കേള്‍ക്കുമോ മോദി : ‘രാജ്യത്തെ എല്ലാ ഫാര്‍മ കമ്പനികളോടും വാക്സിന്‍ നിര്‍മിക്കാന്‍ ആവശ്യപ്പെടണം’
1 min read- യുദ്ധകാലാടിസ്ഥാനത്തില്‍ വാക്സിന്‍ നിര്‍മിക്കണമെന്ന് അരവിന്ദ് കെജ്രിവാള്‍
- കോവാക്സിന്‍ ഫോര്‍മുല പങ്കുവെക്കാന്‍ തയാറെന്ന് ഭാരത് ബയോടെക് അറിയിച്ചിട്ടുണ്ട്
- ഉടന്‍ തന്നെ കേന്ദ്രം ഉത്തരവ് നല്‍കണമെന്നും ഡെല്‍ഹി മുഖ്യമന്ത്രി
ന്യൂഡെല്‍ഹി: യുദ്ധകാലാടിസ്ഥാനത്തില്‍ കോവിഡ് വാക്സിന്‍ നിര്‍മിക്കാന്‍ രാജ്യം തയാറാകണമെന്ന് ഡെല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍. രാജ്യത്തെ എല്ലാ ഫാര്‍മ കമ്പനികളോടും വാക്സിന്‍ നിര്‍മിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ആവശ്യപ്പെടണമെന്നും കെജ്രിവാള്‍ പറഞ്ഞു. കോവാക്സിന്‍ നിര്‍മിക്കുന്ന ഫോര്‍മുല പങ്കുവെക്കാന്‍ ഹൈദരാബാദ് കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന ഭാരത് ബയോടെക് ഒരുക്കമാണെന്ന കാര്യവും അദ്ദേഹം ഓര്‍മപ്പെടുത്തി.
വാക്സിനുള്ള അടിയന്തര ആവശ്യം കണക്കിലെടുത്ത് ഏറ്റവും അടിയന്തരമായി കേന്ദ്രസര്‍ക്കാര്‍ ഇക്കാര്യത്തില്‍ ഉത്തരവിറക്കണമെന്നും കെജ്രിവാള്‍ ആവശ്യപ്പെട്ടു. സംസ്ഥാനങ്ങള്‍ തമ്മില്‍ വാക്സിനായി പോരാടുന്നത് ശരിയല്ലെന്നും അധിക സ്റ്റോക്കുള്ള രാജ്യങ്ങളില്‍ നിന്ന് കേന്ദ്രം വാക്സിന്‍ വാങ്ങി സംസ്ഥാനങ്ങള്‍ക്ക് വിതരണം ചെയ്യണമെന്നും അദ്ദേഹം പറഞ്ഞു.
വാക്സിന്‍ ക്ഷാമം കാരണം 18 വയസിന് മുകളിലുള്ളവര്‍ക്കുള്ള വാക്സിനേഷന്‍ ഡെല്‍ഹിയില്‍ നിര്‍ത്തിവച്ചിരിക്കുകയാണ്. മാത്രമല്ല, രാജ്യതലസ്ഥാനത്തെ എല്ലാ വാക്സിനേഷന്‍ കേന്ദ്രങ്ങളും സംസ്ഥാന സര്‍ക്കാര്‍ അടച്ചിട്ടിരിക്കുകയുമാണ്. ജൂണ്‍ മാസത്തില്‍ തങ്ങള്‍ക്ക് വെറും എട്ട് ലക്ഷം ഡോസുകള്‍ മാത്രമേ ലഭിക്കൂവെന്നാണ് അറിയിപ്പ് ലഭിച്ചിരിക്കുന്നതെന്നും ഇതനുസരിച്ചാണെങ്കില്‍ ഡെല്‍ഹിയിലെ എല്ലാവരെയും വാക്സിനേറ്റ് ചെയ്യാന്‍ 30 മാസം എടുക്കുമെന്നും കെജ്രിവാള്‍ പറഞ്ഞു.