സ്വാതന്ത്ര്യദിനാഘോഷം കുട്ടിക്കാലത്തെ ഓര്‍മിപ്പിക്കുന്നു: രാഷ്ട്രപതി
77-ാം സ്വാതന്ത്ര്യദിനത്തിന്റെ പൂർവസന്ധ്യയിൽ രാഷ്ട്രപതി ശ്രീമതി ദ്രൗപദി മുര്‍മു രാഷ്ട്രത്തോടു നടത്തിയ അഭിസംബോധന
എന്റെ പ്രിയപ്പെട്ട സഹ പൗരന്മാരേ,
നമ്മുടെ 77-ാം സ്വാതന്ത്ര്യദിനത്തിൽ നിങ്ങള്‍ക്കേവര്‍ക്കും എന്റെ ഹൃദയം നിറഞ്ഞ ആശംസകള്‍! നമ്മെ സംബന്ധിച്ച് ഇത് ഏറെ മഹത്തരവും ശുഭകരവുമായ മുഹൂര്‍ത്തമാണ്. ഈ ആഘോഷങ്ങള്‍ കാണുമ്പോള്‍ എനിക്ക് അതിയായ സന്തോഷം തോന്നുന്നു. ഇന്ത്യയിലെ എല്ലാ നഗരങ്ങളിലും ഗ്രാമങ്ങളിലും കുട്ടികളും യുവാക്കളും പ്രായമായവരും സ്വാതന്ത്ര്യത്തിന്റെ ഈ ഉത്സവം ആഘോഷിക്കാന്‍ ഏതുരീതിയിൽ ആവേശഭരിതരായി തയ്യാറെടുക്കുന്നു എന്നത് കാണുമ്പോള്‍ സന്തോഷവും അഭിമാനവും തോന്നുന്നു. ജനങ്ങള്‍ ‘ആസാദി കാ അമൃത് മഹോത്സവ്’ വളരെ ആവേശത്തോടെയാണ് ആഘോഷിക്കുന്നത്.
സ്വാതന്ത്ര്യദിനാഘോഷം എന്റെ കുട്ടിക്കാലത്തെക്കുറിച്ചും എന്നെ ഓര്‍മിപ്പിക്കുന്നു. ഞങ്ങളുടെ ഗ്രാമത്തിലെ സ്കൂളിലെ സ്വാതന്ത്ര്യദിനാഘോഷ പരിപാടികളില്‍ പങ്കെടുക്കുന്നതിന്റെ ആവേശം പിടിച്ചുനിര്‍ത്താന്‍ കഴിയാത്ത ഒന്നായിരുന്നു. ത്രിവര്‍ണ പതാക ഉയര്‍ത്തുമ്പോള്‍ ഒരു രോമാഞ്ചഭരിതമായ ഊർജ്ജം ഞങ്ങളിലൂടെ കടന്നുപോകുന്നതായി തോന്നുമായിരുന്നു. ദേശഭക്തി മനസ്സില്‍ നിറച്ചാണ് ഞങ്ങള്‍ ദേശീയ പതാകയെ അഭിവാദ്യം ചെയ്യുകയും ദേശീയഗാനം ആലപിക്കുകയും ചെയ്തിരുന്നത്. പരസ്പരം മധുരം വിതരണം ചെയ്യുകയും ദേശഭക്തി ഗാനങ്ങള്‍ ആലപിക്കുകയും ചെയ്യുമായിരുന്നു. ഈ ഗാനങ്ങള്‍ പിന്നീട് ദിവസങ്ങളോളം മനസ്സില്‍ തങ്ങി നിന്നിരുന്നു. ഒരു സ്‌കൂള്‍ അധ്യാപികയായപ്പോൾ ഇവയെല്ലാം വീണ്ടും അനുഭവിക്കാന്‍ കഴിഞ്ഞുവെന്നത് ഭാഗ്യമായാണ് ഞാൻ കാണുന്നത്.
നാം വളരുമ്പോൾ ദേശീയോത്സവങ്ങളുമായി ബന്ധപ്പെട്ട ആഘോഷവേളകളിലെ സന്തോഷം കുട്ടികളെപ്പോലെ പ്രകടിപ്പിക്കില്ലായിരിക്കാം. എന്നാൽ നമ്മുടെ മനസ്സിലെ ദേശഭക്‌തി എന്ന വികാരത്തിന് ഒട്ടും കുറവുണ്ടാകില്ലെന്ന് എനിക്കുറപ്പാണ്. നാം വെറും വ്യക്തികള്‍ മാത്രമല്ലെന്നും ഒരു വലിയ സമൂഹത്തിന്റെ ഭാഗമാണ് നാമോരോരുത്തരും എന്നതാണ് സ്വാതന്ത്ര്യദിനം നമ്മെ ഓർമിപ്പിക്കുന്നത്. അത്തരത്തിലുള്ള ഏറ്റവും വലിയ ബൃഹത് സമൂഹമാണ് നാമെന്നത് മറ്റൊരു പ്രത്യേകതയാണ്. ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യരാജ്യത്തിലെ പൗരന്മാരുടെ സമൂഹമാണിത്.
മഹത്തായ ഒരു ജനാധിപത്യത്തിന്റെ ഭാഗമാണ് നാം എന്ന വസ്തുതയാണു സ്വാതന്ത്ര്യദിനത്തില്‍ നാം ആഘോഷിക്കുന്നത്. നമുക്കേവര്‍ക്കും നിരവധി സ്വത്വങ്ങളുണ്ടാകാം. ജാതി, മതം, ഭാഷ, പ്രദേശം എന്നിവയ്ക്ക് പുറമെ, നമ്മുടെ കുടുംബം, തൊഴില്‍ മേഖല തുടങ്ങിയവയുടെ പേരിലെല്ലാം നാം തിരിച്ചറിയപ്പെടുന്നു. എന്നാല്‍ അതിനെല്ലാം മുകളിലായി ഒന്നുണ്ട്. ഇന്ത്യൻ പൗരന്മാരെന്ന നമ്മുടെ സ്വത്വം. നാമോരോരുത്തരും തുല്യ അവകാശങ്ങളുള്ള പൗരന്‍മാരാണ്. ഈ മണ്ണില്‍ തുല്യമായ അവസരം, അവകാശം, ഉത്തരവാദിത്തം എന്നിവയുള്ള പൗരന്‍മാരാണ് നാമെല്ലാം.
എന്നാല്‍ എല്ലായ്പ്പോഴും കാര്യങ്ങള്‍ അങ്ങനെയായിരുന്നില്ല. ഇന്ത്യ ജനാധിപത്യത്തിന്റെ മാതാവാണ്. വളരെ പ്രാചീന കാലം തൊട്ട് താഴേത്തട്ടു മുതല്‍ ജനാധിപത്യ സ്ഥാപനങ്ങള്‍ നമുക്കുണ്ടായിരുന്നു. എന്നാല്‍ നീണ്ട കാലത്തെ കോളനിവാഴ്ച അതിനെയെല്ലാം തുടച്ചെറിഞ്ഞു. 1947 ഓഗസ്റ്റ് 15ന് രാജ്യം ഒരു പുതിയ പ്രഭാതത്തിലേക്കാണുണർന്നത്. വിദേശ ഭരണത്തിൽ നിന്നുള്ള സ്വാതന്ത്ര്യം മാത്രമല്ല, നമ്മുടെ ഭാഗധേയം മാറ്റിയെഴുതാനുള്ള സ്വാതന്ത്ര്യവും നാം നേടി.
ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിച്ചതോടെ പല കോളനികളില്‍ നിന്നും വിദേശഭരണാധികാരികൾ പിന്‍മാറാന്‍ തുടങ്ങുകയും അത് കോളനിവാഴ്ചയുടെ യുഗത്തിന് അന്ത്യം കുറിക്കുകയും ചെയ്തു. നമ്മുടെ സ്വാതന്ത്ര്യ സമരത്തിന്റെ പ്രത്യേകത അതിന്റെ ഉദ്ദേശ്യം നേടിയെടുത്തുവെന്നതില്‍ മാത്രം ഒതുങ്ങുന്നില്ല; മറിച്ച് എങ്ങനെയാണ് ആ പോരാട്ടം മുന്നോട്ടു പോയത് എന്നതുകൂടിയാണ്. മഹാത്മാഗാന്ധിയുടെ നേതൃത്വത്തിലും അസാമാന്യ ദീർഘവീക്ഷണമുള്ള നേതാക്കളുടെ കൂട്ടായ്മയിലും നമ്മുടെ ദേശീയ പ്രസ്ഥാനം സവിശേഷമായ ഒരു കൂട്ടം ആദര്‍ശങ്ങളാല്‍ സജീവമായിരുന്നു. ഗാന്ധിജിയും മറ്റുള്ളവരും ഇന്ത്യയുടെ ആത്മാവിനെ പുനരുജ്ജീവിപ്പിക്കുകയും രാജ്യത്തെ അതിന്റെ നാഗരിക മൂല്യങ്ങള്‍ കണ്ടെത്തുന്നതിന് സഹായിക്കുകയും ചെയ്തു. ഇന്ത്യയുടെ ഈ തിളക്കമാർന്ന മാതൃക പിന്തുടര്‍ന്ന്, നമ്മുടെ ചെറുത്തുനില്‍പ്പിന്റെ ആധാരശിലയായ ‘സത്യവും അഹിംസയും’ ലോകമെമ്പാടുമുള്ള നിരവധി രാഷ്ട്രീയ സമരങ്ങളില്‍ വിജയകരമായി പ്രയോഗിച്ചിട്ടുണ്ട്.
സ്വാതന്ത്ര്യദിനത്തിന്റെ ഈ പൂർവസന്ധ്യയിൽ, രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനായി പോരാടിയ പ്രശസ്തരും അപ്രശസ്തരുമായ എല്ലാ സ്വാതന്ത്ര്യ സമരസേനാനികള്‍ക്കും, എന്റെ സഹപൗരന്‍മാര്‍ക്കൊപ്പം ചേര്‍ന്ന് ഞാന്‍ ശ്രദ്ധാഞ്ജലി അര്‍പ്പിക്കുകയാണ്. അവരുടെ ത്യാഗങ്ങളാണ് ഇന്ന് ഇന്ത്യക്ക് ലോകരാഷ്ട്രങ്ങള്‍ക്ക് മുന്നില്‍ അര്‍ഹമായ സ്ഥാനം നേടിക്കൊടുത്തത്. മാതംഗിനി ഹസ്ര, കനകലത ബറുവ തുടങ്ങിയ വിശ്രുതരായ വനിതാ സ്വാതന്ത്ര്യസമര സേനാനികള്‍ ഭാരതമാതാവിനു വേണ്ടി അവരുടെ ജീവന്‍ പോലും ബലിയര്‍പ്പിച്ചു. സത്യഗ്രഹത്തിന്റെ ദുഷ്‌കരമായ പാതയിലെ ഓരോ ചുവടിലും കസ്തൂര്‍ബ രാഷ്ട്രപിതാവായ മഹാത്മാഗാന്ധിക്കൊപ്പം നിലകൊണ്ട് പിന്തുണയേകി. സരോജിനി നായിഡു, അമ്മു സ്വാമിനാഥന്‍, രമാദേവി, അരുണ ആസഫ് അലി, സുചേത കൃപലാനി തുടങ്ങിയ ഉൽക്കൃഷ്ടരായ നിരവധി വനിതാ നേതാക്കള്‍ ഭാവി തലമുറയിലെ എല്ലാ സ്ത്രീകള്‍ക്കും ആത്മവിശ്വാസത്തോടെ രാജ്യത്തിനും സമൂഹത്തിനും വേണ്ടി പ്രവര്‍ത്തിക്കാന്‍ പ്രചോദനാത്മകമായ ആദര്‍ശങ്ങള്‍ കാഴ്ചവെച്ചു. ഇന്ന്, വികസനത്തിലും രാഷ്ട്രസേവനത്തിലും സ്ത്രീകള്‍ വിപുലമായ സംഭാവനകള്‍ നല്‍കുകയും രാജ്യത്തിന്റെ അഭിമാനം ഉയര്‍ത്തുകയും ചെയ്യുന്നതു നാം കാണുന്നു. ഏതാനും പതിറ്റാണ്ടുകള്‍ക്ക് മുമ്പ് തങ്ങളുടെ പങ്കാളിത്തം സങ്കല്‍പ്പിക്കാന്‍ പോലും കഴിയാത്ത അനേകം മേഖലകളില്‍ ഇന്ന് നമ്മുടെ രാജ്യത്തെ സ്ത്രീകള്‍ അവരുടേതായ സവിശേഷ സ്ഥാനം നേടിയെടുത്തിട്ടുണ്ട്.
നമ്മുടെ രാജ്യത്തു സ്ത്രീകളുടെ സാമ്പത്തിക ശാക്തീകരണത്തിനു പ്രത്യേക ഊന്നൽ നൽകുന്നു എന്നതിൽ എനിക്കു സന്തോഷമുണ്ട്. സാമ്പത്തിക ശാക്തീകരണം കുടുംബത്തിലും സമൂഹത്തിലും സ്ത്രീകളുടെ പദവിക്ക് കരുത്തേകുന്നു. സ്ത്രീശാക്തീകരണത്തിനു മുൻഗണന നൽകണമെന്നു ഞാൻ എല്ലാ പൗരന്മാരോടും അഭ്യർഥിക്കുന്നു. നമ്മുടെ സഹോദരിമാരും പെൺമക്കളും വെല്ലുവിളികളെ ധൈര്യത്തോടെ അതിജീവിച്ചു ജീവിതത്തിൽ മുന്നേറണമെന്നു ഞാൻ ആഗ്രഹിക്കുന്നു. സ്ത്രീകളുടെ വികസനം നമ്മുടെ സ്വാതന്ത്ര്യസമരത്തിന്റെ ആദർശങ്ങളിലൊന്നായിരുന്നു.
പ്രിയപ്പെട്ട പൗരന്മാരേ,
സ്വാതന്ത്ര്യദിനം നമ്മുടെ ചരിത്രവുമായി വീണ്ടും ബന്ധപ്പെടാനുള്ള അവസരമാണ്. നമ്മുടെ വർത്തമാനകാലത്തെ വിലയിരുത്താനും നമ്മുടെ മുന്നോട്ടുള്ള വഴിയെക്കുറിച്ചു ചിന്തിക്കാനുമുള്ള സന്ദർഭം കൂടിയാണിത്. നിലവിലെ സാഹചര്യം പരിശോധിക്കുമ്പോൾ, ലോകവേദിയിൽ ഇന്ത്യ അർഹമായ സ്ഥാനം വീണ്ടെടുക്കുക മാത്രമല്ല, അന്താരാഷ്ട്ര ക്രമത്തിൽ അതിന്റെ സ്ഥാനം ഉയർത്തുകയും ചെയ്തതായി നമുക്കു കാണാം. എന്റെ വിദേശ സന്ദർശനങ്ങളിലും പ്രവാസികളുമായുള്ള ആശയവിനിമയത്തിലും , ഇന്ത്യയുടെ കഥയിൽ പുതിയ ആത്മവിശ്വാസം എനിക്കു കാണാനായി. ലോകമെമ്പാടും വികസന-മാനവിക ലക്ഷ്യങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിൽ ഇന്ത്യ നിർണായക പങ്കു വഹിക്കുന്നു. അന്താരാഷ്ട്ര വേദികളുടെ നേതൃത്വം, പ്രത്യേകിച്ചു ജി-20യുടെ അധ്യക്ഷപദം, രാജ്യം ഏറ്റെടുത്തിട്ടുണ്ട്.
ജി-20 ലോക ജനസംഖ്യയുടെ മൂന്നിൽ രണ്ടു ഭാഗത്തെയും പ്രതിനിധാനം ചെയ്യുന്നതിനാൽ, ആഗോള വ്യവഹാരത്തെ ശരിയായ ദിശയിൽ രൂപപ്പെടുത്താൻ സഹായിക്കുന്നതിനുള്ള സവിശേഷ അവസരമാണിത്. ജി-20 അധ്യക്ഷപദവിയിലൂടെ, വ്യാപാരത്തിലും ധനകാര്യത്തിലും തുല്യതയാർന്ന പുരോഗതിയിലേക്കുള്ള പാത തെളിക്കാൻ ഇന്ത്യക്കു കഴിയും. വ്യാപാരത്തിനും ധനകാര്യത്തിനുമപ്പുറം മാനവവികസനവുമായി ബന്ധപ്പെട്ട കാര്യങ്ങളും കാര്യപരിപാടിയിലുണ്ട്. മനുഷ്യരാശിയെ മൊത്തത്തിൽ ബാധിക്കുന്നതും ഭൂമിശാസ്ത്രപരമായ അതിരുകളാൽ പരിമിതപ്പെടാത്തതുമായ നിരവധി ആഗോള പ്രശ്നങ്ങളുണ്ട്. മികച്ച രീതിയിൽ ആഗോള പ്രശ്നങ്ങൾ കൈകാര്യം ചെയ്യുന്ന ഇന്ത്യയുടെ നേതൃത്വമുണ്ടെങ്കിൽ, ഈ മേഖലകളിൽ ഫലപ്രദമായ നടപടികൾ മുന്നോട്ടു കൊണ്ടുപോകാൻ അംഗരാജ്യങ്ങൾക്കു കഴിയുമെന്ന് എനിക്കുറപ്പുണ്ട്.
ഇന്ത്യയുടെ ജി-20 അധ്യക്ഷതയിൽ ശ്രദ്ധേയമായ കാര്യം, ഈ നയതന്ത്ര പ്രവർത്തനം താഴേത്തട്ടിലെത്തിച്ച രീതിയാണ്. ജനപങ്കാളിത്തം പ്രോത്സാഹിപ്പിക്കുന്നതിനായി ഇത്തരത്തിലുള്ള പ്രചാരണപരിപാടികൾ ഇതാദ്യമായാണു നടക്കുന്നത്. ഉദാഹരണത്തിന്, ജി-20യുടെ ആശയങ്ങൾ ഉൾക്കൊള്ളിച്ചു സ്കൂളുകളിലും കോളേജുകളിലും സംഘടിപ്പിക്കുന്ന വൈവിധ്യമാർന്ന മത്സരങ്ങളിൽ വിദ്യാർഥികൾ ആവേശത്തോടെ പങ്കെടുക്കുന്നതു കാണുന്നതു സന്തോഷകരമാണ്. ജി-20യുമായി ബന്ധപ്പെട്ട പരിപാടികളിൽ എല്ലാ പൗരന്മാരും ആവേശഭരിതരാണ്.
പ്രിയ സഹ പൗരന്മാരെ,
ശാക്തീകരണ ബോധത്തോടൊപ്പമുള്ള ഈ ഉല്‍സാഹം സാധ്യമാണ്; കാരണം രാഷ്ട്രം എല്ലാ മേഖലകളിലും വലിയ മുന്നേറ്റം നടത്തുകയാണ്. ഇന്ത്യയുടെ സമ്പദ്വ്യവസ്ഥ പ്രക്ഷുബ്ധമായ സമയങ്ങളില്‍ പ്രതിരോധശേഷിയുള്ളതാണെന്ന് മാത്രമല്ല, മറ്റുള്ളവര്‍ക്ക് പ്രത്യാശയുടെ വെളിച്ചം കൂടിയാണെന്നു തെളിയിച്ചു കഴിഞ്ഞു. ലോക സമ്പദ് വ്യവസ്ഥ അതിലോലമായ ഒരു ഘട്ടത്തിലൂടെയാണ് കടന്നുപോകുന്നത്, മഹാമാരിയെ തുടര്‍ന്നുള്ള അന്താരാഷ്ട്ര സ്ഥിതിഗതികൾ അനിശ്ചിതത്വം വർധിപ്പിച്ചു. എന്നിട്ടും, പ്രതികൂല സാഹചര്യത്തിൽ വളരെ നന്നായി സഞ്ചരിക്കാന്‍ കേന്ദ്ര ഗവണ്‍മെന്റിനു കഴിഞ്ഞു. ഇന്ത്യ വെല്ലുവിളികളെ അവസരങ്ങളാക്കി മാറ്റുകയും ഉയര്‍ന്ന ജിഡിപി വളര്‍ച്ച രേഖപ്പെടുത്തുകയും ചെയ്തു. നമ്മുടെ അന്നദാതാക്കളായ കര്‍ഷകര്‍ രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ചയില്‍ കാര്യമായ പങ്കുവഹിച്ചിട്ടുണ്ട്. അവരോട് രാജ്യം കടപ്പെട്ടിരിക്കുന്നു.
ആഗോള തലത്തില്‍ പണപ്പെരുപ്പം ആശങ്കാജനകമായി തുടരുകയാണ്. എന്നാല്‍ ഇന്ത്യയില്‍ ഗവണ്‍മെന്റിനും റിസര്‍വ് ബാങ്കിനും ഇത് നിയന്ത്രിക്കാന്‍ കഴിഞ്ഞു. ഉയര്‍ന്ന പണപ്പെരുപ്പത്തില്‍ നിന്ന് സാധാരണക്കാരെ സംരക്ഷിക്കുന്നതിലും പാവപ്പെട്ടവര്‍ക്ക് കൂടുതല്‍ വിപുലമായ സുരക്ഷാ പരിരക്ഷ നല്‍കുന്നതിലും ഗവണ്‍മെന്റ് വിജയിച്ചിട്ടുണ്ട്. ആഗോള സാമ്പത്തിക വളര്‍ച്ചയ്ക്കായി ലോകം ഇന്ത്യയെ ഉറ്റുനോക്കുന്നു.
തുടര്‍ച്ചയായ സാമ്പത്തിക പുരോഗതിയെ നയിക്കുന്നത് ദ്വിമുഖ തന്ത്രമാണ്. ഒരു വശത്ത്, ബിസിനസ് സുഗമമാക്കുകയും തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുകയും ചെയ്യുന്നതിലൂടെ സംരംഭക ശക്തികളെ സ്വാതന്ത്രമാക്കാനുള്ള നിരന്തരമായ മുന്നേറ്റമുണ്ട്. മറുവശത്ത്, ആവശ്യക്കാര്‍ക്കായി സജീവവും വിപുലവുമായ ക്ഷേമ സംരംഭങ്ങള്‍ വിവിധ മേഖലകളില്‍ നടപ്പാക്കുന്നു. കഴിഞ്ഞ ദശകത്തില്‍ നിരവധി ആളുകളെ ദാരിദ്ര്യത്തില്‍ നിന്ന് കരകയറ്റിയ ഞങ്ങളുടെ നയങ്ങളുടെയും പ്രവര്‍ത്തനങ്ങളുടെയും ഊന്നല്‍ പാര്‍ശ്വവല്‍കരിക്കപ്പെട്ടവരായി അവശേഷിച്ചവര്‍ക്ക് മുന്‍ഗണന നല്‍കുക എന്നതാണ്. അതുപോലെ, ആദിവാസികളുടെ അവസ്ഥ മെച്ചപ്പെടുത്തുന്നതിനും പുരോഗതിയുടെ യാത്രയില്‍ ചേരാന്‍ അവരെ പ്രോത്സാഹിപ്പിക്കുന്നതിനും പ്രത്യേക പരിപാടികളുണ്ട്. ആധുനികതയെ ആശ്ലേഷിക്കുമ്പോള്‍ത്തന്നെ അവരുടെ പാരമ്പര്യങ്ങളെ സമ്പന്നമാക്കാന്‍ ഞാന്‍ നമ്മുടെ ആദിവാസി സഹോദരന്മാരോട് അഭ്യര്‍ത്ഥിക്കുന്നു.
സാമ്പത്തിക വളര്‍ച്ചയ്ക്കൊപ്പം, മാനുഷിക-വികസന-ആകുലതകള്‍ക്കും ഉയര്‍ന്ന മുന്‍ഗണന നല്‍കിയിട്ടുണ്ട് എന്നു കാണുന്നതില്‍ എനിക്ക് സന്തോഷമുണ്ട്. ഒരു അദ്ധ്യാപിക കൂടിയായതിനാല്‍, സാമൂഹിക ശാക്തീകരണത്തിനുള്ള ഏറ്റവും വലിയ ഉപാധി വിദ്യാഭ്യാസമാണെന്ന് ഞാന്‍ തിരിച്ചറിയുന്നു. 2020-ലെ ദേശീയ വിദ്യാഭ്യാസ നയം ഒരു മാറ്റമുണ്ടാക്കാന്‍ തുടങ്ങി. വിവിധ തലങ്ങളിലുള്ള വിദ്യാര്‍ത്ഥികളുമായും വിദ്യാഭ്യാസ വിചക്ഷണരുമായും ഞാന്‍ നടത്തിയ ഇടപെടലുകളില്‍ നിന്ന്, പഠന പ്രക്രിയ കൂടുതല്‍ വഴക്കമുള്ളതായതായി ഞാന്‍ മനസ്സിലാക്കുന്നു. പുരാതന മൂല്യങ്ങളെ ആധുനിക വൈദഗ്ധ്യങ്ങളുമായി ലയിപ്പിക്കാന്‍ ലക്ഷ്യമിടുന്ന ദീർഘവീക്ഷണം പുലർത്തുന്ന നയം, വര്‍ഷങ്ങള്‍കൊണ്ട് വിദ്യാഭ്യാസ മേഖലയില്‍ അഭൂതപൂര്‍വമായ മാറ്റങ്ങള്‍ കൊണ്ടുവരും. ഇത് രാജ്യത്തെ വലിയ പരിവര്‍ത്തനത്തിലേക്ക് നയിക്കും. ഇന്ത്യയുടെ സാമ്പത്തിക പുരോഗതി അതിന്റെ ജനങ്ങളുടെ, പ്രത്യേകിച്ച് പരിധിയില്ലാത്ത അവസരങ്ങള്‍ തുറന്നിട്ടിരിക്കുന്ന യുവതലമുറയുടെ സ്വപ്നങ്ങളാണ്. സ്റ്റാര്‍ട്ട്-അപ്പുകള്‍ മുതല്‍ സ്‌പോര്‍ട്‌സ് വരെ, നമ്മുടെ യുവജനങ്ങള്‍ മികവിന്റെ പുതിയ ചക്രവാളങ്ങള്‍ പര്യവേഷണം ചെയ്തിട്ടുണ്ട്.
പുതിയ ഇന്ത്യയുടെ അഭിലാഷങ്ങൾക്ക് അനന്തമായ മാനങ്ങളുണ്ട്. ഇന്ത്യൻ ബഹിരാകാശ ഗവേഷണ സ്ഥാപനം പുതിയ ഉയരങ്ങൾ കീഴടക്കുകയും മികവിന്റെ നാഴിക കല്ലുകൾ സ്ഥാപിക്കുകയും ചെയ്യുന്നു. ഈ വർഷം ഐഎസ്ആർഒ ചന്ദ്രയാൻ-3 വിക്ഷേപിച്ചു. അതിന്റെ ‘വിക്രം’ എന്ന ലാൻഡറും ‘പ്രഗ്യാൻ’ എന്ന് പേരിട്ടിരിക്കുന്ന റോവറും അടുത്ത കുറച്ച് ദിവസങ്ങളിൽ ചന്ദ്രനിൽ ഇറങ്ങും. നമുക്കെല്ലാവർക്കും ഇത് അഭിമാന നിമിഷമായിരിക്കും. ഞാൻ അതിനായി കാത്തിരിക്കുകയാണ്. എന്നാൽ ചന്ദ്രനിലേക്കുള്ള ദൗത്യം നമ്മുടെ ഭാവി ബഹിരാകാശ പരിപാടികൾക്കുള്ള ഒരു ചവിട്ടുപടി മാത്രമാണ്. നമുക്ക് ഒരുപാട് മുന്നോട്ട് പോകേണ്ടതുണ്ട്.
ബഹിരാകാശത്തും ഭൂമിയിലും ഉള്ള പ്രവർത്തനങ്ങൾ വഴി നമ്മുടെ ശാസ്ത്രജ്ഞരും സാങ്കേതിക വിദഗ്ധരും രാജ്യത്തിന് ബഹുമതികൾ കൊണ്ടുവരുന്നു. ഗവേഷണത്തിന്റെയും നൂതനാശയത്തിന്റെയും സംരംഭകത്വത്തിന്റെയും മനോഭാവം വളർത്തിയെടുക്കുന്നതിനായി ഗവൺമെന്റ്, അടുത്ത അഞ്ച് വർഷത്തേക്ക് 50,000 കോടി രൂപ ചെലവിൽ അനുസന്ധൻ നാഷണൽ റിസർച്ച് ഫൗണ്ടേഷൻ രൂപീകരിക്കുന്നു. ഫൗണ്ടേഷൻ നമ്മുടെ കോളേജുകളിലും സർവ്വകലാശാലകളിലും ഗവേഷണ സ്ഥാപനങ്ങളിലും ഗവേഷണ- വികസന പ്രവർത്തനങ്ങളുടെ വിത്തുപാകുകയും വളർത്തുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യും.
പ്രിയ പൗരന്മാരെ,
നമ്മെ സംബന്ധിച്ചിടത്തോളം, ശാസ്ത്രമോ അറിവോ ലക്ഷ്യങ്ങൾ അല്ല, മറിച്ച് എല്ലാവരുടെയും പുരോഗതിക്കുള്ള ഒരു മാർഗമാണ്. ലോകമെമ്പാടുമുള്ള ശാസ്ത്രജ്ഞരുടെയും നയരൂപകർത്താക്കളുടെയും അടിയന്തര ശ്രദ്ധ അർഹിക്കുന്ന ഒരു മേഖല കാലാവസ്ഥാ വ്യതിയാനമാണ്. സമീപ വർഷങ്ങളിൽ നാം നിരവധി തീവ്ര കാലാവസ്ഥാ ദുരന്തങ്ങൾ നേരിട്ടു. രാജ്യത്തിന്റെ ചില ഭാഗങ്ങൾ അസാധാരണമായ വെള്ളപ്പൊക്കത്തെ അഭിമുഖീകരിച്ചു. അതേസമയം വരൾച്ച നേരിടുന്ന സ്ഥലങ്ങളുമുണ്ട്. ആഗോളതാപനം എന്ന പ്രതിഭാസവും ഈ വ്യതിയാനങ്ങൾക്ക് കാരണമാകുന്നു. അതിനാൽ, പരിസ്ഥിതിക്ക് വേണ്ടി പ്രാദേശിക, ദേശീയ, ആഗോള തലങ്ങളിൽ ശ്രമങ്ങൾ നടത്തേണ്ടത് ആവശ്യമാണ്. ഈ സാഹചര്യത്തിൽ, പുനരുപയോഗ ഊർജ മേഖലയിൽ നാം അഭൂതപൂർവമായ ലക്ഷ്യങ്ങൾ കൈവരിച്ചുവെന്നത് ശ്രദ്ധേയമാണ്. അന്താരാഷ്ട്ര സൗരോർജ്ജ സഖ്യത്തിന് ഇന്ത്യ നേതൃത്വം നൽകുന്നു. രാജ്യാന്തര പ്രതിബദ്ധതകൾ നിറവേറ്റുന്നതിൽ നമ്മുടെ രാജ്യം നേതൃപരമായ പങ്കുവഹിക്കുന്നു. ലൈഫ് എന്ന മന്ത്രം, അതായത് പരിസ്ഥിതിക്കായുള്ള ജീവിതശൈലി എന്ന മന്ത്രം നാം ആഗോള സമൂഹത്തിന് നൽകിയിട്ടുണ്ട്.
പ്രിയ സഹ പൗരന്മാരെ,
അതിതീവ്രമായ കാലാവസ്ഥാ വ്യതിയാന സംഭവങ്ങൾ എല്ലാവരെയും ബാധിക്കുന്നു. പക്ഷേ, ദരിദ്രരിലും പാർശ്വവൽക്കരിക്കപ്പെട്ടവരിലും അതിന്റെ ആഘാതം വളരെ രൂക്ഷമാണ്. നഗരങ്ങളും മലയോര പ്രദേശങ്ങളും പ്രത്യേകിച്ചും കൂടുതൽ പ്രതിരോധശേഷിയുള്ളതാക്കേണ്ടതുണ്ട്.
അത്യാഗ്രഹത്തിന്റെ സംസ്കാരം ലോകത്തെ പ്രകൃതിയിൽ നിന്ന് അകറ്റുന്നു എന്നതാണ് ഇവിടെ ശ്രദ്ധിക്കേണ്ടത്. നമ്മുടെ വേരുകളിലേക്ക് മടങ്ങേണ്ടതിന്റെ ആവശ്യകത ഇപ്പോൾ നാം മനസ്സിലാക്കുന്നു. പ്രകൃതിയോട് വളരെ അടുത്തും ഇണങ്ങിയും ജീവിക്കുന്ന നിരവധി ആദിവാസി സമൂഹങ്ങൾ ഇപ്പോഴുമുണ്ടെന്ന് എനിക്കറിയാം. അവരുടെ മൂല്യങ്ങളും ജീവിതശൈലിയും കാലാവസ്ഥാ സന്തുലനത്തിന് വിലമതിക്കാനാവാത്ത പാഠങ്ങൾ നൽകുന്നു.
ആദിവാസി സമൂഹങ്ങൾ കാലങ്ങളായി നിലനിൽക്കുന്നതിന്റെ രഹസ്യം ഒറ്റവാക്കിൽ സംഗ്രഹിക്കാം. ആ ഒരൊറ്റ വാക്ക് ‘സഹാനുഭൂതി’ എന്നതാണ് . അവർക്ക് പ്രകൃതി മാതാവിന്റെ എല്ലാ കുഞ്ഞുങ്ങളോടും , സസ്യജന്തുജാലങ്ങളോടും ഒരുപോലെ സഹാനുഭൂതിയുണ്ട്. എന്നിരുന്നാലും, ചിലപ്പോൾ, ലോകം സഹാനുഭൂതിയോടെ കുറവ് അനുഭവിക്കുന്നതായി തോന്നുന്നു. എന്നാൽ അത്തരം കാലഘട്ടങ്ങൾ അസാധാരണം മാത്രമാണെന്നും ദയ നമ്മുടെ അടിസ്ഥാന സ്വഭാവമാണെന്നും ചരിത്രം കാണിക്കുന്നു. സ്ത്രീകൾക്ക് കൂടുതൽ സഹാനുഭൂതി ഉണ്ടെന്നും മനുഷ്യരാശിയ്ക്ക് വഴിതെറ്റുമ്പോൾ അവർ വഴി കാണിക്കുന്നുവെന്നതും എന്റെ അനുഭവമാണ്.
നമ്മുടെ രാജ്യം പുതിയ പ്രതിജ്ഞകളുമായി ‘അമൃത് കാലത്തിൽ’ പ്രവേശിച്ചു, 2047-ഓടെ എല്ലാവരേയും ഉൾക്കൊള്ളുന്നതും വികസിതവുമായ ഒരു രാഷ്ട്രമാക്കി ഇന്ത്യയെ മാറ്റുന്നതിലേക്ക് നാം മുന്നേറുകയാണ്. വ്യക്തിഗതമായും കൂട്ടായ പ്രവർത്തനം വഴിയും എല്ലാ മേഖലകളിലും മികവ് കൈവരിക്കുന്നതിന് നമ്മുടെ മൗലിക കർത്തവ്യം നിർവഹിക്കാൻ പ്രതിജ്ഞയെടുക്കാം. പരിശ്രമത്തിന്റെയും മികവിന്റെയും ഉന്നതിയിലേക്ക് രാഷ്ട്രം നീങ്ങുന്നതിന് ഇത് സഹായിക്കും.
പ്രിയ സഹ പൗരന്മാരെ,
നമ്മുടെ ഭരണഘടനയാണ് നമ്മുടെ മാർഗനിർദേശ രേഖ. അതിന്റെ ആമുഖത്തിൽ നമ്മുടെ സ്വാതന്ത്ര്യ സമരത്തിന്റെ ആശയങ്ങൾ അടങ്ങിയിരിക്കുന്നു. നമ്മുടെ രാഷ്ട്ര നിർമ്മാതാക്കളുടെ സ്വപ്‌നങ്ങൾ സാക്ഷാത്കരിക്കാൻ ഐക്യത്തിന്റെയും സാഹോദര്യത്തിന്റെയും മനോഭാവത്തോടെ നമുക്ക് മുന്നോട്ട് പോകാം.
സ്വാതന്ത്ര്യ ദിനത്തിന്റെ തലേന്ന്, ഞാൻ ഒരിക്കൽ കൂടി നിങ്ങൾക്ക്, പ്രത്യേകിച്ച് അതിർത്തി കാക്കുന്ന നമ്മുടെ സൈനികർക്കും, സേനയിലെ ജവാൻമാർക്കും, ആഭ്യന്തര സുരക്ഷ ഉറപ്പാക്കുന്ന പോലീസിനും, ലോകത്തിന്റെ എല്ലാ ഭാഗങ്ങളിലും താമസിക്കുന്ന നമ്മുടെ പ്രവാസികൾക്കും എന്റെ ആശംസകൾ അറിയിക്കുന്നു. നിങ്ങൾക്കെല്ലാവരെയും ഞാൻ എന്റെ ആശംസകൾ അറിയിക്കുന്നു.
നന്ദി.
ജയ് ഹിന്ദ്!
ജയ് ഭാരത്!