താലിബാനെതിരായ ആക്രമണം രൂക്ഷമാക്കി അഫ്ഗാന്‍ സേന
കാബൂള്‍: താലിബാന്‍ ഭീകരര്‍ക്കെതിരായ ആക്രമണം രൂക്ഷമാക്കി അഫ്ഗാന്‍ സേന. രാജ്യത്തെ രണ്ട് പ്രവിശ്യകളിലായി 16 താലിബാന്‍ തീവ്രവാദികളെ കഴിഞ്ഞദിവസം സേന വധിച്ചു, എട്ടുപേരെ അറസ്റ്റ് ചെയ്യുകയും ചെയ്തതായി രാജ്യത്തെ പ്രതിരോധ മന്ത്രാലയം സ്ഥിരീകരിച്ചു. ഞായറാഴ്ച രാത്രി പ്രവിശ്യാ തലസ്ഥാനമായ കുണ്ടുസ് നഗരത്തിന്‍റെ പ്രാന്തപ്രദേശത്തുള്ള കോഷ് തപ ഗ്രാമത്തിലെ ഒളിത്താവളത്തില്‍ അഫ്ഗാന്‍ ആര്‍മി കമാന്‍ഡോകള്‍ റെയ്ഡ് നടത്തിയതിനെ തുടര്‍ന്ന് അഞ്ച് പേരെ താലിബാന്‍ പിടിയില്‍ നിന്ന് മോചിപ്പിച്ചതായി വാര്‍ത്താ ഏജന്‍സികള്‍ പറയുന്നു. ആര്‍മി കമാന്‍ഡോകള്‍ അര്‍ദ്ധരാത്രിയിലാണ് താലിബാന്‍ ഒളിത്താവളത്തില്‍ റെയ്ഡ് നടത്തിയത്. തുടര്‍ന്ന് അവിടെ ഏറ്റുമുട്ടലുണ്ടായി. സേന അതിശക്തമായി തിരിച്ചടിച്ചു. വെടിവയ്പില്‍ 12 താലിബാന്‍ തീവ്രവവാദികള്‍ കൊല്ലപ്പെട്ടു. എട്ട് പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു. മോചിതരായ ആളുകളെയും അറസ്റ്റുചെയ്ത തീവ്രവാദികളെയും സൈനിക ക്യാമ്പിലേക്ക് മാറ്റി.
റെയ്ഡിനിടെ താലിബാന്‍ ഒളിത്താവളം സേന നശിപ്പിക്കുകയും ആയുധങ്ങളും വെടിക്കോപ്പുകളും പിടിച്ചെടുക്കുകയും ചെയ്തു. ഹെല്‍മണ്ട് പ്രവിശ്യയില്‍ അഫ്ഗാന്‍ വ്യോമസേന താലിബാന്‍ താവളത്തില്‍ നടത്തിയ ബോംബാക്രമണത്തിലാണ് മറ്റ് നാല് തീവ്രവാദികള്‍ കൊല്ലപ്പെട്ടത്. ഇവിടെ രണ്ട്പേര്‍ക്ക് പരിക്കേറ്റു. അതേസമയം പ്രവിശ്യാ തലസ്ഥാനങ്ങള്‍, ജില്ലകള്‍, താവളങ്ങള്‍, ചെക്ക്പോസ്റ്റുകള്‍ എന്നിവയ്ക്കെതിരെ താലിബാനും ആക്രമണം ശക്തമാക്കിയിട്ടുണ്ട്. 20 വര്‍ഷത്തിനുശേഷം 2021 സെപ്റ്റംബര്‍ 11 നകം അമേരിക്കന്‍ സൈന്യം രാജ്യത്ത് നിന്ന് പിന്മാറുമെന്ന് യുഎസ് പ്രസിഡന്‍റ് ജോ ബൈഡന്‍ പ്രഖ്യാപിച്ചതിനുശേഷമാണ് അക്രമത്തില്‍ വര്‍ധനവ് ഉണ്ടായിരിക്കുന്നത്. സപ്പോര്‍ട്ട് ട്രെയിനിംഗ് മിഷനിലെ പതിനായിരത്തോളം നാറ്റോ സൈനികര്‍, യുഎസില്‍ നിന്നുള്ള 2,500 സൈനികരും ജര്‍മ്മനിയില്‍ നിന്നുള്ള 1,100 സൈനികരും ഉള്‍പ്പെടെ രണ്ട് വലിയ സൈനികര്‍ അഫ്ഗാന്‍ വിടുകയാണ്. പിന്മാറ്റം മെയ് ഒന്നിന് ആരംഭിച്ചു.