ആസാമും വടക്കുകിഴക്കന്‍ മേഖലയും കിഴക്കന്‍ ഏഷ്യയുടെ കേന്ദ്രമാകും: മോദി
1 min readന്യൂഡെല്‍ഹി: ധാരാളം കണക്റ്റിവിറ്റി പ്രോജക്ടുകള്‍ ആരംഭിക്കുന്നതോടെ ആസാമും വടക്കുകിഴക്കന്‍ മേഖലയും കിഴക്കന്‍ ഏഷ്യയുടെ കേന്ദ്രമായി മാറുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. ആസാമും വടക്കുകിഴക്കന്‍ മേഖലയും ‘ആത്മനിര്‍ഭര്‍ ഭാരത്’ എന്ന സംരംഭത്തെ കൂടുതല്‍ ശക്തിപ്പെടുത്തുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ആസാമിലെ ‘മഹാബാഹു-ബ്രഹ്മപുത്ര’ പദ്ധതിയുടെ ഉദ്ഘാടനവേളയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.ഒപ്പം ധൂബ്രി ഫുല്‍ബാരി പാലത്തിന്‍റെ ശിലാസ്ഥാപനവും മജുലി പാലം നിര്‍മാണത്തിന്‍റെ ഭൂമിപൂജയും മോദി വീഡിയോ കോണ്‍ഫറന്‍സിംഗിലുടെ നടത്തി.
‘മഹാബാഹു-ബ്രഹ്മപുത്ര’ റോ-പാക്സ് കപ്പല്‍ സര്‍വീസ് നീമാതി-മജുലി ദ്വീപ്, നോര്‍ത്ത് ഗുവാഹത്തി-സൗത്ത് ഗുവാഹത്തി, ധുബ്രി-ഹാത്സിംഗിമാരി എന്നിവതമ്മില്‍ ബന്ധിപ്പിക്കുന്നതാണ്. കാര്യക്ഷമവും സമയം ലാഭിക്കുന്നതുമായ കണക്റ്റിവിറ്റിയും ടൂറിസത്തെ കൂടുതല്‍ ശക്തിപ്പെടുത്തും. അതുവഴി സംസ്ഥാനത്തിന്‍റെ സമ്പദ് വ്യവസ്ഥ മെച്ചപ്പെടുമെന്നും മോദി പറഞ്ഞു. ഗുവാഹത്തി നഗരത്തിന്‍റെ പ്രാന്തപ്രദേശത്തുള്ള അമിംഗാവോണില്‍ നോര്‍ത്ത് ഈസ്റ്റേണ്‍ റീജിയണിനായി ആദ്യത്തെ ദേശീയ ഡാറ്റാ സെന്‍റര്‍ സ്ഥാപിക്കുന്നതിനെക്കുറിച്ച് പരാമര്‍ശിച്ച മോദി, വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളുടെ ഡാറ്റാ സെന്‍റര്‍ ഇ-ഗവേണന്‍സ്, സ്റ്റാര്‍ട്ടപ്പുകള്‍ എന്നിവയില്‍ വലിയ പുരോഗതി കൈവരുത്തുമെന്ന് പറഞ്ഞു. ഗുവാഹത്തിയിലെ ഇന്ത്യയുടെ ആറാമത്തെ ഡാറ്റാ സെന്‍റര്‍ ഡിജിറ്റല്‍ ഇന്ത്യ കാഴ്ചപ്പാടിനെ കൂടുതല്‍ ശക്തിപ്പെടുത്തുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
റോഡുകള്‍, ജലപാതകള്‍, വിമാനത്താവളങ്ങള്‍, റെയില്‍വേ, നിരവധി ഗ്യാസ് ഗ്രിഡുകള്‍ എന്നിവയുടെ പദ്ധതികള്‍ പലതും പൂര്‍ത്തിയായിട്ടുണ്ട്, അല്ലാത്തവ നടപ്പാക്കിക്കൊണ്ടിരിക്കുന്നു. മുന്‍ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്പേയിയുടെ ഭരണകാലം വടക്കുകിഴക്കന്‍ മേഖലയിലെ വളര്‍ച്ചയ്ക്കും പുരോഗതിക്കും ആക്കം കൂട്ടിയിട്ടുണ്ടെന്നും ഇപ്പോഴുള്ള സര്‍ക്കാര്‍ ഇതിന് വേഗത കൂട്ടിയിട്ടുണ്ട്. വടക്കുകിഴക്കന്‍ മേഖലയെ തെക്ക്-കിഴക്കന്‍ ഏഷ്യന്‍ രാജ്യങ്ങളുമായി ബന്ധിപ്പിക്കുന്നതിന് ജലമാര്‍ഗ്ഗങ്ങള്‍ ഒരു പ്രധാന പങ്ക് വഹിക്കുമെന്നും അദ്ദേഹം പറഞ്ഞു.
മൊത്തം 15,000 കോടി രൂപയുടെ പുതിയ പദ്ധതികള്‍ അസമിന്‍റെയും മറ്റ് വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളുടേയും ണുഖച്ഛായതന്നെ മാറ്റുമെന്ന് കേന്ദ്ര ഗതാഗതമന്ത്രി നിതിന്‍ ഗഡ്കരി പറഞ്ഞു. ബംഗ്ലാദേശുമായും ഭൂട്ടാനുമായും ജലപാതവഴിയുള്ള ബന്ധം കൂടുതല്‍ ശക്തിപ്പെടുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കേന്ദ്രമന്ത്രിമാരായ രവിശങ്കര്‍ പ്രസാദ്, മന്‍സുഖ് എല്‍. മന്ദാവിയ, രാമേശ്വര്‍ തെലി, ആസാം മുഖ്യമന്ത്രി സര്‍ബാനന്ദ സോനോവാള്‍, മേഘാലയ മുഖ്യമന്ത്രി കോണ്‍റാഡ് കെ. സംഗമ, മന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.