November 24, 2024

Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

‘ചക്രങ്ങളില്‍ ഓടുന്ന ലൈറ്റ് ഷോ’ വിശേഷണത്തോടെ ഔഡി എ6 ഇ ട്രോണ്‍ കണ്‍സെപ്റ്റ്

700 കിലോമീറ്ററില്‍ കൂടുതല്‍ റേഞ്ച് ലഭിക്കുമെന്ന് ഔഡി  

ഷാങ്ഹായ്: ഈ വര്‍ഷത്തെ ഷാങ്ഹായ് ഓട്ടോ ഷോയില്‍ ഔഡി എ6 ഇ ട്രോണ്‍ കണ്‍സെപ്റ്റ് പ്രദര്‍ശിപ്പിച്ചു. ഈയിടെ പുറത്തുവന്ന ടീസര്‍ അനുസരിച്ച് ഫുള്‍ സൈസ് സ്‌പോര്‍ട്ട്ബാക്ക് മോഡലാണ് ഇലക്ട്രിക് കാറായ എ6 ഇ ട്രോണ്‍. പൂര്‍ണമായി ചാര്‍ജ് ചെയ്താല്‍ 700 കിലോമീറ്ററില്‍ കൂടുതല്‍ സഞ്ചരിക്കാന്‍ കഴിയുമെന്ന് ഔഡി അവകാശപ്പെടുന്നു. വെറും പത്ത് മിനിറ്റ് ചാര്‍ജ് ചെയ്താല്‍ 300 കിമീ സഞ്ചരിക്കാം. കണ്‍സെപ്റ്റ് കാറിന്റെ നീളം, വീതി, ഉയരം എന്നിവ യഥാക്രമം 4.96 മീറ്റര്‍, 1.96 മീറ്റര്‍, 1.44 മീറ്റര്‍ എന്നിങ്ങനെയാണ്.

പിപിഇ (പ്രീമിയം പ്ലാറ്റ്‌ഫോം ഇലക്ട്രിക്) എന്ന പൂര്‍ണമായും പുതിയ പ്ലാറ്റ്‌ഫോം അടിസ്ഥാനമാക്കുന്ന ആദ്യ മോഡലായിരിക്കും ഔഡി എ6 ഇ ട്രോണ്‍. ഔഡി ഇ ട്രോണ്‍ ജിടി, പോര്‍ഷ ടൈകാന്‍ മോഡലുകള്‍ക്കായി ഉപയോഗിച്ച ജെ1 പ്ലാറ്റ്‌ഫോം പരിഷ്‌കരിച്ചതാണ് പിപിഇ. പരന്നതും ഉയരമുള്ളതുമായ (എസ്‌യുവി) ഇലക്ട്രിക് കാറുകള്‍ക്ക് അനുയോജ്യമായതാണ് പിപിഇ എന്ന് കരുതുന്നു. ഫോക്‌സ്‌വാഗണ്‍ ഗ്രൂപ്പില്‍നിന്നുള്ള (ഔഡിയുടെയും പോര്‍ഷയുടെയും മാതൃ കമ്പനി) ഭാവി ഇലക്ട്രിക് കാറുകള്‍ ഈ പ്ലാറ്റ്‌ഫോം അടിസ്ഥാനമാക്കിയേക്കും. 800 വോള്‍ട്ട് സിസ്റ്റം സപ്പോര്‍ട്ട് ചെയ്യാന്‍ ശേഷിയുള്ളതാണ് പിപിഇ പ്ലാറ്റ്‌ഫോം.

ചക്രങ്ങളില്‍ ഓടുന്ന ലൈറ്റ് ഷോ ആയിരിക്കും ഔഡി എ6 ഇ ട്രോണ്‍. ഡിജിറ്റല്‍ മാട്രിക്‌സ് എല്‍ഇഡി, ഒഎല്‍ഇഡി സാങ്കേതികവിദ്യകള്‍ ഉപയോഗിക്കുന്ന കണ്ടിനുവസ് ലൈറ്റ് സ്ട്രിപ്പ് യൂണിറ്റുകള്‍ മുന്നിലും പിന്നിലും ഉണ്ടായിരിക്കും. ബോഡിയുടെ ഇരുവശങ്ങളിലും മൂന്ന് ഹൈ റെസലൂഷന്‍ എല്‍ഇഡി പ്രൊജക്റ്ററുകള്‍ നല്‍കി. ഡോറുകള്‍ തുറക്കുമ്പോള്‍ ഡൈനാമിക് ലൈറ്റിംഗ് ഇഫക്റ്റുകള്‍ സൃഷ്ടിക്കും. മാത്രമല്ല, യാത്രക്കാരെ അവരുടെ സ്വന്തം ഭാഷയില്‍ സ്വാഗതം ചെയ്യും. ഡോറുകള്‍ തുറക്കുമ്പോള്‍ ഈ പ്രൊജക്റ്ററുകള്‍ സൃഷ്ടിക്കുന്ന വിഷ്വല്‍ ഇഫക്റ്റുകള്‍ സൈക്കിള്‍ ഓടിക്കുന്നവര്‍ക്ക് മുന്നറിയിപ്പ് നല്‍കുന്നതുകൂടിയാണ്. ചുവരുകൡ വീഡിയോ ഗെയിമുകള്‍ പ്രൊജക്റ്റ് ചെയ്യാന്‍ കഴിയുന്നതാണ് ഹൈ റെസലൂഷന്‍ മാട്രിക്‌സ് എല്‍ഇഡി ഹെഡ്‌ലൈറ്റുകള്‍.

ഔഡി എ6 ഇ ട്രോണ്‍ കണ്‍സെപ്റ്റ് കാറിന്റെ അകം സംബന്ധിച്ച എന്തെങ്കിലും വിവരങ്ങളോ ചിത്രങ്ങളോ കമ്പനി പുറത്തുവിട്ടില്ല. എന്നാല്‍ ഈയിടെ അനാവരണം ചെയ്ത ക്യു4 ഇ ട്രോണ്‍ കാറില്‍നിന്ന് വളരെ വ്യത്യസ്തമായിരിക്കില്ലെന്ന് വിശ്വസിക്കുന്നു.

ഔഡി എ6 ഇ ട്രോണ്‍ പരമാവധി ഉല്‍പ്പാദിപ്പിക്കുന്നത് 475 എച്ച്പി കരുത്തും 800 എന്‍എം ടോര്‍ക്കുമായിരിക്കും. പിന്നില്‍ മള്‍ട്ടി ലിങ്ക് ആക്‌സില്‍, മുന്നില്‍ പൂര്‍ണമായും പുതിയ 5 ലിങ്ക് ആക്‌സില്‍ എന്നിവ ഉപയോഗിക്കും. ഔഡി എ6 ഇ ട്രോണ്‍ ഇലക്ട്രിക് കാറിന്റെ ബേസ് വേരിയന്റിന് പൂജ്യത്തില്‍നിന്ന് മണിക്കൂറില്‍ നൂറ് കിമീ വേഗമാര്‍ജിക്കാന്‍ ഏഴ് സെക്കന്‍ഡില്‍ താഴെ സമയം മതി. ടോപ് സ്‌പെക് വേരിയന്റിന് നാല് സെക്കന്‍ഡില്‍ താഴെ മതിയാകും.

Maintained By : Studio3