ജൂലൈയോടെ അബുദാബി അന്താരാഷ്ട്ര യാത്രികര്‍ക്കുള്ള ക്വാറന്റീന്‍ അവസാനിപ്പിച്ചേക്കും
ഇന്ത്യ ഒഴികെ മറ്റ് രാജ്യങ്ങളില്‍ നിന്നുള്ള യാത്രക്കാരെ ക്വാറന്റീന്‍ നിയന്ത്രണങ്ങളില്‍ നിന്ന് ഒഴിവാക്കുമെന്നാണ് സൂചന
അബുദാബി: അബുദാബി അന്താരാഷ്ട്ര യാത്രികര്‍ക്കുള്ള ക്വാറന്റീന്‍ നിബന്ധനകള്‍ അവസാനിപ്പിക്കാന്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. ജൂലൈ ഒന്ന് മുതല്‍ എമിറേറ്റിലെത്തുന്ന എല്ലാ യാത്രികരെയും ക്വാറന്റീനില്‍ നിന്ന് ഒഴിവാക്കാന്‍ ആലോചിക്കുന്നതായി അബുദാബി ടൂറിസം വകുപ്പിലെ മുതിര്‍ന്ന ഉദ്യോഗസ്ഥനായ അലി അല്‍ ഷൈബ വ്യക്തമാക്കി. വ്യത്യസ്ത രീതിയിലുള്ള പ്രോട്ടോക്കോളിലൂടെ വിദേശ യാത്രികര്‍ക്കുള്ള ക്വാറന്റീന്‍ ഒഴിവാക്കാനാണ് ശ്രമം നടക്കുന്നത്.
ഇന്ത്യ ഒഴികെയുള്ള എല്ലാ രാജ്യങ്ങളില്‍ നിന്നുമുള്ള യാത്രക്കാര്‍ക്കുള്ള ക്വാറന്റീന്‍ നിബന്ധകള്‍ ജൂലൈ ഒന്നിന് അവസാനിക്കുമെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ജപ്പാന്‍, പോര്‍ച്ചുഗല്‍, റഷ്യ, സ്വിറ്റ്‌സര്‍ലന്‍ഡ്, യുകെ എന്നീ രാജ്യങ്ങള്‍ അടക്കം 23 രാജ്യങ്ങളെ ഇപ്പോള്‍ തന്നെ അബുദാബി ഗ്രീന്‍ ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഈ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് ക്വാറന്റീന്‍ ആവശ്യമില്ല. അതേസമയം അബുദാബി വിമാനത്താവളത്തില്‍ എത്തിയ ശേഷം ഇവര്‍ പിസിആര്‍ പരിശോധന നടത്തണം.
യുഎഇ പൗരന്മാരോ അബുദാബി നിവാസികളോ ആയ വാക്‌സിന്‍ എടുത്ത വ്യക്തികള്‍ക്കുള്ള ടെസ്റ്റിംഗ് മാനദണ്ഡങ്ങളില്‍ ഈ മാസം ആദ്യം അബുദാബി ഭേദഗതികള്‍ വരുത്തിയിരുന്നു. ഗ്രീന്‍ ലിസ്റ്റ് രാജ്യങ്ങളില്‍ നിന്നും എത്തുന്ന വാക്‌സിന്‍ എടുത്ത യുഎഇ പൗരന്മാരും നിവാസികളും രാജ്യത്തെത്തുന്ന ദിവസവും ആറാംദിവസവും പിസിആര്‍ പരിശോധന നടത്തണം. എന്നാല്‍ ഇവര്‍ക്ക് ക്വാറന്റീന്‍ ആവശ്യമില്ല. അതേസമയം ഗ്രീന്‍ ലിസ്റ്റില്‍ അല്ലാത്ത രാജ്യങ്ങളില്‍ നിന്നും എമിറേറ്റില്‍ എത്തുന്ന വാക്‌സിന്‍ എടുത്ത നിവാസികളും പൗരന്മാരും വിമാനത്താവളത്തില്‍ എത്തിയ ഉടന്‍ പിസിആര്‍ പരിശോധന നടത്തുകയും അഞ്ച് ദിവസം ക്വാറന്റീനില്‍ ഇരിക്കുകയും വേണം. ഇവര്‍ യുഎഇയിലെത്തി നാലാംനാളും പിസിആര്‍ പരിശോധന നടത്തണം.
ഗ്രീന്‍ ലിസ്റ്റ് രാജ്യങ്ങളില്‍ നിന്നുള്ള വാക്‌സിന്‍ എടുക്കാത്ത അബുദാബി പൗരന്മാരും നിവാസികളും വിമാനത്താവളത്തില്‍ എത്തിയതിന് ശേഷം പിസിആര്‍ പരിശോധന നടത്തണം. ഇവര്‍ക്ക് ക്വാറന്റീന്‍ ആവശ്യമില്ലെങ്കിലും രാജ്യത്തെത്തി ആറാം ദിവസവും പന്ത്രണ്ടാം ദിവസവും പിസിആര്‍ പരിശോധന നടത്തണം.