ഭാവിയിലെ 25 ആഗോള നഗരങ്ങളില്‍ ബെംഗളൂരുവും
ന്യൂഡെല്‍ഹി: ഭാവിയിലെ 25 ആഗോള നഗരങ്ങളുടെ 2021/22ലെ പട്ടികയില്‍ സ്ഥാനം നേടുന്ന ഏക ഇന്ത്യന്‍ നഗരമായി ബെംഗളൂരു മാറി. വ്യാവസായിക ലോകത്തെ കുറിച്ചും അതിര്‍ത്തി കടന്നുള്ള വിപുലീകരണത്തെ കുറിച്ചും വിവരങ്ങള്‍ നല്‍കുന്ന, യുകെ ആസ്ഥാനമായ എഫ്ഡി ഇന്‍റലിജന്‍സാണ് പട്ടിക തയാറാക്കിയിട്ടുള്ളത്.
സിംഗപ്പൂര്‍ പട്ടികയില്‍ ഒന്നാമതെത്തി. ലണ്ടന്‍, ദുബായ്, ആംസ്റ്റര്‍ഡാം, ഡബ്ലിന്‍ എന്നിവയാണ് തുടര്‍ന്നുള്ള സ്ഥാനങ്ങളില്‍
ഇതേ സംഘടന മുമ്പ് പുറത്തിറക്കിയ മറ്റൊരു റിപ്പോര്‍ട്ടില്‍ ലോകത്തിലെ മികച്ച 10 എയ്റോസ്പേസ് നഗരങ്ങളുടെ പട്ടികയില്‍ ബെംഗളൂരുവിനെ മൂന്നാം സ്ഥാനത്ത് അടയാളപ്പെടുത്തിയിരുന്നു.
“നവയുഗ സാങ്കേതിക സ്ഥാപനങ്ങളുടെ കാര്യത്തില്‍ മുന്‍നിരയിലാണ് ബെംഗളൂരു. ആഗോള വിതരണ ശൃംഖലയിലും നഗരത്തിന് സ്ഥാനമുണ്ട്. ഇന്ത്യയില്‍ സമാനതകളില്ലാത്ത ശക്തമായ ഒരു ഇക്കോ സിസ്റ്റം ഞങ്ങളുടെ പക്കലുണ്ട്. ബെംഗളൂരുവിനെ പരാമര്‍ശിക്കാതെ ഗ്ലോബലൈസേഷനെ കുറിച്ചുള്ള ഒരു ബുക്കും പൂര്‍ണമാകില്ല” കര്‍ണാടക വ്യവസായ വികസന കമ്മീഷണര്‍ ഗുഞ്ചന്‍ കൃഷ്ണ പറഞ്ഞു.