ആന്റണി ബ്ലിങ്കന്‍:നിയമനം സെനറ്റ് അംഗീകരിച്ചു
വാഷിംഗ്ടണ്‍: യുഎസ് പ്രസിഡന്റ് ജോ ബൈഡന്റെ സ്‌റ്റേറ്റ് സെക്രട്ടറി നോമിനിയായ ആന്റണി ബ്ലിങ്കന്റെ നിയമനം സെനറ്റ് അംഗീകരിച്ചു.
കഴിഞ്ഞയാഴ്ച നടന്ന ഫോറിന്‍ റിലേഷന്‍സ് കമ്മിറ്റിയുടെ ഹിയറിംഗില്‍ അദ്ദേഹം തന്റെ അജണ്ട അവതരിപ്പിച്ചിരുന്നു. സെനറ്റില്‍ രണ്ടു പാര്‍ട്ടികളുടെയും പിന്തുണ അദ്ദേഹത്തിന് നേടിയെടുക്കാനായി. ഈ പദവിക്ക് അനുയോജ്യനായ വ്യക്തിയാണ് ബ്ലിങ്കനെന്ന് ഫോറിന്‍ റിലേഷന്‍സ് കമ്മിറ്റിയിലെ റിപ്പബ്ലിക്കന്‍ നേതാവ് സെനറ്റര്‍ ജിം റിഷ് പറയുന്നു. ആഗോള വേദിയില്‍ അമേരിക്കയുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിന് യോജിച്ച വ്യക്തിയാണ് അദ്ദേഹമെന്ന് സെനറ്റ് ഡെമോക്രാറ്റിക് പാര്‍ട്ടി നേതാവ് ചക് ഷുമറും വ്യക്തമാക്കി. ബരാക് ഒബാമയുടെ കാലത്ത് ബ്ലിങ്കന്‍ ഡെപ്യൂട്ടി സേറ്റ്റ്റ് സെക്രട്ടറിയായിരുന്നു.
ഡൊണാള്‍ഡ് ട്രംപിന്റെ മുന്‍ ഭരണത്തിന്‍ കീഴില്‍ ഇന്ത്യയുമായി വളര്‍ന്ന യുഎസ് ബന്ധത്തില്‍ തുടര്‍ച്ചയുണ്ടാകുമെന്ന് ഫോറിന്‍ റിലേഷന്‍സ് കമ്മിറ്റി ഹിയറിംഗില്‍ ബ്ലിങ്കന്‍ പറഞ്ഞിരുന്നു. അതിനാല്‍ ഇന്ത്യയും പ്രതീക്ഷയോടെയാണ് പുതിയ ഭരണകൂടത്തിന്റെ നടപടികളെകാണുന്നത്. ഇന്ത്യയെ പിന്തുണയ്ക്കുന്നത് തുടരുമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. ചൈനയുള്‍പ്പെടെ മേഖലയിലെ ഒരു രാജ്യത്തിനും ഇന്ത്യയുടെ പരമാധികാരത്തെ വെല്ലുവിളിക്കാന്‍ കഴിയാത്തവിധം ന്യൂഡെല്‍ഹിയുമായി യുഎസ് ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നു. തീവ്രവാദ വിരുദ്ധ മേഖലയിലും ഇരു രാജ്യങ്ങളും തമ്മില്‍ സഹകരണം വര്‍ധിപ്പിക്കുമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. ബൈഡന്‍ ഭരണകൂടം നേരിടേണ്ടിവരുന്ന പ്രധാന വെല്ലുവിളികളിലൊന്നാണ് ഹിയറിംഗില്‍ ചൈനയെ ബ്ലിങ്കന്‍ വിലയിരുത്തിയത്. ചൈനയോട് കര്‍ശന സമീപനം സ്വീകരിക്കുന്നതില്‍ ട്രംപിന്റെ നിലപാട് ശരിയായിരുന്നെന്ന് വിശ്വസിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.