ബെനെല്ലി ലിയോണ്‍ചീനോ 500 ഇപ്പോള്‍ ബിഎസ് 6 പാലിക്കും
സ്റ്റീല്‍ ഗ്രേ, ലിയോണ്‍ചീനോ റെഡ് നിറങ്ങളില്‍ ലഭിക്കും. യഥാക്രമം 4,59,900 രൂപയും 4,69,900 രൂപയുമാണ് എക്‌സ് ഷോറൂം വില
ഹൈദരാബാദ്: 2021 ബെനെല്ലി ലിയോണ്‍ചീനോ 500 ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. ഭാരത് സ്റ്റേജ് 6 (ബിഎസ് 6) ബഹിര്‍ഗമന മാനദണ്ഡങ്ങള്‍ പാലിക്കുന്നതാണ് ഇപ്പോള്‍ മോട്ടോര്‍സൈക്കിള്‍. സ്റ്റീല്‍ ഗ്രേ, ലിയോണ്‍ചീനോ റെഡ് എന്നീ രണ്ട് കളര്‍ ഓപ്ഷനുകളില്‍ ലഭിക്കും. യഥാക്രമം 4,59,900 രൂപയും 4,69,900 രൂപയുമാണ് എക്‌സ് ഷോറൂം വില. മോട്ടോര്‍സൈക്കിളിന്റെ പുതിയ പതിപ്പിന് വില കുറഞ്ഞു എന്നത് ശ്രദ്ധേയ കാര്യമാണ്. ബിഎസ് 4 പാലിച്ചിരുന്ന 2019 മോഡലിന് 4,79,000 രൂപയായിരുന്നു എക്‌സ് ഷോറൂം വില. ആഗോളതലത്തില്‍ അല്‍പ്പം കൂടുതല്‍ ഓഫ്‌റോഡ് കഴിവുകളോടെ മോട്ടോര്‍സൈക്കിളിന്റെ ട്രെയ്ല്‍ വേര്‍ഷന്‍ ലഭ്യമാണ്.
ബിഎസ് 6 പാലിക്കുംവിധം എന്‍ജിന്‍ പരിഷ്‌കരിച്ചപ്പോള്‍ കരുത്തും ടോര്‍ക്കും കുറഞ്ഞില്ലെന്ന് ബെനെല്ലി ഇന്ത്യ മാനേജിംഗ് ഡയറക്റ്റര്‍ വികാസ് ജബാക്ക് പറഞ്ഞു. 500 സിസി, ട്വിന്‍ സിലിണ്ടര്‍, 4 സ്‌ട്രോക്ക്, ലിക്വിഡ് കൂള്‍ഡ്, 8 വാല്‍വ്, ഡിഒഎച്ച്‌സി എന്‍ജിനാണ് കരുത്തേകുന്നത്. ഈ മോട്ടോര്‍ 8,500 ആര്‍പിഎമ്മില്‍ 47 ബിഎച്ച്പി കരുത്തും 6,000 ആര്‍പിഎമ്മില്‍ 46 എന്‍എം ടോര്‍ക്കും പരമാവധി ഉല്‍പ്പാദിപ്പിക്കും. 6 സ്പീഡ് ഗിയര്‍ബോക്‌സ് എന്‍ജിനുമായി ഘടിപ്പിച്ചു.
സ്റ്റീല്‍ ട്രെല്ലിസ് ഫ്രെയിമിലാണ് മോട്ടോര്‍സൈക്കിള്‍ നിര്‍മിച്ചിരിക്കുന്നത്. മുന്നില്‍ 50 എംഎം യുഎസ്ഡി ഫോര്‍ക്കുകളും പിന്നില്‍ റീബൗണ്ട്, പ്രീലോഡ് ക്രമീകരിക്കാവുന്ന ഷോക്ക് അബ്‌സോര്‍ബറുകളുമാണ് സസ്‌പെന്‍ഷന്‍ നിര്‍വഹിക്കുന്നത്. 17 ഇഞ്ച് അലോയ് വീലുകളിലാണ് ബെനെല്ലി ലിയോണ്‍ചീനോ 500 മോട്ടോര്‍സൈക്കിളിന്റെ സ്ട്രീറ്റ് വേര്‍ഷന്‍ വരുന്നത്. ട്യൂബ്‌ലെസ് ടയറുകള്‍ ഉപയോഗിക്കുന്നു. മുന്‍ ചക്രത്തില്‍ 4 പിസ്റ്റണ്‍ കാലിപര്‍ സഹിതം 320 എംഎം ഡിസ്‌ക്കുകള്‍, പിന്‍ ചക്രത്തില്‍ സിംഗിള്‍ പിസ്റ്റണ്‍ കാലിപര്‍ സഹിതം 260 എംഎം ഡിസ്‌ക് എന്നിവ ബ്രേക്കിംഗ് നിര്‍വഹിക്കും. സ്വിച്ചബിള്‍ ഡുവല്‍ ചാനല്‍ എബിഎസ് സുരക്ഷാ ഫീച്ചറാണ്.
ഇന്ത്യയിലെ പങ്കാളിയായ മഹാവീര്‍ ഗ്രൂപ്പിന് കീഴിലെ ആദീശ്വര്‍ ഓട്ടോ റൈഡ് ഇന്ത്യയുമായി ചേര്‍ന്ന് ഈ വര്‍ഷം വേറെയും ബിഎസ് 6 മോട്ടോര്‍സൈക്കിളുകള്‍ അവതരിപ്പിക്കും.