250 മില്യണ്‍ ഡോളര്‍ സമാഹരണത്തിന് തയാറെടുത്ത് ഭാരത്പേ
1 min readന്യൂഡെല്‍ഹി: പ്രമുഖ ഫിന്‍ടെക് കമ്പനി ഭാരത്പേ, അടുത്ത ഫണ്ടിംഗ് റൗണ്ടില്‍ 250 മില്യണ്‍ ഡോളര്‍ സമാഹരിക്കുന്നതിന് ചര്‍ച്ചകള്‍ നടത്തുന്നതായി റിപ്പോര്‍ട്ട്. ടൈഗര്‍ ഗ്ലോബല്‍ ആയിരിക്കും നിക്ഷേപങ്ങളെ നയിക്കുക. പുതിയ ധനസഹായം കമ്പനിയുടെ മൂല്യം ഏകദേശം 2.5 ബില്യണ്‍ ഡോളറിലെത്തിക്കുമെന്ന് ടെക്ക്രഞ്ച് വെള്ളിയാഴ്ച റിപ്പോര്‍ട്ട് ചെയ്തു.
ഈ വര്‍ഷം മാര്‍ച്ചില്‍ യുപിഐയില്‍ 106 ദശലക്ഷം പ്രതിമാസ ഇടപാടുകള്‍ എന്ന തലത്തിലേക്ക് എക്കാന്‍ ഭാരത്പേക്ക് സാധിച്ചിരുന്നു. പ്രമുഖ ഡിജിറ്റല്‍ ഡെറ്റ് ഫിനാന്‍സ് പ്ലാറ്റ്ഫോമുകളിലൊന്നായ നോര്‍ത്തേണ്‍ ആര്‍ക്ക് ക്യാപിറ്റലില്‍ നിന്ന് കഴിഞ്ഞ മാസം കമ്പനി 50 കോടി രൂപ വായ്പയായി സമാഹരിച്ചിരുന്നു.
ജനുവരിയില്‍, രാജ്യത്തെ മൂന്ന് മുന്‍നിര ഡെറ്റ് കമ്പനികളായ ആള്‍ട്ടേരിയ ക്യാപിറ്റല്‍, ഇന്നോവെന്‍ ക്യാപിറ്റല്‍, ട്രിഫെക്ട ക്യാപിറ്റല്‍ എന്നിവയില്‍ നിന്നായി കമ്പനി 200 കോടി രൂപ വായ്പ സമാഹരിച്ചിരുന്നു. പിന്നീട് ഐസിഐസിഐ ബാങ്ക്, ആക്സിസ് ബാങ്ക് എന്നിവയില്‍ നിന്ന് അധിക മൂലധനം സമാഹരിച്ചു.
“കഴിഞ്ഞ വര്‍ഷം ഞങ്ങളുടെ വായ്പാ ബിസിനസ്സ് ഞങ്ങള്‍ ഗണ്യമായി വര്‍ദ്ധിപ്പിച്ചു, നടപ്പു സാമ്പത്തിക വര്‍ഷം അവസാനത്തോടെ 10 ലക്ഷത്തിലധികം വ്യാപാരികള്‍ക്കായി ഒരു ബില്യണ്‍ ഡോളര്‍ വരെ വിതരണം ചെയ്യുന്നതിനാണ് ഞങ്ങള്‍ ലക്ഷ്യമിടുന്നത്,” ഭാരത്പേ ഗ്രൂപ്പ് പ്രസിഡന്‍റ് സുഹൈല്‍ സമീര്‍ പറഞ്ഞിരുന്നു.