ഗുജറാത്തില്‍ ബ്ലാക്ക് ഫംഗസിനെ സാംക്രമിക രോഗമായി പ്രഖ്യാപിച്ചു
1 min readകേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ ശുപാര്‍ശ കണക്കിലെടുത്താണ് നടപടി
ഗാന്ധിനഗര്‍: മ്യൂകോര്‍മൈകോസിസ് എന്ന ബ്ലാക്ക് ഫംഗസിനെ ഗുജറാത്ത് സര്‍ക്കാര്‍ സാംക്രമിക രോഗമായി പ്രഖ്യാപിച്ചു. ബ്ലാക്ക് ഫംഗസിനെ 1897ലെ പകര്‍ച്ചവ്യാധി നിയമത്തിന് കീഴില്‍ മുന്നറിയിപ്പ് നല്‍കേണ്ട രോഗമായി പരിഗണിക്കണമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കും നിര്‍ദ്ദേശം നല്‍കിയതിന് പിന്നാലെയാണ് നടപടി. കോവിഡ്-19 രോഗികളില്‍ ബ്ലാക്ക് ഫംഗസ് മൂലം ദീര്‍ഘകാല ആരോഗ്യ പ്രശ്‌നങ്ങളും മരണനിരക്കും ഉയരുന്നുവെന്നും സംസ്ഥാനങ്ങള്‍ക്ക് നല്‍കിയ ജാഗ്രത നിര്‍ദ്ദേശത്തില്‍ കേന്ദ്രം വ്യക്തമാക്കിയിരുന്നു.
മ്യൂകോര്‍മൈകോസിസ് പരിശോധനയ്ക്കും രോഗനിര്‍ണയത്തിനും ചികിത്സയ്ക്കുമായി ഐസിഎംആര്‍ പുറപ്പെടുവിച്ച മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പാലിക്കണമെന്നും കേന്ദ്രം സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ട്. സ്വകാര്യ ആശുപത്രികളും ഈ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പാലിക്കണം.
കേന്ദ്രത്തിന്റെ ശുപാര്‍ശ കണക്കിലെടുത്ത് ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപരാണിയുടെ നേതൃത്വത്തിലുള്ള കോര്‍ കമ്മിറ്റി യോഗം ചേരുകയും 1897ല പകര്‍ച്ചവ്യാധി നിയന്ത്രണ നിയമത്തിന് കീഴില്‍ ഈ ഫംഗസ് ബാധയെ പകര്‍ച്ചവ്യാധിയായി പ്രഖ്യാപിക്കുകയുമായിരുന്നു. ഇതുപ്രകാരം സംസ്ഥാനത്തെ എല്ലാ ആരോഗ്യ കേന്ദ്രങ്ങളും കോവിഡാനന്തര സങ്കീര്‍ണതകള്‍ സംശയിക്കുകയോ സ്ഥിരീകരിക്കുകയോ ചെയ്യുന്ന എല്ലാ കേസുകളും സംസ്ഥാന ആരോഗ്യവകുപ്പിനെ അറിയിക്കണം. എല്ലാ സര്‍ക്കാര്‍,സ്വകാര്യ മെഡിക്കല്‍ കൊളെജുകളും ആരോഗ്യ കേന്ദ്രങ്ങളും രോഗ പരിശോധനയ്ക്കും നിര്‍ണയത്തിനും മാനേജ്‌മെന്റിനും കേന്ദ്ര ആരോഗ്യ മന്ത്രാലയവും ഐസിഎംആറും പുറപ്പെടുവിക്കുന്ന മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ പാലിക്കണം.
സര്‍ക്കാര്‍ അറിയിപ്പ് പ്രകാരം, ബ്ലാക്ക് ഫംഗസ് ബാധ സംശയിക്കുന്നതും സ്ഥിരീകരിക്കുന്നതുമായ കേസുകള്‍ ജില്ലാതല മെഡിക്കല്‍ ഓഫീസര്‍മാര്‍ മുഖേനയും ഐഡിഎസ്പി (ഇന്റെഗ്രേറ്റഡ് ഡിസീസ് സര്‍വീലിയന്‍സ് പ്രോഗ്രാം) മുഖേനയും ആരോഗ്യ വകുപ്പിനെ അറിയിക്കേണ്ടത് നിര്‍ബന്ധമാണ്. കഴിഞ്ഞ ദിവസം രാജസ്ഥാനും മ്യൂകോര്‍മൈകോസിസിനെ പകര്‍ച്ചവ്യാധിയായി പ്രഖ്യാപിച്ചിരുന്നു.