കൃഷിയാണ് മനുഷ്യ നാഗരികതയുടെ കാതലെന്ന് പ്രധാനമന്ത്രി
ന്യൂഡൽഹി : പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് വീഡിയോ സന്ദേശത്തിലൂടെ ജി20 കാർഷിക മന്ത്രിമാരുടെ യോഗത്തെ അഭിസംബോധന ചെയ്തു. സമ്മേളനത്തെ അഭിസംബോധന ചെയ്യവേ, എല്ലാ വിശിഷ്ടാതിഥികളെയും ഇന്ത്യയിലേക്കു സ്വാഗതം ചെയ്ത പ്രധാനമന്ത്രി, കൃഷിയാണ് മനുഷ്യ നാഗരികതയുടെ കാതലെന്ന് അഭിപ്രായപ്പെട്ടു. ഒരു കൃഷി മന്ത്രിയുടെ ഉത്തരവാദിത്വങ്ങൾ സമ്പദ്‌വ്യവസ്ഥയുടെ ഒരു മേഖല കൈകാര്യം ചെയ്യുന്നതിൽ മാത്രമല്ല; മറിച്ച്, മാനവികതയുടെ ഭാവി സുരക്ഷിതമാക്കുന്നതിലേക്കും വ്യാപിക്കുന്നുവെന്നും അദ്ദേഹം പരാമർശിച്ചു. ആഗോളതലത്തിൽ 250 കോടിയിലധികം പേരുടെ ഉപജീവനമാർഗമാണു കൃഷി. ജിഡിപിയുടെ ഏകദേശം 30 ശതമാനവും ഗ്ലോബൽ സൗത്ത് മേഖലയിൽ 60 ശതമാനത്തിലധികം തൊഴിലവസരങ്ങളും കൃഷിയിൽ നിന്നാണ് – പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. ഗ്ലോബൽ സൗത്ത് ഇന്ന് നേരിടുന്ന വെല്ലുവിളികൾക്ക് അടിവരയിട്ട്, പകർച്ചവ്യാധിയുടെ ആഘാതവും പ്രതിസന്ധിയിലായ ഭൗമരാഷ്ട്രീയ സംഘർഷവും വിതരണ ശൃംഖലയെ തടസപ്പെടുത്തുന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു. കാലാവസ്ഥാ വ്യതിയാനം കാലാവസ്ഥയിൽ ആഴത്തിലുള്ള പ്രത്യാഘാതങ്ങൾക്കു കാരണമാകുന്നുവെന്നും അദ്ദേഹം പറഞ്ഞു.
കാർഷിക മേഖലയിൽ ഇന്ത്യയുടെ സംഭാവനകളിലേക്ക് വെളിച്ചം വീശിയ പ്രധാനമന്ത്രി, ‘അടിസ്ഥാനത്തിലേക്കു മടങ്ങലും’ ‘ഭാവിയിലേക്കുള്ള യാത്ര’യും സംയോജിപ്പിക്കാനുള്ള ഇന്ത്യയുടെ നയത്തെ ഉയർത്തിക്കാട്ടി. ഇന്ത്യ പ്രകൃതിദത്ത കൃഷിയും സാങ്കേതികവിദ്യാധിഷ്ഠിത കൃഷിയും പ്രോത്സാഹിപ്പിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. “ഇന്ത്യയിലുടനീളമുള്ള കർഷകർ ഇപ്പോൾ പ്രകൃതിദത്ത കൃഷി ഏറ്റെടുക്കുകയാണ്” – പ്രധാനമന്ത്രി പറഞ്ഞു. അവർ കൃത്രിമ രാസവളങ്ങളോ കീടനാശിനികളോ ഉപയോഗിക്കുന്നില്ല. ഭൂമി മാതാവിനെ പുനരുജ്ജീവിപ്പിക്കൽ, മണ്ണിന്റെ ആരോഗ്യം സംരക്ഷിക്കൽ, ‘ഓരോ തുള്ളിയിലും കൂടുതൽ വിളവ്’ ഉൽപ്പാദിപ്പിക്കൽ, ജൈവ വളങ്ങളും കീടനിയന്ത്രണ പരിഹാരങ്ങളും പ്രോത്സാഹിപ്പിക്കൽ എന്നിവയിലാണ് അവരുടെ ശ്രദ്ധയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതേസമയം, ഉൽപ്പാദനക്ഷമത വർധിപ്പിക്കാൻ നമ്മുടെ കർഷകർ സാങ്കേതിക വിദ്യ സജീവമായി ഉപയോഗിക്കുന്നുണ്ട്. കൃഷിയിടങ്ങളിൽ സൗരോർജം ഉൽപ്പാദിപ്പിക്കുകയും ഉപയോഗിക്കുകയും ചെയ്യുന്നു. വിളകളുടെ തിരഞ്ഞെടുപ്പ് മെച്ചപ്പെടുത്താൻ സോയിൽ ഹെൽത്ത് കാർഡുകൾ ഉപയോഗിക്കുന്നതും പോഷകങ്ങൾ തളിക്കുന്നതിനും വിളകൾ നിരീക്ഷിക്കുന്നതിനും ഡ്രോണുകൾ ഉപയോഗിക്കുന്നതും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. കാർഷിക മേഖലയിലെ നിരവധി പ്രശ്നങ്ങൾ പരിഹരിക്കാനുള്ള ഏറ്റവും നല്ല മാർഗമാണ് ഈ ‘സംയോജിത സമീപനം’ എന്ന് ശ്രീ മോദി പ്രത്യാശ പ്രകടിപ്പിച്ചു.
2023 അന്താരാഷ്ട്ര ചെറുധാന്യ വർഷമായി ആചരിക്കുന്നുവെന്ന് സൂചിപ്പിച്ച പ്രധാനമന്ത്രി, ചെറുധാന്യം അഥവാ ശ്രീ അന്ന അടിസ്ഥാനമാക്കി നിരവധി ഭക്ഷ്യവിഭവങ്ങൾ തയ്യാറാക്കുന്നതിനാൽ വിശിഷ്ടാതിഥികൾക്ക് ഹൈദരാബാദിലെ അവരുടെ ഭക്ഷണപ്പാത്രങ്ങളിൽ അതിന്റെ പ്രതിഫലനം കണ്ടെത്താനാകുമെന്നും ചൂണ്ടിക്കാട്ടി. ഈ സൂപ്പർഫുഡുകൾക്ക് ആരോഗ്യകരമായ ഭക്ഷ്യവിഭവങ്ങൾ എന്ന സവിശേഷത മാത്രമല്ല ഉള്ളത്. കുറച്ചു വെള്ളം മാത്രം ഉപയോഗിക്കുന്നതിനാലും വളം കുറച്ചുമാത്രം ആവശ്യമുള്ളതിനാലും കൂടുതൽ കീടങ്ങളെ പ്രതിരോധിക്കുന്നതിലൂടെയും നമ്മുടെ കർഷകരുടെ വരുമാനം ഉയർത്താൻ അവ സഹായിക്കുന്നു – ശ്രീ മോദി പറഞ്ഞു. ചെറുധാന്യങ്ങളുടെ ചരിത്രത്തിലേക്കു വിരൽ ചൂണ്ടിയ പ്രധാനമന്ത്രി, അവ ആയിരക്കണക്കിന് വർഷങ്ങളായി കൃഷിചെയ്യുന്നുണ്ടെന്നും എന്നാൽ വിപണിയുടെയും വിപണനത്തിന്റെയും സ്വാധീനത്താൽ, പരമ്പരാഗത ഭക്ഷ്യവിളകളുടെ മൂല്യം നഷ്ടപ്പെട്ടുവെന്നും പറഞ്ഞു. “നമുക്ക് ഇഷ്ടമുള്ള ഭക്ഷണമായി ശ്രീ അന്ന ചെറുധാന്യങ്ങൾ സ്വീകരിക്കാം” – ചെറുധാന്യങ്ങളിലെ മികച്ച സമ്പ്രദായങ്ങളും ഗവേഷണങ്ങളും സാങ്കേതികവിദ്യകളും പങ്കിടുന്നതിനായി ഇന്ത്യ ചെറുധാന്യ ഗവേഷണ സ്ഥാപനത്തെ മികവിന്റെ കേന്ദ്രമായി വികസിപ്പിക്കുകയാണെന്ന് ചൂണ്ടിക്കാട്ടി പ്രധാനമന്ത്രി പറഞ്ഞു.