ആലപ്പുഴ ഇനി സമ്പൂര്‍ണ്ണ ഡിജിറ്റല്‍ ബാങ്കിംഗ് ജില്ല
ആലപ്പുഴ: മുഴുവന്‍ ബാങ്ക് അക്കൗണ്ടുകളെയും ഏകീകൃത പെയ്‌മെന്റ് ഇന്റര്‍ഫേസ് സേവനം ഉള്‍പ്പടെയുള്ള ഡിജിറ്റല്‍ ഇടപാടുകള്‍ക്ക് പ്രാപ്തമാക്കി സമ്പൂര്‍ണ്ണ ഡിജിറ്റല്‍ ബാങ്കിംഗ് ജില്ലയായി ആലപ്പുഴയെ പ്രഖ്യാപിച്ചു. ആലപ്പുഴ റോയല്‍ പാര്‍ക്കില്‍ നടന്ന പ്രഖ്യാപന ചടങ്ങ് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ കേരള- ലക്ഷദ്വീപ് റീജിയണല്‍ ഡയറക്ടര്‍ തോമസ് മാത്യു ഉദ്ഘാടനം ചെയ്തു. ജില്ലാ കളക്ടര്‍ വി.ആര്‍. കൃഷ്ണ തേജ അധ്യക്ഷത വഹിച്ചു. ചലച്ചിത്ര ഗാനരചയിതാവ് വയലാര്‍ ശരത് ചന്ദ്രവര്‍മ്മ മുഖ്യാതിഥിയായിരുന്നു.
ഡെബിറ്റ് – ക്രെഡിറ്റ് കാര്‍ഡ്, ഇന്റര്‍നെറ്റ് ബാങ്കിംഗ്, മൊബൈല്‍ ബാങ്കിംഗ്, യു.പി.ഐ, ആധാര്‍ അധിഷ്ടിത പണമിടപാട് സേവനം തുടങ്ങി ഏതെങ്കിലുമൊരു ഡിജിറ്റല്‍ പണമിടപാട് സംവിധാനമെങ്കിലും ഉപയോഗിക്കാന്‍ ഇടപാടുകാരെ പ്രാപ്തരാക്കുകയാണ് ഡിജിറ്റല്‍ ബാങ്കിംഗിന്റെ ലക്ഷ്യം. ജില്ലയിലെ ബാങ്കിംഗ് മേഖല സമ്പൂര്‍ണ്ണ ഡിജിറ്റലാകുന്നതോടെ കേരള ബാങ്ക് ഉള്‍പ്പെടെയുള്ള 29 ബാങ്കുകളിലെ 26 ലക്ഷം സേവിംഗ്‌സ്, കറണ്ട് അക്കൗണ്ടുകള്‍ക്ക് ഡിജിറ്റല്‍ സേവന സൗകര്യം ലഭിക്കും.