തമിഴകത്ത് വാഗ്ദാനപ്പെരുമഴ തീര്‍ത്ത് ഭരണപക്ഷം
ചെന്നൈ: തമിഴ്നാട് രാഷ്ട്രീയത്തില്‍ പ്രതിപക്ഷത്തിന്‍റെ മുന്‍തൂക്കം ഇല്ലാതാക്കാനാണ് വാഗ്ദാനപ്പെരുമഴയുമായി ഭരണകക്ഷിയായ എഐഎഡിഎംകെ രംഗത്തുവന്നിരിക്കുന്നതെന്ന് രാഷ്ട്രീയ നിരീക്ഷകര്‍. ഭരണകക്ഷി കഴിഞ്ഞദിവസം അവതരിപ്പിച്ച തെരഞ്ഞെടുപ്പ് പ്രകടന പത്രികയിലാണ് ഡിഎംകെയെ വെല്ലുന്ന വാഗ്ദാനങ്ങള്‍ നിരത്തിയിട്ടുള്ളത്. അതില്‍ വളരെ പ്രധാനമായുള്ള ഒന്ന് സംസ്ഥാനത്തെ എല്ലാ കുടുംബങ്ങളിലും ഒരാള്‍ക്കെങ്കിലും സര്‍ക്കാര്‍ ജോലി വാഗ്ദാനം ചെയ്യുന്നു എന്നതാണ്. ഈ കൊറോണക്കാലത്ത് പൊതുവെ തൊഴിലില്ലായ്മ ഭീഷണി സൃഷ്ടിക്കുന്ന സാഹചര്യത്തില്‍ ഈ വാഗ്ദാനം യുവതലമുറയെ പിടിച്ചുനിര്‍ത്താനാണെന്ന് ഉറപ്പാണ്. മറുപക്ഷത്ത് തെരഞ്ഞെടുപ്പ് തതന്ത്രജ്ഞന്‍ പ്രശാന്ത് കിഷോറിന്‍റെ നിര്‍ദേശാനുസരണം കളം ആടിത്തീര്‍ക്കുകയാണ് ഡിഎംകെ നേതാവ് സ്റ്റാലിന്‍. എല്ലാവര്‍ക്കും ‘അമ്മ’ വീടുകള്‍, ഓരോ കുടുംബത്തിനും പ്രതിവര്‍ഷം ആറ് സൗജന്യ എല്‍പിജി സിലിണ്ടറുകള്‍ എന്നിവയും പ്രകടനപത്രികയിലെ പ്രധാന ആകര്‍ഷണങ്ങളാണ്.
ഇതുകൊണ്ടൊന്നും വാഗ്ദാനങ്ങള്‍ നിലയ്ക്കുന്നില്ല. ഓരോ കുടുംബത്തിനും ‘അമ്മ’ വാഷിംഗ് മെഷീനുകളും സോളാര്‍ ഗ്യാസ് സ്റ്റൗകളും നല്‍കുമെന്ന് പാര്‍ട്ടി പ്രകടന പത്രിക വാഗ്ദാനം ചെയ്യുന്നുണ്ട്. തമിഴന്‍റെ പ്രദേശികമായ പ്രതിപത്തിയെ കണക്കിലെടുത്ത് മദ്രാസ് ഹൈക്കോടതിയുടെ പേര് തമിഴ്നാട് ഹൈക്കോടതി എന്ന് മാറ്റാനും നിര്‍ദേശമുണ്ട. ശ്രീലങ്കന്‍ അഭയാര്‍ഥികള്‍ക്ക് ഇരട്ട പൗരത്വം നല്‍കാനും രാജീവ് ഗാന്ധി വധക്കേസിലെ ഏഴ് പ്രതികളെ വിട്ടയക്കുമെന്നും പത്രികയില്‍ പറയുന്നു. ചതുരുക്കത്തില്‍ സ്റ്റാലിന്‍ പുതിയ പ്രതിച്ഛായ സംസ്ഥാനത്ത് സൃഷ്ടിച്ച് മുന്നേറിവന്ന സാഹചര്യത്തിലാണ് എടപ്പാടി പളനിസ്വാമിയും കൂട്ടരും പ്രകടന പത്രിക അവതരിപ്പിച്ചത്.
അധികാരം നല്‍കിയാല്‍ എഐഎഡിഎംകെ വിദ്യാഭ്യാസ വായ്പകള്‍ എഴുതിത്തള്ളുമെന്നും ഇന്ധനവില കുറയ്ക്കുമെന്നും ജനങ്ങള്‍ക്ക് ഉറപ്പുനല്‍കുന്നു. ഒന്നും രണ്ടുമല്ല 164 വാഗ്ദാനങ്ങളാണ് പാര്‍ട്ടി ജനങ്ങള്‍ക്കുമുമ്പില്‍ സമര്‍പ്പിച്ചിരിക്കുന്നത്. കുടുംബങ്ങളുടെ പടിവാതില്‍ക്കല്‍ റേഷന്‍ സാധനങ്ങള്‍ എത്തിക്കാനുള്ള സംവിധാനം സര്‍ക്കാര്‍ നടപ്പാക്കും. ഭിന്നശേഷിക്കാര്‍ക്കുള്ള പെന്‍ഷന്‍ വര്‍ധിപ്പിക്കുകയും ജൈവകൃഷി ഗവേഷണ കേന്ദ്രം സ്ഥാപിക്കുകയും ചെയ്യുമെന്നും പാര്‍ട്ടി പ്രഖ്യാപിക്കുന്നു.പ്രസവാവധി ഒരു വര്‍ഷത്തേക്ക് ദീര്‍ഘിപ്പിക്കും. എല്ലാ മതങ്ങളുടെയും ആരാധനാലയങ്ങള്‍ നവീകരിക്കും, ഹജ്ജ് തീര്‍ത്ഥാടനത്തിനും ജറുസലേം സന്ദര്‍ശിക്കുന്നതിനുമുള്ള സഹായം വര്‍ധിപ്പിക്കും എന്നിവ മറ്റ് ചില വാഗ്ദാനങ്ങളാണ്.
ഇത് എല്ലാവിഭാഗം ജനങ്ങളെയും ഒപ്പം നിര്‍ത്താന്‍വേണ്ടി മാത്രം തയ്യാറാക്കിയ പ്രകടനപത്രികയാണ്. സംസ്ഥാനത്ത് ഭരണപക്ഷത്തിന്‍റെ നില അപകടകരമാണെന്ന് അവര്‍തന്നെ തിരിച്ചറിയുന്ന വേളയിലാണ് ഇത്തരം വാഗ്ദാനപ്പെരുമഴ ഉണ്ടാകുന്നത്. ഇവ ജനങ്ങള്‍ ഏതുരീതിയില്‍ സ്വീകരിക്കുന്നു എന്നതിനെ അടിസ്ഥാനമാക്കിയാകും എഐഎഡിഎംകെയുടെ മുന്നറ്റം ഉണ്ടാകുക. ഇതിനെ ശക്തമായ രീതിയില്‍ ഇനി ഡിഎംകെ പ്രതിരോധിക്കേണ്ടതുണ്ട്. വരും ദിവസങ്ങളില്‍ അങ്കം കൊഴുക്കും എന്നാണ് ഇതില്‍നിന്നുമനസിലാകുക.