കുടിവെള്ള പാക്കേജുകളില്‍ ബിഐഎസ് സര്‍ട്ടിഫിക്കേഷന് നിര്‍ബന്ധം
1 min readന്യൂഡെല്‍ഹി: പാക്കേജ് ചെയ്ത കുടിവെള്ളം, മിനറല്‍ വാട്ടര്‍ എന്നിവയുടെ നിര്‍മ്മാതാക്കള്‍ റെഗുലേറ്ററില്‍ നിന്ന് ലൈസന്‍സോ രജിസ്ട്രേഷനോ ലഭിക്കുന്നതിന് ബിഐസ് സര്‍ട്ടിഫിക്കേഷന്‍ എടുക്കുന്നത് ഫുഡ് സേഫ്റ്റി ആന്‍ഡ് സ്റ്റാന്‍ഡേര്‍ഡ് അതോറിറ്റി ഓഫ് ഇന്ത്യ (എഫ്എസ്എസ്എഐ) നിര്‍ബന്ധിതമാക്കി.
പാക്കേജ് ചെയ്ത കുടിവെള്ളത്തിന്‍റെ വില്‍പ്പനയ്ക്കായി പുതിയ ലൈസന്‍സിന് അപേക്ഷിക്കുന്ന സമയത്ത് എഫ്ബിഒകള്‍ (ഫുഡ് ബിസിനസ് ഓപ്പറേറ്റര്‍മാര്‍) ബിഐഎസ് (ബ്യൂറോ ഓഫ് ഇന്ത്യന്‍ സ്റ്റാന്‍ഡേര്‍ഡ്സ്) ലൈസന്‍സിന്‍റെ പകര്‍പ്പ് അല്ലെങ്കില്‍ ബിഐസ് ലൈസന്‍സിനായി അപേക്ഷ രേഖപ്പെടുത്തിയതിനെ സൂചിപ്പിക്കുന്ന കത്തിന്‍റെ പകര്‍പ്പ് നിര്‍ബന്ധമായും അപ്ലോഡ് ചെയ്യേണ്ടിവരുമെന്ന് എഫ്എസ്എസ്എഐ വെള്ളിയാഴ്ച അറിയിച്ചു. എഫ്എസ്എസ്എഐ-യുടെ ഫോസ്കോസ് ഓണ്‍ലൈന്‍ സിസ്റ്റത്തിലാണ് ലൈസന്‍സിന് അപേക്ഷിക്കേണ്ടത്.
എഫ്എസ്എസ് ആക്റ്റ് 2006 ലെ സെക്ഷന്‍ 31 അനുസരിച്ച് എല്ലാ ഫുഡ് ബിസിനസ് ഓപ്പറേറ്റര്‍മാരും (എഫ്ബിഒകള്‍) ഏതെങ്കിലും ഭക്ഷ്യ ബിസിനസ്സ് ആരംഭിക്കുന്നതിന് മുമ്പ് ലൈസന്‍സ് / രജിസ്ട്രേഷന്‍ നേടേണ്ടതുണ്ട്. കൂടാതെ, ബ്യൂറോ ഓഫ് ഇന്ത്യന്‍ സ്റ്റാന്‍ഡേര്‍ഡ്സ് (ബിസ്) സര്‍ട്ടിഫിക്കേഷന്‍ മാര്‍ക്ക് ഇല്ലാതെ ഒരു വ്യക്തിയും പാക്കേജ് ചെയ്ത കുടിവെള്ളവും മിനറല്‍ വാട്ടറും നിര്‍മിക്കുകയോ വില്‍ക്കുകയോ പ്രദര്‍ശിപ്പിക്കുകയോ ചെയ്യാനാകില്ലെന്ന് 2011ലെ ഫുഡ് സേഫ്റ്റി ആന്‍ഡ് സ്റ്റാന്‍ഡേര്‍ഡ്സ് ചട്ടങ്ങള്‍ വ്യക്തമാക്കുന്നു എന്നും എഫ്എസ്എസ്എഐ വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി.