ആസാമില്‍ അധികാരം നിലനിര്‍ത്തുമെന്ന് അമിത് ഷാ
1 min readഗുവഹത്തി: ബിജെപി നേതൃത്വത്തിലുള്ള ആസാം സര്‍ക്കാര്‍ സംസ്ഥാനത്ത് അധികാരം നിലനിര്‍ത്തുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. നുഴഞ്ഞുകയറ്റവും അഴിമതിയും തടയാന്‍ കോണ്‍ഗ്രസ്-എയുഡിഎഫ് സഖ്യത്തിന് കഴിയില്ലെന്ന് ജനങ്ങള്‍ തിരിച്ചറിഞ്ഞു കഴിഞ്ഞു. അതിര്‍ത്തിക്കപ്പുറത്തു നിന്നുള്ള നുഴഞ്ഞുകയറ്റങ്ങള്‍ എങ്ങനെ പരിശോധിക്കുമെന്ന് കോണ്‍ഗ്രസ് ജനങ്ങളോട് വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ജോനായി, മജുലി, ഉദല്‍ഗുരി എന്നിവിടങ്ങളില്‍ നടന്ന തെരഞ്ഞെടുപ്പ് റാലികളെ അഭിസംബോധന ചെയ്യുകയായിരുന്നു ആഭ്യന്തരമന്ത്രി.
“നമ്മുടെ സര്‍ക്കാര്‍ ആസാമില്‍ വികസനം നടത്തുമ്പോള്‍, തെരഞ്ഞെടുപ്പില്‍ വിജയിക്കാന്‍ കോണ്‍ഗ്രസ് ഒരു സാമുദായിക ശക്തിയുമായി സഖ്യം ഉണ്ടാക്കുന്നു,” അദ്ദേഹം പറഞ്ഞു. 2016 ലെ നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പ് ആസാമിനെ അഴിമതി രഹിതവും പ്രക്ഷോഭരഹിതവുമായ സംസ്ഥാനമാക്കുമെന്ന് ബിജെപി വാഗ്ദാനം ചെയ്തിരുന്നു. നുഴഞ്ഞുകയറ്റവും ഭീകരവാദവും തടയുമെന്നും പാര്‍ട്ടി വ്യക്തമാക്കിയിരുന്നു. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടയില്‍ (ബിജെപി) സര്‍ക്കാര്‍ വളരെയധികം നേട്ടങ്ങള്‍ കൈവരിച്ചതായി ഷാ പറഞ്ഞു.
ആസാമിലെ കോണ്‍ഗ്രസ് ഭരണകാലത്ത് തീവ്രവാദികള്‍ ധാരാളം സിവിലിയന്മാരെയും സുരക്ഷാ ഉദ്യോഗസ്ഥരെയും കൊലപ്പെടുത്തിയെന്നും അതില്‍ നടപടിയൊന്നും എടുത്തിട്ടില്ലെന്നും കേന്ദ്ര ആഭ്യന്തരമന്ത്രി ആരോപിച്ചു. അടുത്ത കാലത്തായി രണ്ടായിരത്തിലധികം തീവ്രവാദികളാണ് സര്‍ക്കാരിനുമുന്നില്‍ കീഴടങ്ങിയത്. ആയിരക്കണക്കിന് ആയുധങ്ങളും വെടിക്കോപ്പുകളും അവര്‍ അടിയറവെച്ചു.20,000 കിലോമീറ്റര്‍ റോഡ് നിര്‍മാണത്തിനായി എന്‍ഡിഎ സര്‍ക്കാര്‍ 53,000 കോടി രൂപ അനുവദിച്ചു.
ഗ്യാസ്, ഓയില്‍ മേഖലകളിലെ പദ്ധതികള്‍ക്കായി 46,000 കോടി രൂപ നിക്ഷേപിച്ചു. ബ്രഹ്മപുത്ര നദിക്ക് കുറുകെ ആറ് മെഗാ പാലങ്ങള്‍ നിര്‍മിച്ചതായും ഷാ വ്യക്തമാക്കി. മുഖ്യമന്ത്രി സര്‍ബാനന്ദ സോനോവാലിന്‍റെയും ആരോഗ്യ, ധനമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മയുടെയും ശ്രമങ്ങളെ അഭിനന്ദിച്ച ഷാ, കോവിഡ് -19 മാനേജ്മെന്‍റില്‍ സംസ്ഥാന സര്‍ക്കാറിന്‍റെ പ്രകടനം മികച്ചതാണെന്നും അദ്ദേഹം പറഞ്ഞു.