നടപ്പു സാമ്പത്തിക വര്‍ഷം എയര്‍ ഇന്ത്യയുടെ നഷ്ടം 10,000 കോടിയില്‍ എത്തും
1 min readഎയര്‍ ഇന്ത്യ വില്‍പ്പന പൂര്‍ത്തിയാക്കാന്‍ സര്‍ക്കാര്‍ തയാറെടുക്കുന്ന സാഹചര്യത്തില്‍ റെക്കോര്‍ഡ് നഷ്ടം രേഖപ്പെടുത്തുന്നത് എയര്‍ ഇന്ത്യയുടെ മൂല്യനിര്‍ണയത്തെ ബാധിക്കും
ന്യൂഡെല്‍ഹി: ദേശീയ വിമാനക്കമ്പനിയായ എയര്‍ ഇന്ത്യ ഈ സാമ്പത്തിക വര്‍ഷം 9,500 മുതല്‍ 10,000 കോടി രൂപ വരെ നഷ്ടം രേഖപ്പെടുത്തുമെന്ന് കണക്കാക്കുന്നതായി റിപ്പോര്‍ട്ട്. 2007ല്‍ ഇന്ത്യന്‍ എയര്‍ലൈന്‍സുമായി കമ്പനിയെ ലയിപ്പിച്ചതിനുശേഷമുള്ള ഏറ്റവും ഉയര്‍ന്ന വാര്‍ഷിക നഷ്ടമാണ് ഇത്. കോവിഡ് -19 മഹാമാരി എല്ലാ എയര്‍ലൈനുകളുടെയും വരുമാനത്തെ ബാധിച്ചിരുന്നു. ഇത് പൊതുവില്‍ തകര്‍ച്ചയില്‍ ആയിരുന്ന എയര്‍ ഇന്ത്യയുടെ സ്ഥിതി കൂടുതല്‍ വഷളാക്കി. മൊത്തം 8,000 കോടി രൂപയുടെ നഷ്ടമാണ് പണ വിഭാഗത്തിലുള്ളതെന്നും ബാക്കിയുള്ളത് തേയ്മാന ചെലവുകള്‍ മൂലമാണെന്നും എയര്‍ ഇന്ത്യ ഉദ്യോഗസ്ഥര്‍ മാധ്യമങ്ങളോട് വെളിപ്പെടുത്തിയിട്ടുണ്ട്.
അടുത്ത സാമ്പത്തിക വര്‍ഷത്തില്‍ എയര്‍ ഇന്ത്യ വില്‍പ്പന പൂര്‍ത്തിയാക്കാന്‍ സര്‍ക്കാര്‍ തയാറെടുക്കുന്ന സാഹചര്യത്തില്‍ റെക്കോര്‍ഡ് നഷ്ടം രേഖപ്പെടുത്തുന്നത് എയര്‍ ഇന്ത്യയുടെ മൂല്യനിര്‍ണയത്തെ ബാധിക്കും. എയര്‍ ഇന്ത്യ 2019-20ല്‍ 8,000 കോടി രൂപയുടെ നഷ്ടമാണ് രേഖപ്പെടുത്തിയിരുന്നത്, 2018-19ല്‍ രേഖപ്പെടുത്തിയ 8,500 കോടി രൂപയേക്കാള്‍ കുറവായിരുന്നു ഇത്. എന്നാല്‍ 2017-18ല്‍ 5,300 കോടി രൂപയുടെ നഷ്ടമാണ് ഉണ്ടായിരുന്നത്.
നഷ്ടം നികത്തുന്നതിനും പ്രവര്‍ത്തനച്ചെലവുകള്‍ക്കുമായി എയര്‍ ഇന്ത്യ വിവിധ മാര്‍ഗങ്ങളിലൂടെ പണം സ്വരൂപിക്കുന്നതിനുള്ള മാര്‍ഗം ആരാഞ്ഞിരുന്നു. നടപ്പ് സാമ്പത്തിക വര്‍ഷത്തില്‍ ദേശീയ ചെറുകിട സമ്പാദ്യ ഫണ്ടുകള്‍ (എന്‍എസ്എസ്എഫ്) വഴി 5,000 കോടി രൂപയും മൂന്ന് ബാങ്കുകളില്‍ നിന്നായി 1,000 കോടി രൂപയും സമാഹരിക്കാനാണ് പദ്ധതി. എന്‍എസ്എസ്എഫില്‍ നിന്ന് 4,000 കോടി രൂപ ഇതിനകം ലഭിച്ചു, ബാക്കി 1,000 കോടി രൂപ ഈ സാമ്പത്തിക വര്‍ഷം അവസാനത്തോടെ എത്തും.
എയര്‍ ഇന്ത്യ ഏറ്റെടുക്കുന്നതിന് വിവിധ കമ്പനികളില്‍ നിന്ന് പ്രാരംഭ താല്‍പ്പര്യ പത്രം സര്‍ക്കാരിന് ലഭിച്ചിട്ടുണ്ട്. ഇവ പരിശോധിച്ച് ലേല പ്രക്രിയയുടെ രണ്ടാം ഘട്ടത്തിനായി കമ്പനികളുടെ പട്ടിക തയാറാക്കുന്ന പ്രക്രിയ പുരോഗമിക്കുകയാണ്. ടാറ്റാ ഗ്രൂപ്പാണ് എയര്‍ഇന്ത്യയെ ഏറ്റെടുക്കുന്നതിനുള്ള ശ്രമങ്ങളില്‍ ഏറ്റവും ഗൗരവപൂര്‍ണമായ സമീപനം കൈക്കൊള്ളുന്നതെന്നാണ് വിലയിരുത്തുന്നത്.
2018 ല്‍ എയര്‍ ഇന്ത്യയുടെ 76% ഓഹരി വില്‍ക്കുന്നതിനുള്ള സര്‍ക്കാരിന്റെ ശ്രമങ്ങള്‍ പരാജയപ്പെട്ടിരുന്നു. ഇതേ തുടര്‍ന്നാണ്. കമ്പനിയുടെ 100% ഓഹരികളും ഒപ്പം ഉപകമ്പനികളായ എയര്‍ ഇന്ത്യ എക്‌സ്പ്രസും എഐഎസ്എടിഎസും വില്‍ക്കുന്നതിന് സര്‍ക്കാര്‍ തീരുമാനമെടുത്തത്.