഡിഎഫ് ‘ആസാമിന്‍റെ ഐഡന്‍റിറ്റിയാണ് എന്നാണ്. ഇത് എന്തുവിലകൊടുത്തും ഞങ്ങള്‍ തടയും, അമിത് ഷാ പറഞ്ഞു. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ യോജിച്ച് പ്രവര്‍ത്തിച്ച് സംസ്ഥാനത്ത് സംസ്ഥാനത്ത് അക്രമവും പ്രക്ഷോഭവും അവസാനിപ്പിക്കുകയും വികസന പാതയിലേക്ക് കൊണ്ടുവരികയും ചെയ്തു. അഞ്ച് വര്‍ഷം മുമ്പ്, പാര്‍ട്ടി പ്രസിഡന്‍റ് എന്ന നിലയില്‍ ഞാന്‍ നിങ്ങളുടെ അടുത്ത് വന്ന് ആസാമിനെ അക്രമത്തില്‍ നിന്നും പ്രക്ഷോഭങ്ങളില്‍ നിന്നും മുക്തമാക്കുമെന്നും വികസനം ഉറപ്പാക്കുമെന്നും വാഗ്ദാനം ചെയ്തിരുന്നു. ആ വാഗ്ദാനം ബിജെപി നിറവേറ്റി. ഇനിയും അഞ്ച് വര്‍ഷം കൂടി നല്‍കിയാല്‍ സംസ്ഥാനത്തെ നുഴഞ്ഞുകയറ്റക്കാരില്‍നിന്നും മുക്തമാക്കും. സംസ്ഥാനത്തെ വെള്ളപ്പൊക്കപ്രശ്നങ്ങള്‍ക്ക് പരിഹാരവും കാണും.-അദ്ദേഹം പറഞ്ഞു.
കലാപത്തിന്‍റെ പ്രശ്നം കോണ്‍ഗ്രസ് പരിഹരിച്ചില്ലെന്നും ഇത് നിരവധി ആളുകളുടെ മരണത്തിലേക്ക് നയിച്ചതായും അദ്ദേഹം ആരോപിച്ചു, എന്നാല്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ബോഡോ കരാര്‍ ഒപ്പിടാന്‍ മുന്‍കൈയെടുത്തു. സംസ്ഥാനത്ത് സ്ഥിരമായ സമാധാനത്തിന് വഴിയൊരുക്കി. 2022 ഓടെ കരാറിന്‍റെ നിബന്ധനകള്‍ പൂര്‍ത്തീകരിക്കപ്പെടുമെന്ന് ഞാന്‍ എല്ലാവരോടും ഉറപ്പുനല്‍കുന്നു, ഇതില്‍ മൂന്നില്‍ രണ്ട് ഭാഗവും ഞങ്ങള്‍ ഇതിനകം ചെയ്തു കഴിഞ്ഞതായും അമിത് ഷാ കൂട്ടിച്ചേര്‍ത്തു.