പെട്രോള്‍-ഡീസല്‍ വില ജിഎസ്ടിയില്‍ ഉള്‍പ്പെടുത്താന്‍ നീക്കമില്ല: നിര്‍മല സീതാരാമന്‍
1 min readന്യൂഡെല്‍ഹി: ക്രൂഡ് ഓയില്‍, പെട്രോള്‍, ഡീസല്‍, ജെറ്റ് ഇന്ധനം (എടിഎഫ്), പ്രകൃതിവാതകം എന്നിവ ചരക്ക് സേവനനികുതിയുടെ (ജിഎസ്ടി) പരിധിയില്‍ കൊണ്ടുവരാന്‍ ഒരു നിര്‍ദേശമില്ലെന്ന് ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ പറഞ്ഞു. 2017 ജൂലൈ ഒന്നിന് ജിഎസ്ടി നിലവില്‍ വന്നപ്പോള്‍ ക്രൂഡ് ഓയില്‍, പ്രകൃതിവാതകം, പെട്രോള്‍, ഡീസല്‍, ഏവിയേഷന്‍ ടര്‍ബൈന്‍ ഇന്ധനം (എടിഎഫ്) എന്നിങ്ങനെ അഞ്ച് ചരക്കുകള്‍ അതിന്‍റെ പരിധിയില്‍ നിന്ന് മാറ്റി നിര്‍ത്തിയിരുന്നു. കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ പ്രധാന വരുമാന മാര്‍ഗമാണ് എന്നതും അടിക്കടിയുള്ള വില മാറ്റങ്ങളുമാണ് ഇതിന് കാരണമായി ചൂണ്ടിക്കാണിക്കപ്പെട്ടത്.
പെട്രോള്‍- ഡീസല്‍ വില 100 രൂപയിലേക്ക് എത്തിയ സാഹചര്യത്തില്‍ ഇവയെ ജിഎസ്ടിയില്‍ ഉള്‍പ്പെടുത്തുന്നതാണ് പരിഹാരമെന്നും സംസ്ഥാന സര്‍ക്കാരുകളും ഇതിന് സമവായം പ്രകടമാക്കേണ്ടതുണ്ടെന്നും നിര്‍മല സീതാരാമന്‍ ഉള്‍പ്പടെയുള്ള ബിജെപി നേതാക്കള്‍ പറഞ്ഞിരുന്നു. കേന്ദ്രം ഇതുവരെ അത്തരമൊരു നിര്‍ദേശം മുന്നോട്ടുവെച്ചിട്ടില്ലെന്നും സംസ്ഥാനങ്ങള്‍ക്ക് നഷ്ടപരിഹാരം ഉറപ്പുവരുത്തി ജിഎസ്ടി നടപ്പാക്കുന്നതിനെ അനുകൂലിക്കുന്നുവെന്നും സംസ്ഥാന ധനമന്ത്രി തോമസ് ഐസക്കും പറഞ്ഞിരുന്നു.
ഈ ഉല്‍പ്പന്നങ്ങളില്‍ ചരക്ക് സേവന നികുതി ചുമത്തേണ്ട തീയതി ജിഎസ്ടി കൗണ്‍സില്‍ ശുപാര്‍ശ ചെയ്യണമെന്ന് നിയമം അനുശാസിക്കുന്നുവെന്നാണ് ഇന്നലെ കേന്ദ്ര ധനമന്ത്രി ഇന്നലെ വിശദീകരിച്ചത്. സംസ്ഥാനങ്ങള്‍ കൂടി ഉള്‍പ്പെടുന്ന ജിഎസ്ടി കൗണ്‍സില്‍ ഈ സാധനങ്ങള്‍ ജിഎസ്ടിയില്‍ ഉള്‍പ്പെടുത്തുന്നതിന് ഒരു ശുപാര്‍ശയും നല്‍കിയിട്ടില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ആഗോള വിപണിയില്‍ ക്രൂഡ് ഓയില്‍ വില താഴ്ന്ന ഘട്ടത്തില്‍ കേന്ദ്ര സര്‍ക്കാര്‍ പലപ്പോഴായി വര്‍ധിപ്പിച്ച തീരുവ ക്രൂഡ് വില ഉയര്‍ന്നപ്പോഴും പിന്‍വലിക്കാത്തതാണ് വന്‍ തോതിലുള്ള വില വര്‍ധനയ്ക്ക് കാരണമാകുന്നത്.