ലഡാക്ക് സംഘര്‍ഷം : പ്രത്യേക വസ്ത്രങ്ങളും ഉപകരണങ്ങളും സംഭരിക്കാന്‍ ഇന്ത്യന്‍ സേന തയ്യാറെടുക്കുന്നു
1 min readന്യൂഡെല്‍ഹി: കിഴക്കന്‍ ലഡാക്കില്‍ ചൈനയുമായുള്ള സംഘര്‍ഷാവസ്ഥ തുടരുന്ന സാഹചര്യത്തില്‍ പ്രത്യേക വസ്ത്രങ്ങളുടെയും പര്‍വതാരോഹണ ഉപകരണങ്ങളുടെയും സംഭരണം വര്‍ദ്ധിപ്പിക്കാന്‍ സൈന്യം തയ്യാറെടുക്കുന്നു. കൂടുതല്‍ പ്രദേശങ്ങളില്‍ സുരക്ഷാസേനയെ വിന്യസിക്കുന്നതിന് ഇത് ആവശ്യമാകും എന്നാണ് കരസേനയുടെ വിലയിരുത്തല്‍. 17 തരം പ്രത്യേക വസ്ത്രങ്ങളും പര്‍വതാരോഹണ ഉപകരണങ്ങളും കൂടുതല്‍ സംഭരിക്കുന്നതു സംബന്ധിച്ച് കണക്കുകളും അതിന്‍റെ പട്ടികയും സേന പുറത്തിറക്കി. മെയ്ക്ക് ഇന്‍ ഇന്ത്യ സംരംഭം മുന്‍നിര്‍ത്തി ഈ ഉപകരണങ്ങള്‍ നിര്‍മ്മിക്കുന്ന ഇന്ത്യന്‍ നിര്‍മ്മാതാക്കള്‍ക്ക് കരസേന മുന്‍ഗണന നല്‍കുമെന്ന് പ്രതിരോധ വൃത്തങ്ങള്‍ അറിയിച്ചു. നിലവില്‍, ഈ ഇനങ്ങളില്‍ ഭൂരിഭാഗവും മറ്റ് രാജ്യങ്ങളില്‍ നിന്നാണ് ഇറക്കുമതി ചെയ്യുന്നത്.
108 ഇനങ്ങളുടെ രണ്ടാമത്തെ സ്വദേശിവല്‍ക്കരണ പട്ടിക പ്രകാരം ദേശീയ സ്രോതസുകളില്‍നിന്ന് പ്രത്യേക വസ്ത്രങ്ങളും പര്‍വതാരോഹക ഉപകരണങ്ങളും വാങ്ങേണ്ടിവരുമെന്ന് കഴിഞ്ഞ മാസം പ്രതിരോധ മന്ത്രാലയം അറിയിച്ചിട്ടുണ്ട്.
ഏറ്റവും പുതിയ പട്ടിക പ്രകാരം, 50,000 മുതല്‍ 90,000 വരെ സെറ്റ് എക്സ്ട്രീം കോള്‍ഡ് വെതര്‍ ക്ലോത്തിംഗ് സിസ്റ്റവും സമാനമായ എണ്ണം പ്രത്യേക സ്ലീപ്പിംഗ് ബാഗുകള്‍, റക്സാക്കുകള്‍, ഉയരത്തിലുള്ള പ്രദേശത്തിന് സമ്മര്‍ സ്യൂട്ട്, മള്‍ട്ടി പര്‍പ്പസ് ബൂട്ടുകള്‍, സ്നോ ഗോഗലുകള്‍ എന്നിവയും കരസേന പ്രതീക്ഷിക്കുന്നു. അധിക ആവശ്യകതകളില്‍ ഏകദേശം 12,000 പ്രത്യേക കമ്പിളി സോക്സുകള്‍, മൂന്ന് ലക്ഷം സെറ്റ് പ്രത്യേക കയ്യുറകള്‍, 500 ഓളം പള്‍മണറി എഡിമ അറകള്‍ (കടുത്ത തണുപ്പിലും ഉയര്‍ന്ന പ്രദേശങ്ങളിലും വിന്യസിച്ചിരിക്കുന്ന സൈനികര്‍ക്ക് അടിയന്തിര ചികിത്സ നല്‍കുന്നതിന് ഇത് നിര്‍ബന്ധമാണ്) എന്നിവ ഉള്‍പ്പെടുന്നു. ഇതിനൊപ്പം, 3,000 മുതല്‍ 5,000 വരെ ഹിമപാത എയര്‍ബാഗുകളും (ഹിമപാതമുണ്ടായാല്‍ അതിജീവിക്കാനുള്ളത്) ഹിമപാത ഇരകളുടെ ഡിറ്റക്ടറുകളും (ഹിമപാതത്തില്‍ അകപ്പെട്ടവരെ കണ്ടെത്തുന്നതിനുള്ള ഉപകരണം) സൈന്യം പ്രതീക്ഷിക്കുന്നു.
സിയാച്ചിനിലും മറ്റ് ഉയര്‍ന്ന പ്രദേശങ്ങളിലും ഈ ഉപകരണങ്ങള്‍ വ്യാപകമായി ഉപയോഗിക്കുന്നുണ്ടെന്ന് കരസേനയിലെ ഒരു മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ പറഞ്ഞു. ഇങ്ങനെയുള്ള പ്രദേശത്തേക്ക് നിയോഗിക്കപ്പെടുന്ന ഓരോ സൈനികനും അത്തരം വസ്ത്രങ്ങളുടെ ഒരു പുതിയ സെറ്റ് നല്‍കും. ഇവിടെ ഉപകരണങ്ങളുടെ 30,000 സെറ്റ് വാര്‍ഷിക ആവശ്യകത പ്രതീക്ഷിക്കുന്നതായി ഉദ്യോഗസ്ഥര്‍ പറയുന്നു. ജാക്കറ്റുകള്‍, ട്രൗസറുകള്‍, കയ്യുറകള്‍ എന്നിവ ഒരു സൈനികന്‍റെ സ്വകാര്യ സംരക്ഷണ ഉപകരണങ്ങളുടെ ഭാഗമാണെങ്കിലും, ഹിമപാത ഇരകളുടെ ഡിറ്റക്ടറുകള്‍ ഉള്‍പ്പെടയുള്ള പലതും രക്ഷാപ്രവര്‍ത്തന ഉപകരണങ്ങളാണെന്നും ഹാപ്പോ ബാഗുകള്‍ അത്യാവശ്യ ജീവന്‍ രക്ഷിക്കാനുള്ള ഉപകരണങ്ങളാണെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു.
ശത്രുവിന്‍റെ നടപടികളുമായി താരതമ്യപ്പെടുത്തുമ്പോള്‍ സിയാച്ചിനിലും മറ്റ് ഉയര്‍ന്ന പോസ്റ്റുകളിലും മോശമായ കാലാവസ്ഥ കാരണം അപകടങ്ങളുടെ തോത് ഉയര്‍ന്നതാണ്. 2019 വരെ മൂന്നുവര്‍ഷത്തിനിടെ ഉണ്ടായ ഹിമപാതത്തെത്തുടര്‍ന്ന് 74 കരസേനാംഗങ്ങള്‍ മരിച്ചതായി പാര്‍ലമെന്‍റില്‍ പങ്കിട്ട കണക്കുകള്‍ വ്യക്തമാക്കുന്നു.
സൈനികനെ സംരക്ഷിക്കുന്നതിനും അവന്‍റെ ചുമതലകളില്‍ സഹായിക്കുന്നതിനും ഈ വസ്ത്രവും ഉപകരണങ്ങളും അത്യാവശ്യമാണ്. ഇത് നിലവില്‍ വിവിധ രാജ്യങ്ങളില്‍ നിന്ന് വാങ്ങുന്നുണ്ട്, പ്രത്യേകിച്ചും കഴിഞ്ഞ വര്‍ഷം ഉണ്ടായ അടിയന്തര സാഹചര്യം കാരണം, ഇന്ത്യന്‍ നിര്‍മ്മാതാക്കളില്‍ ലഭ്യമല്ലാത്തതിനാല്‍ വിദേശ രാജ്യങ്ങളില്‍ നിന്ന് സംഭരണം നടത്തി. ഇന്ത്യയും ചൈനയും തമ്മിലുള്ള സൈനിക സംഘര്‍ഷം ആരംഭിച്ച് മാസങ്ങള്‍ക്കുള്ളില്‍ കിഴക്കന്‍ ലഡാക്കില്‍ ആയിരക്കണക്കിന് അധിക സൈനികരെയാണ് ഉള്‍പ്പെടുത്തിയത്. കഴിഞ്ഞ വര്‍ഷം, ഇരു രാജ്യങ്ങളും തമ്മിലുള്ള ലോജിസ്റ്റിക് എക്സ്ചേഞ്ച് മെമ്മോറാണ്ടം കരാര്‍ പ്രകാരം പ്രത്യേക ഉയര്‍ന്ന ശൈത്യകാല വസ്ത്രങ്ങള്‍ യുഎസില്‍ നിന്ന് ഇന്ത്യ അടിയന്തരമായി വാങ്ങുകയും ചെയ്തു. കാലങ്ങളായി ഓസ്ട്രിയ, ഇറ്റലി, സ്കാന്‍ഡിനേവിയന്‍ രാജ്യങ്ങള്‍, ഓസ്ട്രേലിയ, ശ്രീലങ്ക എന്നിവിടങ്ങളില്‍ നിന്ന് പ്രത്യേക വസ്ത്രങ്ങള്‍, കൂടാരങ്ങള്‍, മറ്റ് ഉപകരണങ്ങള്‍ എന്നിവ ഇന്ത്യ വാങ്ങിയിട്ടുണ്ട്.