അഫ്ഗാനിലെ യുഎസ് സൈനിക ദൗത്യം ഓഗസ്റ്റ് 31ന് അവസാനിക്കും: ബൈഡന്‍
വാഷിംഗ്ടണ്‍: അഫ്ഗാനിസ്ഥാനിലെ യുഎസ് സൈനിക ദൗത്യം ഓഗസ്റ്റ് 31 ന് സമാപിക്കുമെന്ന് യുഎസ് പ്രസിഡന്‍റ് ജോ ബൈഡന്‍ പറഞ്ഞു. സെപ്റ്റംബര്‍ 11 ആയിരുന്നു യുഎസ് സൈനിക പിന്മാറ്റത്തിന് നിശ്ചയിച്ചിരുന്ന അവസാന തീയതി.”ഈ സാഹചര്യത്തില്‍, വേഗതയാണ് സുരക്ഷ,” ബൈഡന്‍ വൈറ്റ് ഹൗസില്‍ നടത്തിയ പ്രസ്താവനയില്‍ പറഞ്ഞു. ‘പിന്മാറ്റം വ്യത്യസ്തമായ രീതിയില്‍നടത്തുന്നത് തീര്‍ച്ചയായും ഞങ്ങളുടെ ഉദ്യോഗസ്ഥര്‍ക്ക് സുരക്ഷയുടെ അപകടസാധ്യത വര്‍ദ്ധിപ്പിക്കുമായിരുന്നു’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അമേരിക്കയെ ഏറ്റവും ദൈര്‍ഘ്യമേറിയ യുദ്ധത്തിലേക്ക് നയിച്ച തീവ്രവാദ ആക്രമണത്തിന്‍റെ ഇരുപതാം വാര്‍ഷികമായ സെപ്റ്റംബര്‍ 11 ന് മുമ്പ് എല്ലാ യുഎസ് സൈനികരും അഫ്ഗാനിസ്ഥാനില്‍ നിന്ന് പുറത്തുപോകാന്‍ ബൈഡന്‍ ഏപ്രില്‍ മാസത്തിലാണ് ഉത്തരവിട്ടത്. പിന്മാറ്റത്തെ ന്യായീകരിച്ച്, 20 വര്‍ഷത്തെ യുദ്ധത്തില്‍ യുഎസ് സൈന്യം തീവ്രവാദ വിരുദ്ധ ലക്ഷ്യങ്ങള്‍ നേടിയെന്ന് അദ്ദേഹം കുറിച്ചു.
“ഞങ്ങള്‍ രാഷ്ട്രനിര്‍മ്മാണത്തിനായി അഫ്ഗാനിസ്ഥാനിലേക്ക് പോയിട്ടില്ല,” ബൈഡന്‍ കൂട്ടിച്ചേര്‍ത്തു. ‘അഫ്ഗാന്‍ ജനതയുടെ ഭാവി, അവരുടെ രാജ്യം എങ്ങനെ നടത്തണമെന്ന് തീരുമാനിക്കേണ്ടത് അവരുടെ അവകാശവും ഉത്തരവാദിത്തവുമാണ്.’ അഫ്ഗാന്‍ സര്‍ക്കാരിന് പിന്തുണ നല്‍കുന്നത് യുഎസ് തുടരുമെന്ന് ബൈഡന്‍ ഉറപ്പിച്ചുപറഞ്ഞു. യുഎസ് സേനയുമായി ചേര്‍ന്ന് പ്രവര്‍ത്തിച്ച അഫ്ഗാന്‍ പൗരന്മാരെ യുഎസ് വിസ പ്രോസസ്സ് ചെയ്യുന്നതിനായി കാത്തിരിക്കാന്‍ രാജ്യത്തിന് പുറത്തേക്ക് മാറ്റാനും അവര്‍ പദ്ധതിയിട്ടിരുന്നു. “ഈ മാസം മുതല്‍, അഫ്ഗാനിസ്ഥാന്‍ എസ്ഐവി (സ്പെഷ്യല്‍ ഇമിഗ്രന്‍റ് വിസ) അപേക്ഷകര്‍ക്കും പോകാന്‍ ആഗ്രഹിക്കുന്ന അവരുടെ കുടുംബങ്ങള്‍ക്കുമായി നടപടികള്‍ ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.
യുഎസ് സൈനിക പിന്മാറ്റം പൂര്‍ണമായാല്‍ ആറുമാസത്തിനുള്ളില്‍ തന്നെ അഫ്ഗാന്‍ സര്‍ക്കാര്‍ തകരുമെന്ന് യുഎസ് രഹസ്യാന്വേഷണ വിഭാഗം വിലയിരുത്തിയതായി വാള്‍സ്ട്രീറ്റ് ജേണല്‍ കഴിഞ്ഞ മാസം റിപ്പോര്‍ട്ട് ചെയ്തിരുന്നു.തകര്‍ച്ചയുടെ സാഹചര്യം ബൈഡന്‍ തള്ളിക്കളഞ്ഞു.അഫ്ഗാന്‍ സൈനികരുടെ ശേഷിയില്‍ തനിക്ക് വിശ്വാസമുണ്ടെന്ന് അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. അതേസമയം, മെയ് ഒന്നിന് യുഎസ് സൈനികര്‍ പിന്മാറ്റം തുടങ്ങിയ ശേഷം താലിബാന്‍ തീവ്രവാദികള്‍ സര്‍ക്കാര്‍ സേനയ്ക്കെതിരെ കടുത്ത പോരാട്ടം തുടരുകയും രാജ്യത്തെ 400 ജില്ലകളില്‍ നൂറോളം സബര്‍ബന്‍ ജില്ലകള്‍ പിടിച്ചെടുക്കുകയും ചെയ്തിട്ടുണ്ട്.ഇതോടെ യുദ്ധത്തില്‍ തകര്‍ന്ന രാജ്യത്തിന്‍റെ സുരക്ഷാ സ്ഥിതി വഷളായി.
യുഎസും നാറ്റോ സേനയും കഴിഞ്ഞയാഴ്ച തലസ്ഥാന നഗരമായ കാബൂളിനടുത്തുള്ള ബാഗ്രാം എയര്‍ഫീല്‍ഡ് ഒഴിപ്പിച്ചു അഫ്ഗാന്‍ സര്‍ക്കാര്‍ സൈനികര്‍ക്ക് ഏറ്റവും വലിയ സഖ്യ കേന്ദ്രം കൈമാറിയിരുന്നു.പിന്‍വലിക്കലിന്‍റെ 90 ശതമാനവും യുഎസ് സൈന്യം പൂര്‍ത്തിയാക്കിയതായി യുഎസ് സെന്‍ട്രല്‍ കമാന്‍ഡ് ചൊവ്വാഴ്ച അറിയിച്ചിരുന്നു. നയതന്ത്ര ഉദ്യോഗസ്ഥര്‍ക്ക് സുരക്ഷ ഒരുക്കുന്നതിനായി 650 ഓളം സൈനികര്‍ രാജ്യത്ത് തുടരുമെന്ന് മാധ്യമ റിപ്പോര്‍ട്ടുകള്‍ പറയുന്നു.കഴിഞ്ഞ രണ്ട് ദശകങ്ങളില്‍ അഫ്ഗാനിസ്ഥാനില്‍ 2,400 യുഎസ് സൈനികര്‍ കൊല്ലപ്പെട്ടു, 20,000 പേര്‍ക്ക് പരിക്കേറ്റതായി പെന്‍റഗണ്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. 66,000 അഫ്ഗാന്‍ സൈനികര്‍ കൊല്ലപ്പെട്ടതായും റിപ്പോര്‍ട്ടിലുണ്ട്.