സിറ്റി ബാങ്കിന്‍റെ ഇന്ത്യയിലെ കണ്‍സ്യൂമര്‍ ബിസിനസ് ആക്സിസ് ബാങ്ക് ഏറ്റെടുക്കുന്നു
കൊച്ചി: സിറ്റി ബാങ്കിന്‍റെ ഇന്ത്യയിലെ കണ്‍സ്യൂമര്‍ ബിസിനസ് ആക്സിസ് ബാങ്ക് ഏറ്റെടുക്കുന്നതിന് ഇരു ബാങ്കുകളുടേയും ഡയറക്ടര്‍ ബോര്‍ഡുകള്‍ അംഗീകാരം നല്‍കി. നിയന്ത്രണ സ്ഥാപനങ്ങളുടെ അനുമതിക്കു വിധേയമായായിരിക്കും ഇത് പൂര്‍ത്തിയാക്കുക. കവറിങ് വായ്പകള്‍, ക്രെഡിറ്റ് കാര്‍ഡുകള്‍, വെല്‍ത്ത് മാനേജുമെന്‍റ്, റീട്ടെയില്‍ ബാങ്കിങ് പ്രവര്‍ത്തനങ്ങള്‍ എന്നിവയുള്‍പ്പെടെയുള്ള സിറ്റി ബാങ്കിന്‍റെ ഇന്ത്യയിലെ കണ്‍സ്യൂമര്‍ ബിസിനസ് ഏറ്റെടുക്കാനുള്ള സ്ഥിതിയാണ് ഇന്ത്യയിലെ വലിയ സ്വകാര്യ വായ്പാ ദാതാക്കളിലൊന്നായ ആക്സിസ് ബാങ്കിനുള്ളത്.
മൂന്നു ദശലക്ഷത്തോളം വരുന്ന ഉപഭോക്താക്കളെയാവും എറ്റെടുക്കുക. ഏറ്റെടുക്കലിനായി സിറ്റി ബാങ്കിന് 12,325 കോടി രൂപ നല്‍കും. 502 ബില്യണ്‍ രൂപയുടെ ആകെ ബിസിനസായിരിക്കും ഇതിനെ തുടര്‍ന്നു കൂട്ടിച്ചേര്‍ക്കപ്പെടുക. ഇതില്‍ 81 ശതമാനവും കറണ്ട് അക്കൗണ്ട്, സേവിങ്സ് ബാങ്ക് അക്കൗണ്ട് വിഭാഗത്തിലായിരിക്കും. 18 പട്ടണങ്ങളിലായുള്ള ഏഴ് ഓഫിസുകള്‍, 21 ശാഖകള്‍, 499 എടിഎമ്മുകള്‍ എന്നിവയുടെ നിയന്ത്രണവും ബാങ്കിനു ലഭിക്കും. സിറ്റി ബാങ്കിന്‍റെ 3600 ഓളം വരുന്ന കണ്‍സ്യൂമര്‍ ജീവനക്കാരേയും ആക്സിസ് ബാങ്ക് ഏറ്റെടുക്കും.
ആക്സിസ് ബാങ്കിന്‍റെ ക്രെഡിറ്റ് കാര്‍ഡ് അടിത്തറ പുതിയ 25 ലക്ഷം കാര്‍ഡുകളുമായി 31 ശതമാനം വര്‍ധിക്കാനും ഇതു സഹായിക്കും. ഇതോടെ ഇന്ത്യന്‍ കാര്‍ഡ് വിപണിയിലെ ഏറ്റവും വലിയ മൂന്നു സ്ഥാപനങ്ങളില്‍ ഒന്നെന്ന സ്ഥാനവും ലഭിക്കും. ഇതിനു പുറമെ വെല്‍ത്ത്, പ്രൈവറ്റ് ബാങ്കിങ് വിഭാഗം ആക്സിസ് ബര്‍ഗണ്ടി ബിസിനസിന് വലിയ മൂല്യമാകും നല്‍കുക. ബാങ്കിന്‍റെ നിക്ഷേപത്തില്‍ ഏഴു ശതമാനവും വായ്പകളില്‍ നാലു ശതമാനവും വര്‍ധനവായിരിക്കും ഈ നീക്കങ്ങളിലൂടെ ഉണ്ടാകുക. സിറ്റി ബാങ്കിന്‍റെ എല്ലാ ഉപഭോക്താക്കള്‍ക്കും ഈ നീക്കത്തിനു ശേഷവും റിവാര്‍ഡുകള്‍, പ്രിവിലേജുകള്‍, മുന്‍പ് നല്‍കിയിട്ടുള്ള വാഗ്ദാനങ്ങള്‍ എന്നിവ തുടര്‍ന്നും ലഭിക്കും. ഇതിനു പുറമെ സിറ്റി ബാങ്കിന്‍റെ ഉപഭോക്താക്കള്‍ക്ക് ആക്സിസ് ബാങ്കിന്‍റെ വിപുലമായ പ്രദേശങ്ങളിലെ സേവനങ്ങള്‍ ലഭ്യമാകുകയും ചെയ്യും. ലോകോത്തര സിറ്റി ഫോണ്‍ ബാങ്കിങ് സിറ്റി ബാങ്കിന്‍റേയും ആക്സിസ് ബാങ്കിന്‍റേയും ഉപഭോക്താക്കള്‍ക്ക് ലഭ്യമാക്കും.
ആക്സിസിന്‍റെ യാത്രയിലെ ഒരു സുപ്രധാന നാഴികക്കല്ലാണിതെന്ന് ആക്സിസ് ബാങ്ക് മാനേജിങ് ഡയറക്ടറും സിഇഒയുമായ അമിതാഭ് ചൗധരി പറഞ്ഞു. ഉപഭോക്തൃ അനുഭവങ്ങള്‍ കൂടുതല്‍ മെച്ചപ്പെടുത്തുകയും വരുമാനത്തിന്‍റേയും ചെലവിന്‍റേയും കാര്യത്തില്‍ നേട്ടമുണ്ടാക്കാന്‍ സഹായിക്കുകയും ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.
തങ്ങളുടെ ഉപഭോക്താക്കളുടെ സാമ്പത്തിക ആവശ്യങ്ങള്‍ നിറവേറ്റാനും ജീവനക്കാര്‍ക്ക് ഏറ്റവും മികച്ച സാഹചര്യങ്ങള്‍ ലഭ്യമാക്കാനും ആക്സിസ് ബാങ്കിനു കഴിയുമെന്ന് സിറ്റി ഇന്ത്യ സിഇഒ അഷു ഖുല്ലര്‍ പറഞ്ഞു. ഇന്ത്യയുടെ വളര്‍ച്ചയ്ക്ക് തങ്ങള്‍ പ്രതിജ്ഞാബദ്ധരായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.