November 24, 2024

Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

അസറ്റ് ഹോംസ് @ 17; സുനില്‍ കുമാറിന്റെ 17 സംരഭകപാഠങ്ങള്‍

1 min read

‘ദി റെസ്പോണ്‍സിബിള്‍ ബില്‍ഡര്‍’ എന്ന നിലയില്‍ കേരളത്തിന്‍റെ റിയല്‍ എസ്റ്റേറ്റ് മേഖലയില്‍ സ്ഥാനം പിടിച്ചിരിക്കുന്ന അസറ്റ് ഹോംസ് 17 വിജയവര്‍ഷങ്ങള്‍ പിന്നിടുകയാണ്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം, എറണാകുളം, പത്തനംതിട്ട, തൃശ്ശൂര്‍, കോഴിക്കോട്, കണ്ണൂര്‍ തുടങ്ങി കേരളത്തിലെ 9 ജില്ലകളിലായി 76 പ്രൊജക്ടുകള്‍ ഇതിനോടകം പൂര്‍ത്തീകരിച്ചു കഴിഞ്ഞു ഇവര്‍. 29 പ്രൊജക്ടുകള്‍ നിര്‍മാണം പുരോഗമിക്കുകയും ചെയ്യുന്നു. അസറ്റിന്‍റെ വളര്‍ച്ചയ്ക്കൊപ്പം സംരംഭകരംഗത്ത് തന്‍റേതായ മുദ്ര അടയാളപ്പെടുത്തിയ സംരംഭകനാണ് കമ്പനിയുടെ മാനേജിംഗ് ഡയറക്റ്റര്‍ കൂടിയായ സുനില്‍ കുമാര്‍ വി. അസറ്റ് ഹോംസിനൊപ്പമുള്ള സംരംഭകയാത്രയുടെ 17 വര്‍ഷങ്ങളില്‍ ബിസിനസില്‍ അന്ത്യന്താപേക്ഷിതമായ പല പാഠങ്ങളും അദ്ദേഹം അനുഭവസമ്പത്തിലൂടെ പഠിച്ചെടുത്തു. സര്‍വ്വകലാശലകളിലെ ബിസിനസ് പഠനങ്ങള്‍ക്ക് നല്‍കാനാവാത്ത ആ അനുഭവ സമ്പത്ത് അദ്ദേഹം ഫ്യൂച്ചര്‍ കേരളയുമായി പങ്കുവയ്ക്കുന്നു…

1. എല്ലാ കാര്യങ്ങളും അനുകൂലമാക്കാന്‍ ശ്രമിക്കരുത്

കേരളത്തിലെ ബിസിനസ് സാഹചര്യമെടുക്കുകയാണെങ്കില്‍ പലതരത്തിലുള്ള ബുദ്ധിമുട്ടുകള്‍ നിയമനിര്‍മാണം മുതല്‍ തൊഴിലിടം വരെ ഒരു സംരംഭകനെ അലട്ടിയേക്കാം. കേരളത്തിന് സംരംഭകരംഗത്ത് പല പരിമിതികളുമുണ്ട്. സംരംഭകത്വ അനുകൂല നടപടികളുടെ ഭാഗമായി കുറേയൊക്കെ മാറ്റം വരുന്നുണ്ടെങ്കിലും ആ മാറ്റങ്ങള്‍ എല്ലാം തന്നെ ആപേക്ഷികമാണ്. പലഘട്ടങ്ങളിലും ഒരു സംരംഭകന് ഇവിടെ സംരംഭകത്വ വിരുദ്ധത തോന്നിയേക്കാം. എന്ന് കരുതി അത് സംരംഭങ്ങളുടെ നടത്തിപ്പിനെ ബാധിക്കേണ്ടതില്ല. സാഹചര്യങ്ങള്‍ എല്ലാം അനുകൂലമാക്കി മാറ്റിയശേഷം സംരംഭം തുടങ്ങാം എന്ന ചിന്തയാണ് ഒരു സംരംഭകന്‍ ആദ്യം ഉപേക്ഷിക്കേണ്ടത്. നമുക്ക് ചെയ്യാനുള്ള കാര്യങ്ങള്‍ ചെയ്യുക. അതിലൂടെ അനുകൂല സാഹചര്യം സൃഷ്ടിച്ചെടുക്കുക. സംരംഭക സൗഹൃദമാക്കി ഒരു പ്രദേശത്തെ മാറ്റേണ്ട ഇത്തരവാദിത്തം ഒരു സംരംഭകന്‍റേതല്ല. ആ മാറ്റം കൊണ്ടുവരേണ്ടത് സമൂഹവും ബ്യുറോക്രസിയും രാഷ്ട്രീയ നേതാക്കളും സര്‍ക്കാരും ചേര്‍ന്നാണ്. അനാവശ്യമായി ഇത്തരമൊരു മാറ്റം ഉണ്ടാക്കാന്‍ സംരംഭകന്‍ ശ്രമിക്കുമ്പോള്‍ അവിടെ ‘ഓണ്‍ട്രപ്രണേറിയല്‍ ആക്റ്റിവിസം’ ഉണ്ടാകുന്നു. നമ്മുടെ സമൂഹത്തില്‍ സെന്‍സേഷന്‍ ഉണ്ടാക്കാം എന്നല്ലാതെ അതുകൊണ്ടൊന്നും ഒരു മാറ്റവുമുണ്ടാകില്ല.

2. ഉപഭോക്താക്കള്‍ക്ക് പ്രാധാന്യം നല്‍കുക

ഏതൊരു ബിസിനസിലെയും കാതലായ പാഠമാണ് ഉപഭോക്താക്കളെ പ്രാധാന്യത്തോടെ കാണുക എന്നത്. സംരംഭത്തിന്‍റെ നിലനില്‍പ്പ് തന്നെ ഉപഭോക്താക്കള്‍ നല്‍കുന്ന പിന്തുണയില്‍ അധിഷ്ഠിതമാണ്. അതിനാല്‍ ഉപഭോക്താക്കളുടെ താല്പര്യം, പര്‍ച്ചേസിംഗ് കപ്പാസിറ്റി, ട്രെന്‍ഡ് ഇവയൊന്നും മനസിലാക്കാതെ വിപണിയില്‍ എത്തിക്കുന്ന ഉല്‍പ്പന്നങ്ങള്‍ക്ക് നിലനില്‍പ്പുണ്ടാകില്ല. ഉപഭോക്താക്കളെ പഠിക്കുക, മനസിലാക്കുക എന്നത് ഏതൊരു ബിസിനസിന്‍റെയും വിജയത്തിന് നിര്‍ണായകമാണ്.

3 .ഉല്‍പ്പന്നങ്ങളുടെ ഗുണനിലവാരം

ഉല്‍പ്പന്നങ്ങളുടെ ഗുണനിലവാര പരിശോധന വളരെ നിര്‍ണായകമാണ്. ഫാക്റ്ററിക്ക് അകത്തുണ്ടാക്കുന്ന ഒരു ഉല്‍പ്പന്നത്തിന്‍റെ ഗുണനിലവാരം പരിശോധിക്കുന്നത് പോലെയല്ല തുറസ്സായ ഒരു ഭൂമിയില്‍ നിര്‍മിക്കുന്ന ഒരു കെട്ടിടത്തിന്‍റെ ഗുണനിലവാര പരിശോധന. ഒരു കെട്ടിടം പണിയുമ്പോള്‍ ചുറ്റുപാടും ഉള്ള അന്തരീക്ഷം, പ്രകൃതി, ഗതാഗതം, ജനജീവിതം എന്നിവയെല്ലാം പരിഗണിക്കണം. അതോടൊപ്പം തന്നെ നിര്‍മാണ സാമഗ്രികളുടെ ഗുണനിലവാരവും ഏറെ നിര്‍ണായകമാണ്. അസറ്റ് ഹോംസിനെ സംബന്ധിച്ചിടത്തോളം സ്ഥാപനത്തിന്‍റെ സൂപ്പര്‍വൈസര്‍മാര്‍ ഇക്കാര്യങ്ങള്‍ വിലയിരുത്തുന്നതിന് പുറമെ, ഒരു തേര്‍ഡ് പാര്‍ട്ടി സൂപ്പര്‍ വിഷന്‍ കൂടി നടത്തുന്നു. ലോകത്തിലെ ഒന്നാം കിട തേര്‍ഡ് പാര്‍ട്ടി സൂപ്പര്‍ വിഷന്‍ ഏജന്‍സിയായ ബ്യുറോ വേറിട്ടാസ് ആണ് അസറ്റ് ഹോംസിന് വേണ്ടി സേഫ്റ്റി ഉള്‍പ്പെടെയുള്ള ഗുണനിലവാര പരിശോധന നടത്തുന്നത്. മറ്റൊരു ബില്‍ഡറും ഇത്തരമൊരു ഗുണനിലവാര പരിശോധന നടത്തുന്നതായി അറിവില്ല.

  ടൈക്കോൺ കേരള സംരംഭക സമ്മേളനം ഡിസംബർ 4,5 തീയതികളിൽ

4 സുരക്ഷ ഉറപ്പാക്കുക

ഗുണനിലവാര പരിശോധനയുടെ മറ്റൊരു ഭാഗമാണ് സുരക്ഷ ഉറപ്പാക്കുക എന്നത്. ഒരു കെട്ടിടത്തിന്‍റെ പണി നടക്കുമ്പോള്‍ തന്നെ ഓരോ ഘട്ടത്തിലും സുരക്ഷ ഉറപ്പാക്കണം. തൊഴിലാളികളുടെ സുരക്ഷക്ക് പുറമെ ഉല്‍പ്പന്നത്തിന്‍റെ നിര്‍മാണം പൂര്‍ത്തിയായി ആരുടെ കൈകളിലേക്കാണോ എത്തുന്നത് അവരുടെ സുരക്ഷയും പൂര്‍ണമായും സ്ഥാപനത്തിന്‍റെ ഉത്തരവാദിത്തമാണ്. അതിനാല്‍ നിര്‍മാണത്തിന്‍റെ ഓരോ ഘട്ടത്തിലും അനിവാര്യമായ സുരക്ഷാ നടപടികള്‍ സ്വീകരിക്കുകയും നടപ്പിലാക്കുകയും ചെയ്യണം.

5. സമയവും പണവും പ്രധാനമാണ്

ബിസിനസ് എന്ത് തന്നെയായാലും എന്നും എപ്പോഴും വിലമതിക്കേണ്ട ഒന്നാണ് സമയവും പണവും. കൃത്യമായ ബജറ്റ് പ്ലാനിങ്ങോടെയാണ് ഓരോ കെട്ടിടത്തിന്‍റെയും നിര്‍മാണം ആരംഭിക്കുന്നത്. അത് ഉദ്ദേശിച്ച സമയത്ത് പൂര്‍ത്തിയാക്കി നല്‍കുക എന്നത് വലിയ ഉത്തരവാദിത്തമാണ്. അതില്‍ വിട്ടുവീഴ്ച പാടില്ല. ഏത് ബിസിനസിലും ഈ സമീപനം അനിവാര്യമാണ്. ഏറ്റെടുക്കുന്ന ഓരോ പ്രൊജക്റ്റും സമയബന്ധിതമായി, കോസ്റ്റ് എഫക്റ്റിവ് ആയി പൂര്‍ത്തിയാക്കാന്‍ കഴിയണം.

6 രേഖകള്‍ സുതാര്യമാകണം

റിയല്‍ എസ്റ്റേറ്റ് മേഖലയില്‍ ഒരു ഫ്ളാറ്റിന്‍റെയോ വില്ലയുടെയോ നിര്‍മാണം പൂര്‍ത്തിയാക്കണം എങ്കില്‍ ഏകദേശം 18ല്‍ പരം സര്‍ക്കാര്‍ വകുപ്പുകളില്‍ നിന്നും അനുബന്ധ രേഖകള്‍ വാങ്ങേണ്ടതുണ്ട്. ഏതൊരു ബിസിനസിന്‍റെ കാര്യത്തിലും ഇത്തത്തിലുള്ള രേഖകള്‍, സര്‍ക്കാരില്‍ നിന്നുള്ള സമ്മതം എന്നിവയെല്ലാം അനിവാര്യമാണ്. ഒരു പ്രോജക്റ്റ് ആരംഭിക്കുന്നതിന് മുന്‍പായി ഇത്തരം രേഖകള്‍ എല്ലാം ശരിയാണെന്നും സര്‍ക്കാരില്‍ നിന്നും എതിര്‍പ്പുകള്‍ വരാനുള്ള സാഹചര്യം ഇല്ലെന്നും ഉറപ്പാക്കുക.

7. ചുറ്റുപാടുകള്‍ പരിഗണിക്കുക

റിയല്‍ എസ്റ്റേറ്റ് ബിസിനസില്‍ ഒരു പ്രോജക്റ്റ് വിജയം കാണണമെങ്കില്‍ ചുറ്റുപാടുകള്‍ നന്നായിരിക്കണം. തെരഞ്ഞെടുക്കുന്ന സ്ഥലം റെസിഡന്‍ഷ്യല്‍ ഏരിയ ആണോ, ചുറ്റുമുള്ള പ്രകൃതി, ആളുകള്‍, കമ്മ്യൂണിറ്റി, ആരാധനാലയങ്ങള്‍ എന്നിവയെല്ലാം തന്നെ പരിഗണിക്കണം. ചുറ്റുപാടും നിലനില്‍ക്കുന്ന ഭൂമിശാസ്ത്രപരമായ കാര്യങ്ങള്‍ ഉള്‍പ്പെടെ ഒന്നിനും കോട്ടം തട്ടാത്ത രീതിയില്‍ വേണം നിര്‍മാണം പൂര്‍ത്തിയാക്കി പ്രോജക്റ്റ് ഉപഭോക്താക്കളിലേക്കെത്തിക്കാന്‍.

8 ഒരു ടീം, ഒരൊറ്റ ലക്ഷ്യം

ഒരു സ്ഥാപനത്തെ സംബന്ധിച്ചിടത്തോളം ഏറെ നിര്‍ണായകമാണ് അതിലെ ജീവനക്കാര്‍. എന്നാല്‍ സ്ഥാപനത്തിന്‍റെ പൊതുവായ ലക്ഷ്യം ജീവനക്കാരിലേക്ക് ശരിയായ രീതിയില്‍ ആശയവിനിമയം ചെയ്യപ്പെട്ടില്ല എങ്കില്‍ അത് വലിയൊരു നഷ്ടമാണ്. എല്ലാ ടീം അംഗങ്ങളും ഒരേ ലക്ഷ്യം മനസ്സില്‍ വച്ച് ജോലി ചെയ്താല്‍ മാത്രമേ ഒരു ടീം ആയി എന്ന നിലയില്‍ പദ്ധതിയുടെ വിജയം സാധ്യമാകൂ. ഒരു കെട്ടിടത്തിന്‍റെ നിര്‍മാണം നടക്കുമ്പോള്‍ ഒരു തൊഴിലാളിയോട് എന്താണ് ചെയ്യുന്നതെന്ന് ചോദിച്ചാല്‍ ഇഷ്ടിക കെട്ടുകയാണെന്നാണ് മറുപടിയെങ്കില്‍ അവിടെ ലക്ഷ്യബോധത്തിന്‍റെ കുറവുണ്ട്. മറിച്ച് അതേത് പ്രോജക്റ്റ് ആണെന്നും ഇന്നേക്ക് പൂര്‍ത്തിയാക്കേണ്ട പ്രോജക്റ്റ് ആണെന്നും നിലവില്‍ ഏത് ഘട്ടത്തില്‍ എത്തി നില്‍ക്കുന്നു എന്നും ആ തൊഴിലാളിക്ക് പറയാന്‍ കഴിഞ്ഞാല്‍ ആ ടീമിന് കൃത്യമായ ലക്ഷ്യബോധമുണ്ടെന്ന് പറയാം.

  യൂറാക്സസ് സയന്‍സ് സ്ലാം ഇന്ത്യയുടെ ഫൈനൽ: ഗോയ്ഥെ-സെന്‍ട്രം ആതിഥേയത്വം വഹിക്കും

9 . കൃത്യമായ വരവ്-ചെലവ് സംവിധാനം

സംരംഭകത്വത്തില്‍ ഏറ്റവും പ്രധാനപ്പെട്ട മൂന്ന് കാര്യങ്ങളാണ് സാമ്പത്തിക അച്ചടക്കം, സാമ്പത്തിക മിതത്വം, സാമ്പത്തിക പരിശോധന എന്നിവ. കൃത്യമായ ബജറ്റ് തയ്യാറാക്കി മാത്രം പണം വിനിയോഗിക്കുക. ഓരോ ഘട്ടത്തിലും ചെലവ് വിശകലനം ചെയ്യുകയും മിതത്വം പാലിക്കാന്‍ സാധിക്കുന്ന സ്ഥലങ്ങളിലെല്ലാം പാലിക്കുകയും ചെയ്യണം.

10. കൃത്യമായ മാര്‍ക്കറ്റ് പഠനം

വിപണി, വിപണിയുടെ സാധ്യതകള്‍, സ്പെന്‍ഡിങ് കപ്പാസിറ്റി, ട്രെന്‍ഡുകള്‍ എന്നിവ പഠിച്ചു മനസിലാക്കി വേണം ഒരു ഉല്‍പ്പന്നം വിപണിയിലെത്തിക്കാന്‍. അതല്ലെങ്കില്‍ പരാജയപ്പെടാനുള്ള സാധ്യത ഏറെയാണ്. സംരംഭകന് ഇഷ്ടമുള്ള ഉല്‍പ്പന്നമല്ല, വിപണി ആഗ്രഹിക്കുന്ന ഉല്‍പ്പന്നമാണ് നിര്‍മ്മിക്കേണ്ടത്. ഇടത്തരം ആളുകള്‍ താമസിക്കുന്ന ഒരു പ്രദേശത്ത് 4000 ചതുരശ്ര അടിവരുന്ന ആഡംബര ഫ്ളാറ്റുകള്‍ നിര്‍മിച്ച ശേഷം അത് വിറ്റ് പോകുന്നില്ല എന്ന് പരാതി പറയുന്നതില്‍ അര്‍ത്ഥമില്ല.

11. പ്രോസസ് ആന്‍ഡ് സിസ്റ്റം

കൃത്യമായ പ്രോസസ് ആന്‍ഡ് സിസ്റ്റം ഏതൊരു സ്ഥാപനത്തിനും ആവശ്യമാണ്. എന്നാല്‍ അത് ഒരിക്കലും ബിസിനസിന്‍റെ വളര്‍ച്ചയെ പിന്നോട്ട് നയിക്കുന്ന ഒന്നാകരുത്. സ്ഥാപനത്തെയും ജീവനക്കാരെയും ഉപഭോക്താക്കളെയും ഒരുപോലെ മുന്നോട്ട് നയിക്കുന്ന രീതിയിലുള്ള പ്രോസസ് ആന്‍ഡ് സിസ്റ്റമാണ് ഓരോ സ്ഥാപനത്തിനും അനിവാര്യം. ഇത്തരം കാര്യങ്ങളില്‍ സമയബന്ധിതമായ മേല്‍നോട്ടം, വിലയിരുത്തല്‍ എന്നിവ നിവാര്യമാണ്. സാഹചര്യങ്ങള്‍ക്കും വിപണിക്കും ഉപഭോക്താക്കള്‍ക്കും അനുസരിച്ച് മാറ്റാന്‍ കഴിയുന്ന നിയമങ്ങളാണ് ഒരു സ്ഥാപനത്തിനാവശ്യം

12. സീറോ വേസ്റ്റേജ്

എല്ലാരംഗത്തും മാലിന്യങ്ങള്‍ കുറയ്ക്കാന്‍ ശ്രമിക്കുക. ശ്രദ്ധക്കുറവ് മൂലം മാലിന്യങ്ങള്‍ സൃഷ്ടിച്ച ശേഷം അത് ഇല്ലാതാക്കാന്‍ ശ്രമിക്കുന്നതിനും നല്ലത് മാലിന്യങ്ങള്‍ സൃഷ്ടിക്കാതിരിക്കുന്നതാണ്. കാരണം മാലിന്യ നിര്‍മാര്‍ജനം ഒരു സ്ഥാപനത്തിന് ഉണ്ടാക്കുന്ന സാമ്പത്തിക-സമയ നഷ്ടം വളരെ വലുതാണ്. വേസ്റ്റേജ് ഒഴിവാക്കുക എന്നത് തൊഴിലിലും ബാധകമാണ്. ഒരേ കാര്യം പല തൊഴിലാളികള്‍ ആവര്‍ത്തിച്ചു ചെയ്യുക, പരിശോധിക്കുക, വിലയിരുത്തുക എന്നതെല്ലാം സമയ നഷ്ടവും സാമ്പത്തിക നഷ്ടവും ഉണ്ടാക്കുന്ന കാര്യങ്ങളാണ്.

13. ബ്രാന്‍ഡിംഗ് ആന്‍ഡ് മാര്‍ക്കറ്റിംഗ്

  ആര്‍ജിസിബി, കൊച്ചിന്‍ കാന്‍സര്‍ റിസര്‍ച്ച് സെന്‍റർ സഹകരണം

ബ്രാന്‍ഡിംഗ് ആന്‍ഡ് മാര്‍ക്കറ്റിംഗ് എന്നത് ഒരു സ്ഥാപനത്തിന്‍റെ വളര്‍ച്ചയുടെ ഏറെ നിര്‍ണായകമായ ഘടകമാണ്. ചിലപ്പോള്‍ വിപണി സാഹചര്യങ്ങള്‍ ഒട്ടും അനുകൂലമായിരിക്കില്ല. എന്നിരുന്നാലും ബ്രാന്‍ഡിംഗ് നിര്‍ത്തരുത്. അത് സഥാപനത്തിന്‍റെ വളര്‍ച്ചയെ പിന്നോട്ട് വലിക്കും. ഏത് സാഹചര്യത്തിനും ശക്തമായ ബ്രാന്‍ഡ് സാന്നിധ്യം ഉറപ്പിക്കാന്‍ ബ്രാന്‍ഡിങ്ങിലൂടെ ഒരു സ്ഥാപനത്തിന് കഴിയണം. ബ്രാന്‍ഡിംഗ്, മാര്‍ക്കറ്റിങ് എന്നിവ ഒരിക്കല്‍ നിര്‍ത്തി വെച്ചാല്‍ പിന്നീട് അതിന്‍റെ തുടര്‍ച്ച കിട്ടുക അസാധ്യമാണ്.

14. ബന്ധങ്ങള്‍ അമൂല്യമാണ്

സ്റ്റേക്ക് ഹോള്‍ഡേഴ്സ്, വെന്‍ഡേഴ്സ്, സപ്ലയേഴ്സ് എന്നിവരെല്ലാം തന്നെ ഉപഭോക്താക്കളെ പോലെ തന്നെ ഒരു സംരംഭത്തിന്‍റെ അവിഭാജ്യ ഘടകങ്ങളാണ്. അതിനാല്‍ ഈ വിഭാഗത്തില്‍പെട്ടവരെയെല്ലാം എപ്പോഴും സ്ഥാപനത്തോട് ചേര്‍ത്ത് നിര്‍ത്താന്‍ ശ്രമിക്കുകയും അതില്‍ വിജയം കാണുകയും വേണം.

15. ടീമും ഉപഭോക്താക്കളും ഒരേ നാണയത്തിന്‍റെ രണ്ട് വശങ്ങള്‍

ഏതൊരു സ്ഥാപനത്തെ സംബന്ധിച്ചും വളര്‍ച്ചയ്ക്കും വിജയത്തിനും അനിവാര്യമായ രണ്ട് വിഭാഗങ്ങളാണ് മികച്ച ടീമും ഉപഭോക്താക്കളും. സ്ഥാപനത്തിന്‍റെ വിജയത്തെ സംബന്ധിച്ച് ഒരേ നാണയത്തിന്‍റെ രണ്ട് വശങ്ങളാണവര്‍. അതിനാല്‍ തന്നെ ഏറെ നിര്‍ണായകവുമാണ്. സ്ഥാപനത്തിന് നേട്ടം കൊണ്ടുവരുന്ന സമര്‍ത്ഥരായ ടീം അംഗങ്ങളെയും വീണ്ടും വീണ്ടും സ്ഥാപനത്തിന്‍റെ സേവനവും ഉല്‍പ്പന്നവും തേടി വരുന്ന റിപ്പീറ്റ് ഉപഭോക്താക്കളെയും ഏറിയ പ്രാധാന്യത്തോടെ പരിഗണിക്കുകയും നിലനിര്‍ത്തുകയും ചെയ്യണം.

16. വിപണി വിശാലമായിരിക്കണം

ഒരു മേഖലയില്‍ മാത്രമേ താന്‍ ബിസിനസ് ചെയ്യൂ എന്ന വാശി നല്ലൊരു സംരംഭകന് യോജിച്ചതല്ല. സംരംഭം എക്കാലവും നിലനില്‍ക്കണമെങ്കില്‍ മാറുന്ന വിപണി സാഹചര്യങ്ങള്‍ക്ക് അനുസൃതമായി മാറാനുള്ള മനസ് സംരംഭകന്‍ കാണിക്കണം. സംരംഭകത്വത്തിലെ ആ മാറ്റം ഭൂമിശാസ്ത്ര പരമായും പുതിയ മേഖലകളിലേക്ക് വ്യാപിക്കുന്ന തരത്തിലും ആകാം. ഉദാഹരണമായി പറഞ്ഞാല്‍ റിയല്‍ എസ്റ്റേറ്റില്‍ കേരളം ഒരു സന്തുലിതാവസ്ഥയില്‍ എത്തി എന്ന് മനസിലാക്കിയാല്‍ നല്ലൊരു സംരംഭകന്‍ പുതിയ ഇടങ്ങളിലേക്ക് ബിസിനസ് വ്യാപിപ്പിക്കണം. സമാനമായ രീതിയില്‍, ലക്ഷ്വറി പ്രോജക്റ്റുകള്‍ മാത്രമേ ചെയ്യൂ എന്ന് വാശി പിടിക്കാതെ, വിപണി ആഗ്രഹിക്കുന്നത് ബജറ്റ് ഹോമുകള്‍ ആണെങ്കില്‍ ആ സാഹചര്യം മനസിലാക്കി അത്തരം മേഖലയിലേക്ക് കടക്കാന്‍ ഒരു നല്ല സംരംഭകന് കഴിയണം. റിയല്‍ എസ്റ്റേറ്റില്‍ മാത്രമല്ല, ഏത് മേഖലയിലും ഇത്തരമൊരു ഫ്ളെക്സിബിലിറ്റി സംരംഭകന് അനിവാര്യമാണ്.

17. ബിസിനസ് അസോസിയേഷനുകള്‍

ബിസിനസ് അസോസിയേഷനുകള്‍, പാര്‍ട്ട്ണര്‍ഷിപ്പുകള്‍ എന്നിവ എക്കാലത്തും വികസിപ്പിച്ചുകൊണ്ടിരിക്കണം. താന്‍ ഒരു കോണ്‍ട്രാക്റ്റര്‍ക്ക് മാത്രമേ വര്‍ക്കുകള്‍ നല്‍കാറുള്ളൂ എന്നെല്ലാം ഏറെ ആത്മവിശ്വാസത്തോടെ പറഞ്ഞിരുന്ന കാലം കഴിഞ്ഞു. നിലവില്‍ ബിസിനസിന്‍റെ വളര്‍ച്ചയ്ക്ക് അനിവാര്യം കൂടുതല്‍ ബിസിനസ് അസോസിയേഷനുകള്‍, പാര്‍ട്ട്ണര്‍ഷിപ്പുകള്‍ എന്നിവ വളര്‍ത്തുന്നതാണ്. പുതിയ ആളുകളിലേക്ക് ബിസിനസ് വ്യാപിപ്പിക്കുകമ്പോള്‍ കൂടുതല്‍ മികച്ച ആശയങ്ങള്‍ ലഭിക്കുന്നു.

Maintained By : Studio3