ഉത്തര്‍പ്രദേശില്‍ ജാതി സെന്‍സസിന് സമാജ്‌വാദി പാര്‍ട്ടി
1 min readലക്‌നൗ: അടുത്ത നിയമസഭാതെരഞ്ഞെടുപ്പില്‍ തന്റെ പാര്‍ട്ടി അധികാരത്തില്‍ എത്തിയാല്‍ ഉത്തര്‍പ്രദേശില്‍ ജാതി സെന്‍സസ് നടത്തുമെന്ന് സമാജ്വാദി പാര്‍ട്ടി പ്രസിഡന്റ് അഖിലേഷ് യാദവ് പറഞ്ഞു. സെന്‍സസിന്റെ വിവരങ്ങള്‍ എക്‌സ്പ്രസ് ഹൈവേയിലെ ഒരു ഡാറ്റാ സെന്ററില്‍ സൂക്ഷിക്കും. ജന്മനാടായ സെഫായിയില്‍ പാര്‍ട്ടി പ്രവര്‍ത്തകരുമായി സംവദിക്കുന്നതിനിടെയായിരുന്നു അഖിലേഷിന്റെ പരാമര്‍ശം. സംസ്ഥാനത്തെ ജനങ്ങളെക്കുറിച്ചുള്ള എല്ലാ സ്ഥിതിവിവരക്കണക്കുകളും ശേഖരിക്കുന്നതിനായി ഗ്രേറ്റര്‍ നോയിഡയില്‍ ഒരു ഡാറ്റാ സെന്റര്‍ സ്ഥാപിക്കുമെന്ന് മുന്‍പ് ബിജെപി സര്‍ക്കാരും പ്രഖ്യാപിച്ചിരുന്നു.
‘ഭരണഘടനയില്‍ വ്യക്തമായ വ്യവസ്ഥകള്‍ ഉണ്ടായിരുന്നിട്ടും സമൂഹത്തിലെ ചില വിഭാഗങ്ങള്‍ക്ക് അവരുടെ അവകാശങ്ങള്‍ നഷ്ടപ്പെടുന്നുണ്ട്. സമൂഹത്തിലെ എല്ലാ വിഭാഗങ്ങളില്‍ നിന്നുമുള്ള ജനങ്ങളെ പരിപാലിക്കുന്നതിനായി മെച്ചപ്പെട്ട നയങ്ങള്‍ രൂപീകരിക്കാന്‍ ഒരു സെന്‍സസ് സര്‍ക്കാരിനെ സഹായിക്കും,’ അദ്ദേഹം പറഞ്ഞു.
വിദ്വേഷത്തിന്റെ രാഷ്ട്രീയം സ്വീകരിച്ചതിന് അഖിലേഷ് ബിജെപിയെയും യോഗി ആദിത്യനാഥ് സര്‍ക്കാരിനെയും എസ്പി നേതാവ് കടന്നാക്രമിച്ചു. പരസ്പരം പോരടിക്കാന്‍ സമുദായങ്ങളെ ബിജെപി അവര്‍ ചെയ്യുന്നത്. ഇതില്‍നിന്ന് സര്‍ക്കാര്‍ പിന്മാറണം. ‘തെറ്റായ പരസ്യവും തെറ്റിദ്ധരിപ്പിക്കുന്ന പ്രചാരണവും’ മാത്രമാണ് ഇന്ന് സംസ്ഥാന സര്‍ക്കാര്‍ ചെയ്യുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
അടുത്തിടെ 15 കോടി ആളുകള്‍ക്ക് തൊഴില്‍ നല്‍കിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി ഒരു പരിപാടിയില്‍ പ്രഖ്യാപിച്ചിരുന്നു. സംസ്ഥാനത്തെ ജനസംഖ്യ 24 കോടിയാണെന്നും 15 കോടി തൊഴിലവസരങ്ങള്‍ ഇവിടെയില്ലെന്നും അഖിലേഷ് പറഞ്ഞു. രണ്ട് വര്‍ഷം മുമ്പ് ലഖ്നൗവില്‍ നടന്ന നിക്ഷേപക ഉച്ചകോടിയില്‍ ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ അഞ്ച് ലക്ഷം കോടി രൂപയുടെ നിക്ഷേപം ആകര്‍ഷിച്ചുവെന്ന വാദത്തെയും അദ്ദേഹം ചോദ്യം ചെയ്തു. എസ്പി ഭരണകാലത്ത് അന്തിമരൂപം നല്‍കിയിട്ടുള്ളതൊഴികെ പുതിയ നിക്ഷേപം നേടുന്നതില്‍ ബിജെപി സര്‍ക്കാര്‍ പരാജയപ്പെട്ടുവെന്നതാണ് വസ്തുത. പ്രതിരോധ ഇടനാഴിയുമായി സര്‍ക്കാരുമായി ധാരണാപത്രത്തില്‍ ഒപ്പുവെച്ച കമ്പനികള്‍ തങ്ങളുടെ കരാര്‍ റദ്ദാക്കിയതെങ്ങനെയെന്ന് അടുത്തിടെ ഒരു വാര്‍ത്ത ഉണ്ടായിരുന്നുവെന്നും അഖിലേഷ് പറഞ്ഞു.