ബാങ്കുകളിലെ നിഷ്‌ക്രിയാസ്തി 8.08 ലക്ഷം കോടിയായി കുറഞ്ഞു
1 min readപുതുക്കിയ എസ്റ്റിമേറ്റ് പ്രകാരം, നടപ്പു സാമ്പത്തിക വര്‍ഷത്തില്‍ സര്‍ക്കാരിന്റെ വായ്പ 12.80 ട്രില്യണ്‍ രൂപയായിക്കും
ന്യൂഡെല്‍ഹി: രാജ്യത്തെ ബാങ്കിംഗ് മേഖലയിലെ നിഷ്‌ക്രിയ ആസ്തികള്‍ (എന്‍പിഎ)മോശം വായ്പകള്‍ 2020 സെപ്റ്റംബര്‍ അവസാനത്തോടെ 8.08 ട്രില്യണ്‍ രൂപയായി കുറഞ്ഞു. 2018 മാര്‍ച്ച് അവസാനത്തിലെ കണക്ക് പ്രകാരം 10.36 ട്രില്യണ്‍ രൂപയായിരുന്നു ബാങ്കുകളിലെ മൊത്തം നിഷ്‌ക്രിയാസ്തി. സര്‍ക്കാരിന്റെ വിവിധ ഉദ്യമങ്ങളാണ് ഇതിലേക്ക് നയിച്ചതെന്ന് ധനകാര്യ സഹമന്ത്രി അനുരാഗ് താക്കൂര്‍ രാജ്യസഭയില്‍ പറഞ്ഞു.
അസറ്റ് ക്വാളിറ്റി റിവ്യൂ (എക്യുആര്‍) നടപ്പാക്കുന്നതിലൂടെയും തുടര്‍ന്ന് ബാങ്കുകള്‍ സുതാര്യമായ പ്രക്രിയയിലൂടെ സമ്മര്‍ദിത ആസ്തികളെ എന്‍പിഎകളായി വേഗത്തില്‍ വര്‍ഗീകരിക്കുന്നതിലൂടെയും ഇത്തരം വായ്പകളിലെ പരിഹാര പ്രക്രിയകള്‍ വേഗത്തിലാക്കാന്‍ സാധിച്ചതായും അദ്ദേഹം പറഞ്ഞു. ആര്‍ബിഐ ഡാറ്റ പ്രകാരം ഷെഡ്യൂള്‍ ചെയ്ത വാണിജ്യ ബാങ്കുകളുടെ മൊത്തം എന്‍പിഎകള്‍ 2015 മാര്‍ച്ച് 31 ന് 3,23,464 കോടി രൂപയായിരുന്നത് 2018 മാര്‍ച്ച് 31 ആയപ്പോഴേക്കും 10,36,187 കോടി രൂപയായി ഉയര്‍ന്നിരുന്നു. തുടര്‍ന്ന് 2020 സെപ്റ്റംബര്‍ 30 വരെയുള്ള കാലയളവില്‍ എന്‍പിഎകളുടെ മൊത്തം മൂല്യം 2,27,388 കോടി രൂപ കുറഞ്ഞ് 8,08,799 കോടി രൂപയായി.
2019-20ലെ സമാന പാദങ്ങളെ അപേക്ഷിച്ച്, നടപ്പു സാമ്പത്തിക വര്‍ഷത്തില്‍ വിപണിയില്‍ നിന്നുള്ള സര്‍ക്കാരിന്റെ വായ്പയെടുപ്പ് ആദ്യ പാദത്തില്‍ 57 ശതമാനവും രണ്ടാം പാദത്തില്‍ ല്‍ 90 ശതമാനവും മൂന്നാം പാദത്തില്‍ 48 ശതമാനവും വര്‍ദ്ധിച്ചതായി മറ്റൊരു ചോദ്യത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞു. കേന്ദ്ര ബജറ്റ് 2021-22ലെ പുതുക്കിയ എസ്റ്റിമേറ്റ് പ്രകാരം, മാര്‍ച്ചില്‍ അവസാനിക്കുന്ന നടപ്പു സാമ്പത്തിക വര്‍ഷത്തില്‍ സര്‍ക്കാര്‍ വായ്പ 12.80 ട്രില്യണ്‍ രൂപയായിക്കും. ഇത് ബജറ്റില്‍ കണക്കാക്കിയ 7.8 ട്രില്യണ്‍ രൂപയേക്കാള്‍ 64 ശതമാനം കൂടുതലാണ്.