മ്യാന്‍മാറിനെ സഹായിക്കാന്‍ തയ്യാറെന്ന് ആസിയാന്‍
1 min readന്യൂഡെല്‍ഹി: സൈന്യം അധികാരം പിടിച്ചടക്കിയ മ്യാന്‍മറിനെ ക്രിയാത്മകവും സമാധാനപരവുമായ രീതിയില്‍ സഹായിക്കാന്‍ തയ്യാറാണെന്ന് അസോസിയേഷന്‍ ഓഫ് സൗത്ത് ഈസ്റ്റ് ഏഷ്യന്‍ നേഷന്‍സ് (ആസിയാന്‍) അറിയിച്ചു. അനൗപചാരിക ആസിയാന്‍ മന്ത്രിസഭാ യോഗത്തിനിശേഷം പുറത്തുവിട്ട പ്രസ്താവനയില്‍, മേഖലയിലെ നിലവിലെ സംഭവവികാസങ്ങളെ സംഘടന വളരെ അടുത്തറിയുന്നുണ്ടെന്നും സമാധാനവും സുസ്ഥിരതയും വീണ്ടെടുക്കുന്നതിന് എല്ലാ അംഗരാജ്യങ്ങളിലും രാഷ്ട്രീയ സ്ഥിരത അനിവാര്യമാണെന്നും പറയുന്നു. മ്യാന്‍മറിലെ സ്ഥിതിഗതികളില്‍ ആസിയാന്‍ ആശങ്ക പ്രകടിപ്പിച്ചിട്ടുണ്ട്. കൂടുതല്‍ അക്രമങ്ങള്‍ക്ക് പ്രേരിപ്പിക്കുന്നതില്‍ നിന്ന് ഒഴിഞ്ഞുനില്‍ക്കാന്‍ എല്ലാ കക്ഷികളോടും സംഘടന ആഹ്വാനം ചെയ്തു.
‘മേഖലയിലെ രാജ്യങ്ങളുടെ ഐക്യം, കേന്ദ്രീകരണം, പ്രസക്തി എന്നിവ നിലനിര്‍ത്തുന്നതിന് പൊതുവായ വെല്ലുവിളികളെ കൂട്ടായി അഭിമുഖീകരിക്കേണ്ടതിന്‍റെ ആവശ്യകത പ്രസ്താവനയില്‍ പറയുന്നു.ഫെബ്രുവരി ഒന്നിനാണ് മ്യാന്‍മറില്‍ സൈന്യം അട്ടിമറി നടത്തുകയും ഒരു വര്‍ഷം നീണ്ട അടിയന്തരാവസ്ഥ പ്രഖ്യാപിക്കുകയും ചെയ്തത്. അതോടെ എല്ലാ രാജ്യ അധികാരവും കമാന്‍ഡര്‍-ഇന്‍-ചീഫ് ജനറല്‍ മിന്‍ ആംഗ് ഹേലിംഗിന് കൈമാറി. സൈനിക അട്ടിമറിക്കുശേഷം നേതാവായ ആംഗ്സാന്‍ സൂചിയെയും അവരുടെ നാഷണല്‍ ലീഗ് ഫോര്‍ ഡെമോക്രസി (എന്‍എല്‍ഡി) പാര്‍ട്ടിയുടെ മറ്റ് മുതിര്‍ന്ന നേതാക്കളെയും സൈന്യം തടവിലാക്കി. ഇവരെ മോചിപ്പിക്കണമെന്നാവശ്യപ്പെട്ട് തുടര്‍ച്ചയായ പ്രതിഷേധങ്ങള്‍ക്കാണ് പിന്നെ മ്യാന്‍മാര്‍ സാക്ഷ്യം വഹിച്ചത്. പ്രക്ഷോഭം നടത്തുന്ന ജനക്കൂട്ടത്തിനെതിരെ സൈന്യവും പൊലീസും നടപടി സ്വീകരിച്ചെങ്കിലും കഴിഞ്ഞദിവസവും പ്രതിഷേധം അരങ്ങേറി.
2020 നവംബര്‍ എട്ടിന് നടന്ന പൊതുതെരഞ്ഞെടുപ്പില്‍ വന്‍ വോട്ടിംഗ് തട്ടിപ്പ് ചൂണ്ടിക്കാട്ടി പുതിയ പാര്‍ലമെന്‍റ് സമ്മേളനങ്ങള്‍ മാറ്റിവയ്ക്കണമെന്ന് ആവശ്യപ്പെട്ടാണ് സൈന്യം അധികാരം പിടിച്ചെടുത്തത്. പാര്‍ലമെന്‍റിന്‍റെ ഇരുസഭകളിലും എന്‍എല്‍ഡി ഭൂരിപക്ഷം സീറ്റുകളും നേടിയിരുന്നു.