വാര്‍ഷിക പ്രൈം ഡേ വില്‍പ്പന ആമസോണ്‍ മാറ്റിവെച്ചു
1 min readന്യൂഡെല്‍ഹി: കോവിഡ് -19 വ്യാപകമാകുന്ന പശ്ചാത്തലത്തില്‍, ആമസോണ്‍ ഡോട്ട് കോം കാനഡയിലും ഇന്ത്യയിലും നടക്കേണ്ട വാര്‍ഷിക പ്രൈം ഡേ വില്‍പ്പന താല്‍ക്കാലികമായി മാറ്റിവെച്ചു. എന്നാല്‍ യുഎസിലെ പ്രൈം ഡേ മാറ്റമില്ലാതെ നടക്കുമെന്നും ബ്ലൂംബെര്‍ഗ് റിപ്പോര്‍ട്ട് ചെയ്യുന്നു. കാനഡയിലും ഇന്ത്യയിലും കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ തങ്ങളുടെ ഉപഭോക്താക്കളുടെയും ജീവനക്കാരുടെയും സുരക്ഷ കണക്കിലെടുത്താണ് വന്‍തോതിലുള്ള വില്‍പ്പന ഒഴിവാക്കാനുള്ള തീരുമാനം കമ്പനി എടുത്തിട്ടുള്ളത്.
ഇരു രാഷ്ട്രങ്ങളിലും വാക്സിനേഷന്‍റെ വേഗം വേണ്ട അളവില്‍ ആയിട്ടില്ലെന്നും ആമസോണ്‍ വിലയിരുത്തുന്നു. കഴിഞ്ഞ വര്‍ഷം കൊറോണയെ തുടര്‍ന്ന് ലോകവ്യാപകമായി തങ്ങളുടെ പ്രൈം ഡേ വാര്‍ഷിക വില്‍പ്പന ആമസോണിന് ഉപേക്ഷിക്കേണ്ടി വന്നിരുന്നു. പ്രൈം ഉപഭോക്താക്കളെ നിലനിര്‍ത്തുന്നതിനും പുതിയ ഉപഭോക്താക്കളെ പ്രൈം വിഭാഗത്തിലേക്ക് ആകര്‍ഷിക്കുന്നതിനുമായി വേനല്‍ക്കാലത്താണ് സാധാരണയായി ആമസോണ്‍ ഈ വില്‍പ്പന സംഘടിപ്പിക്കാറുള്ളത്. വിഡിയോ സ്ട്രീമിംഗ് ഉള്‍പ്പടെയുള്ള സേവനങ്ങള്‍ക്കും ഉല്‍പ്പന്നങ്ങള്‍ക്ക് ഡിസ്കൗണ്ടുകള്‍ ലഭ്യമാകാനുമായി മാസത്തിലോ വര്‍ഷത്തിലോ ഒരു ഫീസ് അടയ്ക്കാന്‍ തയാറുള്ള ഉപഭോക്താക്കളെയാണ് പ്രൈം വിഭാഗത്തില്‍ ഉള്‍പ്പെടുത്തുന്നത്.