അദാനി എന്‍റര്‍പ്രൈസസിന്‍റെ വിപണി മൂല്യം 1 ട്രില്യണ്‍ രൂപയ്ക്ക് മുകളില്‍
1 min readഈ നാഴികക്കല്ല് പിന്നിടുന്ന മൂന്നാമത്തെ അദാനി ഗ്രൂപ്പ് കമ്പനിയാണ് അദാനി എന്‍റര്‍പ്രൈസസ്
മുംബൈ: ബോംബേ സ്റ്റോക്ക് എക്സ്ചേഞ്ചില്‍ ഒരു ട്രില്യണ്‍ രൂപയുടെ വിപണി മൂലധനമുള്ള (മാര്‍ക്കറ്റ് ക്യാപ്) കമ്പനികളുടെ എലൈറ്റ് ക്ലബ്ബിലേക്ക് അദാനി എന്‍റര്‍പ്രൈസസ്. ഇന്നലെ ഓഹരി വില 911 രൂപയിലേക്ക് ഉയര്‍ന്നതോടെയാണ് കമ്പനി ഈ നാഴികക്കല്ല് പിന്നിട്ടത് ഒരു ട്രില്യണ്‍ (ലക്ഷം കോടി) രൂപയുടെ വിപണി മൂലധനത്തോടെ, ഇന്നലെ രാവിലെ 11:58 ന്, അദാനി എന്‍റര്‍പ്രൈസസ് മൊത്തത്തിലുള്ള മാര്‍ക്കറ്റ് ക്യാപ് റാങ്കിംഗില്‍ 39-ാം സ്ഥാനത്താണെന്ന് ബിഎസ്ഇ ഡാറ്റ വ്യക്തമാക്കുന്നു.
അദാനി എന്‍റര്‍പ്രൈസസ് അദാനി ഗ്രൂപ്പിന്‍റെ മുന്‍നിര കമ്പനിയാണ്. കൂടാതെ നിലവില്‍ ശക്തമായ ബിസിനസുകളുടെ ഒരു പോര്‍ട്ട്ഫോളിയോ ഈ കമ്പനിക്കുണ്ട്. സോളാര്‍ പിവി നിര്‍മ്മാണം, എയര്‍പോര്‍ട്ട് മാനേജ്മെന്‍റ്, ടെക്നോളജി പാര്‍ക്കുകള്‍, വാട്ടര്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ എന്നീ മേഖലകളെ കേന്ദ്രീകരിച്ചാണ് കമ്പനിയുടെ അടുത്ത തലമുറ തന്ത്രപരമായ ബിസിനസ്സ് നിക്ഷേപം.
അദാനി ഗ്രീന്‍ എനര്‍ജി (1.85 ട്രില്യണ്‍ രൂപയുടെ വിപണി മൂലധനം), അദാനി പോര്‍ട്ട്സ് ആന്‍ഡ് സ്പെഷ്യല്‍ എക്ക്ണോമിക് സോണ്‍ (1.52 ട്രില്യണ്‍ രൂപ മാര്‍ക്കറ്റ് ക്യാപ്) എന്നിവയ്ക്ക് ശേഷം 1 ട്രില്യണ്‍ എം ക്യാപ് സ്വന്തമാക്കുന്ന മൂന്നാമത്തെ അദാനി ഗ്രൂപ്പ് കമ്പനിയാണ് അദാനി എന്‍റര്‍പ്രൈസസ്. അദാനി എന്‍റര്‍പ്രൈസസിന്‍റെ അനുബന്ധ സ്ഥാപനമായ അദാനി എയര്‍പോര്‍ട്ട്സ് മുംബൈ അന്താരാഷ്ട്ര വിമാനത്താവളത്തിലെ (മിയാല്‍) 23.5 ശതമാനം ഓഹരി ഏറ്റെടുക്കല്‍ കഴിഞ്ഞ മാസം പൂര്‍ത്തിയാക്കി.
ഛത്രപതി ശിവാജി മഹാരാജ് അന്താരാഷ്ട്ര വിമാനത്താവളത്തിന്‍റെ വികസനം, നിര്‍മ്മാണം, പ്രവര്‍ത്തനം എന്നിവയില്‍ മിയാല്‍ വ്യാപൃതനാണ്. അഹമ്മദാബാദ്, ലഖ്നൗ, മംഗളൂരു, ജയ്പൂര്‍, ഗുവാഹത്തി, തിരുവനന്തപുരം എന്നീ ആറ് വിമാനത്താവളങ്ങള്‍ നവീകരിക്കാനും പ്രവര്‍ത്തിപ്പിക്കാനുമുള്ള അധികാരവും അദാനി എയര്‍പോര്‍ട്ട്സ് നേടയിട്ടുണ്ട്.
ലോകമെമ്പാടുമുള്ള 30 വിപണികളില്‍ സാന്നിധ്യമുള്ള ആഗോള ഡാറ്റാ സെന്‍റര്‍ ഓപ്പറേറ്ററായ എഡ്ജ്കോണെക്സുമായി ചേര്‍ന്ന് 50:50 സംയുക്ത സംരംഭം ആരംഭിക്കുമെന്ന് ഇക്കഴിഞ്ഞ ഫെബ്രുവരി 23ന് അദാനി എന്‍റര്‍പ്രൈസസ് പ്രഖ്യാപിച്ചു. രണ്ട് പങ്കാളികളുടെയും വൈദഗ്ധ്യങ്ങളും ശേഷികളും പ്രയോജനപ്പെടുത്തി സംയുക്ത സംരംഭം ഇന്ത്യയിലുടനീളം ഡാറ്റാ സെന്‍ററുകള്‍ വികസിപ്പിക്കുകയും പ്രവര്‍ത്തിപ്പിക്കുകയും ചെയ്യുമെന്നാണ് റെഗുലേറ്ററി ഫയലിംഗില്‍ കമ്പനി വ്യക്തമാക്കിയിട്ടുള്ളത്.