അഞ്ച് ഓഡിയോ ഉല്‍പ്പന്നങ്ങളുമായി ഐവ വീണ്ടും ഇന്ത്യയില്‍
ആമസോണിലും രാജ്യത്തെ അഞ്ഞൂറോളം റിലയന്‍സ് ഡിജിറ്റല്‍, ജിയോ സ്‌റ്റോറുകളിലും ലഭിക്കും
ജാപ്പനീസ് കണ്‍സ്യൂമര്‍ ഇലക്ട്രോണിക്‌സ് ബ്രാന്‍ഡായ ഐവ ഇന്ത്യന്‍ വിപണിയില്‍ തിരികെ പ്രവേശിച്ചു. അഞ്ച് ഓഡിയോ ഉല്‍പ്പന്നങ്ങള്‍ പുറത്തിറക്കിയാണ് കമ്പനി തിരിച്ചുവരവ് ആഘോഷിക്കുന്നത്. ഇഎസ്ടിഎം 101 വയേര്‍ഡ് പ്രീമിയം സ്റ്റീരിയോ ഇന്‍ ഇയര്‍ ഇയര്‍ഫോണുകള്‍ (699 രൂപ), ഇഎസ്ബിടി 401 അള്‍ട്രാലൈറ്റ് നെക്ക്ബാന്‍ഡ് (1,499 രൂപ), എടി എക്‌സ്80ഇ ടിഡബ്ല്യുഎസ് (1,999 രൂപ), ഇഎസ്ബിടി 460 ക്വാഡ് ഡ്രൈവര്‍ നെക്ക്ബാന്‍ഡ് (2,999 രൂപ), എടി 80എക്‌സ്എഫ് എഎന്‍സി ടിഡബ്ല്യുഎസ് (7,999 രൂപ) എന്നീ ഉല്‍പ്പന്നങ്ങളാണ് അവതരിപ്പിച്ചത്. ആമസോണിലും രാജ്യത്തെ അഞ്ഞൂറോളം റിലയന്‍സ് ഡിജിറ്റല്‍, ജിയോ സ്‌റ്റോറുകളിലും എല്ലാ ട്രൂലി വയര്‍ലെസ്, നെക്ക്ബാന്‍ഡ് വയര്‍ലെസ്, സ്റ്റീരിയോ ഇയര്‍ഫോണുകള്‍ ലഭിക്കുമെന്ന് കമ്പനി അറിയിച്ചു. അടുത്തയാഴ്ച്ച വില്‍പ്പന ആരംഭിക്കും.
ട്രൂലി വയര്‍ലെസ് ഇയര്‍ബഡുകളാണ് അഞ്ച് ഉല്‍പ്പന്നങ്ങളില്‍ ഏറ്റവും പ്രീമിയം മോഡലായ ഐവ എടി 80എക്‌സ്എഫ് എഎന്‍സി. വൈറ്റ്, ബ്ലാക്ക് എന്നീ കളര്‍ ഓപ്ഷനുകളില്‍ ലഭിക്കും. പേര് സൂചിപ്പിക്കുന്നതുപോലെ, ആക്റ്റീവ് നോയ്‌സ് കാന്‍സലേഷന്‍ (എഎന്‍സി) ഫീച്ചര്‍ ലഭിച്ചു. പത്ത് മീറ്ററാണ് പ്രക്ഷേപണ പരിധി. 23 മുതല്‍ 25 ഡെസിബെല്‍ വരെ ശബ്ദശല്യങ്ങള്‍ കുറയ്ക്കും. ബ്ലൂടൂത്ത് 5.0, കോളുകള്‍ക്കായി ബില്‍റ്റ് ഇന്‍ മൈക്ക്, ഓട്ടോമാറ്റിക് പെയറിംഗ്, 16 മണിക്കൂര്‍ വരെ ബാറ്ററി ചാര്‍ജ് (ചാര്‍ജിംഗ് കേസ്, എഎന്‍സി ഓണ്‍ സഹിതം) എന്നിവ ഫീച്ചറുകളാണ്.
പ്രീമിയം നെക്ക്ബാന്‍ഡ് ഇയര്‍ഫോണുകളുടെ വിഭാഗത്തിലാണ് ഐവ ഇഎസ്ബിടി 460 ക്വാഡ് ഡ്രൈവര്‍ നെക്ക്ബാന്‍ഡ് വയര്‍ലെസ് ഇയര്‍ഫോണുകള്‍ക്ക് സ്ഥാനം. ബ്ലാക്ക് കളര്‍ ഓപ്ഷനില്‍ മാത്രം ലഭിക്കും. 8 എംഎം ക്വാഡ് സ്പീക്കര്‍ ഡ്രൈവര്‍ സാങ്കേതികവിദ്യ ലഭിച്ചതാണ് ഇയര്‍ബഡുകള്‍. വളരെ സവിശേഷമായ ഫീച്ചര്‍ സഹിതമാണ് ഈ നെക്ക്ബാന്‍ഡ് ഇയര്‍ഫോണുകള്‍ വരുന്നത്. മൈക്രോഎസ്ഡി കാര്‍ഡ് സ്ലോട്ട് നല്‍കിയതിനാല്‍ ഓണ്‍ ദ ഗോയില്‍ ഇഷ്ടപ്പെട്ട പാട്ടുകള്‍ സ്‌റ്റോര്‍ ചെയ്യാനും പ്ലേ ചെയ്യാനും സാധിക്കും. പത്ത് മീറ്റര്‍ ബ്ലൂടൂത്ത് പരിധി, ഹൈപ്പര്‍ ബാസ്, കോളുകള്‍ വരുമ്പോള്‍ വൈബ്രേഷന്‍, 15 മണിക്കൂര്‍ വരെ ബാറ്ററി ചാര്‍ജ് എന്നിവ മറ്റ് ഫീച്ചറുകളാണ്.
ബജറ്റ് വിലയില്‍ ട്രൂലി വയര്‍ലെസ് ഓഡിയോ അനുഭവം സമ്മാനിക്കുന്നതാണ് ഐവ എടി എക്‌സ്80ഇ. ബ്ലാക്ക്, വൈറ്റ് എന്നീ കളര്‍ ഓപ്ഷനുകളില്‍ ലഭിക്കും. ബാറ്ററി ചാര്‍ജ് സൂചിപ്പിക്കുന്നതിന് എല്‍ഇഡി ഡിസ്‌പ്ലേ ലഭിച്ച കൂട് സഹിതമാണ് ഇയര്‍ബഡുകള്‍ വരുന്നത്. ബ്ലൂടൂത്ത് 5.1 വഴി ഹൈ ഡെഫിനിഷന്‍ ശബ്ദ നിലവാരം, പത്ത് മീറ്റര്‍ പ്രക്ഷേപണ പരിധി, ആറ് മണിക്കൂര്‍ ബാറ്ററി ചാര്‍ജ് എന്നിവ സവിശേഷതകളാണ്. 90 മിനിറ്റിനുള്ളില്‍ ബാറ്ററി പൂര്‍ണമായി ചാര്‍ജ് ചെയ്യാന്‍ കഴിയും.
അള്‍ട്രാലൈറ്റ് നെക്ക്ബാന്‍ഡ് വയര്‍ലെസ് ഇയര്‍ഫോണാണ് ഐവ ഇഎസ്ബിടി 401. ഇഎസ്ബിടി 460 പോലെ, ചെവികളില്‍ ഇയര്‍ബഡുകള്‍ പിടിച്ചുനിര്‍ത്തുന്നതിന് ഹുക്കുകള്‍ നല്‍കിയിരിക്കുന്നു. ബ്ലാക്ക് കളര്‍ ഓപ്ഷനില്‍ ലഭിക്കും. ഐപിഎക്‌സ്5 ജല പ്രതിരോധം, ബ്ലൂടൂത്ത് 5.0, ഹൈപ്പര്‍ ബാസ് ശബ്ദം, 8 മണിക്കൂര്‍ വരെ ബാറ്ററി ചാര്‍ജ് എന്നിവ ഫീച്ചറുകളാണ്. ചാര്‍ജിംഗ് ആവശ്യങ്ങള്‍ക്ക് മൈക്രോ യുഎസ്ബി പോര്‍ട്ട് നല്‍കിയിരിക്കുന്നു.
3.5 എംഎം മെറ്റല്‍ സിഎന്‍സി ഹൗസിംഗ്, 10 എംഎം നിയോഡൈനിയം ഓഡിയോ ഡ്രൈവറുകള്‍ എന്നിവയോടെയാണ് ഇഎസ്ടിഎം 101 ഇന്‍ ഇയര്‍ ഇയര്‍ഫോണുകള്‍ വരുന്നത്. ബ്ലാക്ക് കളര്‍ ഓപ്ഷനില്‍ മാത്രം ലഭിക്കും. 20 ഗ്രാം മാത്രമാണ് ഭാരം. 1.2 മീറ്ററാണ് വയര്‍ നീളം. 20 ഹെര്‍ട്‌സ് മുതല്‍ 20 കിലോഹെര്‍ട്‌സ് വരെ ഫ്രീക്വന്‍സി റേഞ്ച് ലഭിച്ചു.
മുമ്പത്തേതില്‍നിന്ന് വ്യത്യസ്തമായി ഇപ്പോള്‍ കമ്പനി നേരിട്ടാണ് ഇന്ത്യയില്‍ വില്‍പ്പന നടത്തുന്നത്. ഇതിനായി ന്യൂഡെല്‍ഹിയില്‍ റീജ്യണല്‍ ഹെഡ്ക്വാര്‍ട്ടേഴ്‌സ് (ആര്‍എച്ച്ക്യു) പ്രവര്‍ത്തനമാരംഭിച്ചു. ഹൈഫൈ സ്പീക്കറുകള്‍, ടെലിവിഷനുകള്‍, എയര്‍ പ്യുരിഫൈറുകള്‍ തുടങ്ങിയ ഉല്‍പ്പന്നങ്ങള്‍ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കുമെന്ന് കമ്പനി അറിയിച്ചു.