എപിഐ വിലവര്‍ധന ഫാര്‍മ മേഖലയെ പ്രതിസന്ധിയിലെന്ന് അസോചം
1 min readചണ്ഡിഗഡ്: അസംസ്കൃത വസ്തുക്കളുടെ ക്ഷാമവും വില വര്‍ധനയും ഫാര്‍മ മേഖല അഭിമുഖീകരിക്കുകയാണെന്ന് വ്യാവസായിക സംഘടനയായ അസോചത്തിന്‍റെ വിലയിരുത്തല്‍. ആക്റ്റീവ് ഫാര്‍മസ്യൂട്ടിക്കല്‍ ഇന്‍ഗ്രീഡിയന്‍സ് (എപിഐ) എന്നറിയപ്പെടുന്ന ഇവയില്‍ 85 ശതമാനവും ചൈനയില്‍ നിന്നാണ് വരുന്നതെന്ന് അസോചം പറഞ്ഞു. ഇറക്കുമതിയിലെ തടസ്സം പരിഹരിക്കുന്നതിന് സര്‍ക്കാര്‍ ഇടപെടണമെന്നും അസോചം ആവശ്യപ്പെട്ടു.
‘രാജ്യം മുഴുവന്‍ പകര്‍ച്ചവ്യാധിക്കെതിരെ പോരാടുന്ന ഈ വെല്ലുവിളി നിറഞ്ഞ സമയങ്ങളില്‍ ഇത്തരം രീതികള്‍ സ്വീകാര്യമല്ല. ചൈനയില്‍ നിന്നുള്ള എപിഐ ഇറക്കുമതി സുഗമമാക്കാന്‍ ആവശ്യമായ നടപടിയെടുക്കാന്‍ അധികാരികളുടെ അടിയന്തര ഇടപെടല്‍ ഞങ്ങള്‍ അഭ്യര്‍ത്ഥിക്കുന്നു,’ നോര്‍ത്തേണ്‍ റീജിയണ്‍ ഡെവലപ്മെന്‍റ് കൗണ്‍സില്‍ ചെയര്‍മാന്‍ എ.എസ്. മിത്തല്‍ പ്രസ്താവനയില്‍ പറഞ്ഞു.
അസംസ്കൃത വസ്തുക്കളുടെ വില പലമടങ്ങ് വര്‍ദ്ധിച്ച മരുന്നുകളില്‍ പാരസെറ്റമോള്‍ (കിലോയ്ക്ക് 350 രൂപയില്‍ നിന്ന് 790 രൂപ വരെ), പ്രൊപിലീന്‍ ഗ്ലൈക്കോള്‍ (കിലോയ്ക്ക് 140 രൂപയില്‍ നിന്ന് 400 രൂപ വരെ) ഐവര്‍മെക്റ്റിന്‍ (കിലോയ്ക്ക് 18,000ല്‍ നിന്ന് 52,000 രൂപ വരെ) ഡോക്സിസൈക്ലിന്‍ (കിലോയ്ക്ക് 6,000 രൂപയില്‍ നിന്ന് 12,000 രൂപ വരെ), അസിട്രോമിസൈന്‍ (കിലോയ്ക്ക് 8,000 രൂപ മുതല്‍ 12,000 രൂപ വരെ) എന്നിവ ഉള്‍പ്പെടുന്നു.