ആഗോള തലത്തില്‍ ആമസോണ്‍ പ്രൈമിന്‍റെ ഉപയോക്തൃ അടിത്തറ 200 മില്യണില്‍
ന്യൂഡെല്‍ഹി: ആമസോണ്‍ പ്രൈമിന്‍റെ ഉപയോക്താക്കളുടെ എണ്ണം 200 ദശലക്ഷത്തില്‍ എത്തിയിട്ടുണ്ടെന്ന് കമ്പനിയുടെ സിഇഒ ജെഫ് ബെസോസ്. സ്ഥാനമൊഴിയുന്നതിന് മുന്നോടിയായി ആമസോണിന്‍റെ ഓഹരി ഉടമകള്‍ക്ക് അയച്ച അവസാന വാര്‍ഷിക കത്തില്‍, 100 ദശലക്ഷത്തിലധികം സ്മാര്‍ട്ട് ഹോം ഉപകരണങ്ങള്‍ ഉപഭോക്താക്കള്‍ ‘അലക്സ’യുമായി ബന്ധിപ്പിച്ചതായി പറഞ്ഞു.
മുന്‍ എഡബ്ല്യുഎസ് മേധാവി ആന്‍ഡി ജാസിക്കാണ ബെസോസ് ഈ വര്‍ഷം ആമസോണ്‍ സിഇഒ പദവി കൈമാറുക. ‘കഴിഞ്ഞ വര്‍ഷം, ഞങ്ങള്‍ 500,000 ജോലിക്കാരെ നിയമിച്ചു, ഇപ്പോള്‍ ലോകമെമ്പാടുമുള്ള 1.3 ദശലക്ഷം ആളുകള്‍ക്ക് നേരിട്ട് ജോലി നല്‍കുന്നു. ലോകമെമ്പാടും ഞങ്ങള്‍ക്ക് 200 ദശലക്ഷത്തിലധികം പ്രൈം അംഗങ്ങളുണ്ട്. 1.9 ദശലക്ഷത്തിലധികം ചെറുകിട, ഇടത്തരം ബിസിനസുകള്‍ നമ്മളുടെ സ്റ്റോറില്‍ വില്‍ക്കുന്നു, നമ്മളുടെ റീട്ടെയില്‍ വില്‍പ്പനയുടെ 60 ശതമാനത്തിനടുത്ത് അവരുടെ സംഭാവനയാണ്, “ബെസോസ് കത്തില്‍ അറിയിച്ചു.
ആമസോണ്‍ വെബ് സര്‍വീസസ് ദശലക്ഷക്കണക്കിന് ഉപഭോക്താക്കള്‍ക്ക് സേവനം നല്‍കുന്നുണ്ട്. 2020 എഡബ്ല്യുഎസ് അവസാനിപ്പിച്ചത് 50 ബില്യണ്‍ ഡോളര്‍ വാര്‍ഷിക റണ്‍ നിരക്കിലാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഓഹരി ഉടമകള്‍ക്കായി മൊത്തം 1.6 ട്രില്യണ്‍ ഡോളറിന്‍റെ സമ്പാദ്യമാണ് ആമസോണ്‍ സൃഷ്ടിച്ചത്.